മൂന്ന് മിനികഥകൾ

1. ചികിത്സ
എഴുത്തുകാരനായ ഡോക്ടറുടെ ക്ലിനിക്കിലേക്ക് അപരിചിതനായൊരു കഥാകൃത്ത് ധൃതിവെച്ച് കടന്നുവന്നു.
'വായനശീലം ഇല്ലേലും സാറിനെ എനിക്കറിയാം.'
വന്നപാടെ അയാൾ പറഞ്ഞു.
'സാറൊന്ന് പറയു.
എഴുതുന്നവൻ അല്ലെങ്കിൽ വായിക്കുന്നത് എന്തിനാണ് സാർ?.
അതിന്റെ ആവശ്യമുണ്ടെന്ന് സാറിന് തോന്നുമെങ്കിലും എനിക്ക് തോന്നുന്നില്ല. എഴുത്തുകാരൻ
എഴുതിയാൽ പോരെ. അതുകൊണ്ട് പുസ്തകങ്ങൾ ഒന്നും വാങ്ങി പണം കളയുന്ന ഏർപ്പാട് എനിക്കില്ല. ഇനി ഞാൻ വന്ന കാര്യം പറയട്ടെ.
അത്യാവശ്യമായി സാറിനെ ക്കൊണ്ട് എനിക്കൊന്ന് കൺസൽറ്റ് ചെയ്യിപ്പിക്കണം.'
'എന്താണ് നിങ്ങളുടെ അസുഖം?.
പനിയൊ
തലവേദനയൊ
മലബന്ധമോ അതോ വേറെ വല്ലതുമാണോ?.
സിംറ്റംസ് എന്തൊക്കെയാണെന്ന് പറയു?.'
ഡോക്ടർ രോഗിയെ ഡയഗോണൈസ് ചെയ്യാൻ ഒരുങ്ങി.
'എന്റെ രോഗം അതൊന്നും അല്ല സാർ.'
തോൾ സഞ്ചിയിൽ നിന്നും മൂന്ന് കെട്ട് കടലാസുകൾ എടുത്ത് കഥാകൃത്ത് ഡോക്ടറുടെ മേശപ്പുറത്തേക്ക് ഇട്ടു.
'ഇതാണോ നിങ്ങളുടെ രോഗം?.'
ഡോക്ടർ ആശ്ചര്യപ്പെട്ടു.
'സർ പേടിക്കയൊന്നും വേണ്ട. ഇതിന്നകത്ത് ബോംബൊന്നുമല്ല ഉള്ളത്. ഞാൻ എഴുതിയ ഏതാനും ചെറുകഥകളും രണ്ട് നോവലുകളുമാണ്. വേണ്ടത്ര സമയമെടുത്ത് പ്രിസ്ക്രിപ്ഷൻ അനുസരിച്ച് സാർ ഇവയൊന്ന് ഓപ്പറേറ്റ് ചെയ്ത് മരുന്നിന് വേണ്ടത്ര അവതാരികളും ചേർത്ത് ജീവനോടെ എനിക്ക് മടക്കി തരണം. നോവലിൽ ഒരെണ്ണം മാതൃഭൂമിക്കും മറ്റൊന്ന് ദേശാഭിമാനിക്കും കഥകൾ ഡി.സി.ക്കും കൊടുക്കാനുള്ളതാണ്.'
മഹാനായ ഒരു എഴുത്തുകാരൻ എന്ന നിലയ്ക്ക് അങ്ങയ്ക്ക് മുമ്പിൽ എനിക്ക് ഒരു പരാതിയും ബോധിപ്പിക്കാനുണ്ട്. എഴുത്തിൽ ഇവിടെ കുറെ മാടമ്പിമാർ ഉണ്ടല്ലോ. അവരെ പ്പറ്റിയാണ്. അവർ എന്റെ കൃതികൾ വായിച്ച് കുളിർ കോരിയിടണം.'
കൺസൽട്ടിംഗ് ഫീയായി തടിച്ചൊരു കവർ കഥാകൃത്ത് ഡോക്ടറുടെ മേശപ്പുറത്ത് വെച്ചു.
രോഗങ്ങൾ പോയ പോക്കേ. ഡങ്കിപ്പനിയും തക്കാളിപ്പനിയും നീപ്പ യുമൊക്കെ ഭേദമാക്കാം. ഈ മഹാമാരി മാറ്റാൻ എന്താണ് മരുന്ന്?. അയാൾ പോയപ്പോൾ ഡോക്ടർ ചിന്തിച്ചിരുന്നുപോയി.
2. മകനും അച്ഛനും
വാക്കുകൊണ്ട് ധിക്കരിയ്ക്കുന്ന കല അഭ്യസിച്ച മകൻ ഒരു ദിവസം വാക്ക് ഉച്ചരിക്കാൻ പഠിപ്പിച്ച അച്ഛനോട് കയർത്തു.
'അച്ഛൻ ഇനി ഒരക്ഷരം ഈ വീടിനുള്ളിൽ മിണ്ടരുത്. കാര്യങ്ങൾ നോക്കി നടത്താനുള്ള കരുത്തും പ്രാപ്തിയും സിദ്ധിച്ച ഞാനാകും ഇനിമുതൽ ഈ വീടിന്റെ നാഥൻ. അച്ഛന് പ്രായം കൂടി കൂടി വരികയാണ്. അച്ഛൻ ഇനി ഒന്നിനും ബുദ്ധിമുട്ടണമെന്നില്ല.'
മൗനം അച്ഛൻ മകനെ നോക്കി.
മിണ്ടാനുള്ള തന്റെ കഴിവ് മകൻ കവർന്നെടുത്തതിൽ അച്ഛന് ദുഖം തോന്നിയില്ല.
ഒരു ദിവസം മകൻ അച്ഛനുനേരെ വിരൽ ചൂണ്ടി.
'അച്ഛൻ ഇനിമുതൽ ഈ വീടിനുള്ളിൽ നിന്നും പുറത്തേക്ക് ഇറങ്ങിപ്പോവരുത്. പറയുന്നത് കേട്ട്, അടങ്ങിയൊതുങ്ങി ഈ വീടിനുള്ളിൽ കഴിയണം.'
ലോകമെന്തെന്ന് മകനെ പഠിപ്പിച്ച അച്ഛനന്ന് മകന്റെ മുൻപിൽ ഒരു ലോക വിഡ്ഢിയായി മാറി.
അച്ഛൻ ഉറക്കമായപ്പോൾ അമ്മയെ തട്ടിയുണർത്തി മകൻ പറഞ്ഞു.
'അമ്മ ഇനി പേടിക്കണ്ട. അച്ഛൻ എന്റെ വരുതിയിലായിക്കഴിഞ്ഞു. ഞാനാണ് ഇനി മുതൽ ഈ വീടിന്റെ അധിപൻ.
അമ്മ ഉള്ളിൽ പറഞ്ഞു.
'അച്ഛന്റെ നാവടച്ച നി അപ്പോൾ എന്റെ വായ മൂടിക്കെട്ടുന്ന ദിവസം എന്നാണ് മകനെ വരിക.'
3. ചുവടുകൾ
സ്റ്റേജിൽ ആദ്യമെത്തിയ നർത്തകി അതിസുന്ദരിയായിരുന്നു. അവൾ തന്റെ നൃത്തം തുടർന്നു. ചുവടുകൾ പിഴയ്ക്കുമ്പോഴും ഭാവങ്ങൾ പാളുമ്പോഴും അതൊന്നും ശ്രദ്ധയിൽ പെടാതെ ആ മുഗ്ദസൗന്ദര്യത്തിലും ലാസ്യഭാവത്തിലും ലയിച്ച് കാണികൾ മതിമറന്നിരുന്നു.
അവളുടെ പ്രകടനം തീർന്നതും വലിയൊരു ഹർഷാരവം സദസ്സിൽ മുഴങ്ങി.
രണ്ടാമത്തെ നർത്തകി സ്റ്റേജിൽ വന്നത് കൂപ്പുകൈയ്യും സ്വതസിദ്ധമായ ഭാവാദികളുമായിട്ടാ യിരുന്നു.
കാഴ്ചയിൽ തീരെ സുന്ദരിയായിരുന്നില്ല അവൾ. നൃത്തത്തിൽ അവൾ അതി നിപുണയായിരുന്നു.
ഒരിടത്തും പിഴയ്ക്കാത്ത ചുവടുകൾ. ഗംഭീരമായ
ഭാവചലനങ്ങൾ.
അവളുടെ രൂപവൈകല്യം കാണികൾ കണ്ടതേയില്ല.
അവർ നൃത്തം കാണുകയായിരുന്നു.