2026 ഐസിസി ടി20 ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു : ടിക്കറ്റ് നിരക്ക് 100 രൂപാ മുതൽ

മുംബൈ: 2026 ഐസിസി ടി20 ലോകകപ്പിന്‍റെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് ടൂർണമെന്‍റ് അരങ്ങേറുന്നത്. ഇന്ന് വൈകുന്നേരം 6:45 മുതലാണ് മത്സരങ്ങൾക്കായുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചത്.. ടൂർണമെന്‍റിന്‍റെ ഓൺലൈൻ ടിക്കറ്റുകൾ 'ബുക്ക് മെെ ഷോ' വഴി ലഭിക്കും. 100 രൂപ മുതലാണ് ടിക്കറ്റുകള്‍ക്ക് വില ഈടാക്കുന്നത്. ഫെബ്രുവരി 7 ന് ആരംഭിക്കുന്ന ലോകകപ്പില്‍ ആദ്യ ദിവസം മൂന്ന് മത്സരങ്ങൾ നടക്കും. പാകിസ്ഥാനും നെതർലൻഡ്‌സും കൊളംബോയിലും വെസ്റ്റ് ഇൻഡീസും ബംഗ്ലാദേശും കൊൽക്കത്തയിലും ഇന്ത്യ യുഎസ്എയുമായി മുംബൈയിലും ഏറ്റുമുട്ടും.
ഇന്ത്യയിലെയും ശ്രീലങ്കയിലെയും എട്ട് സ്റ്റേഡിയങ്ങളിലായാണ് ലോകകപ്പ് നടക്കുന്നത്. ചില സ്റ്റേഡിയങ്ങളിലെ ടിക്കറ്റ് വിലകൾ 2025 ലെ വനിതാ ഏകദിന ലോകകപ്പിലെന്നപോലെ 100 രൂപയിൽ ആരംഭിക്കും. ശ്രീലങ്കയിലെ മത്സരങ്ങൾക്കുള്ള ടിക്കറ്റുകൾ LKR (ശ്രീലങ്കൻ രൂപ) 1,000 (ഇന്ത്യയിൽ ഏകദേശം ₹294.26) മുതൽ ആരംഭിക്കും. ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിനുള്ള ടിക്കറ്റുകൾ ₹2,500 ൽ ആരംഭിക്കുമെന്നാണ് സൂചന.
നരേന്ദ്ര മോദി സ്റ്റേഡിയം (അഹമ്മദാബാദ്), എം.എ. ചിദംബരം സ്റ്റേഡിയം (ചെന്നൈ), അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം (ന്യൂഡൽഹി), വാങ്കഡെ സ്റ്റേഡിയം (മുംബൈ), ഈഡൻ ഗാർഡൻസ് (കൊൽക്കത്ത), ആർ. പ്രേമദാസ സ്റ്റേഡിയം (കൊളംബോ), സിംഹളീസ് സ്പോർട്‌സ് ക്ലബ് ക്രിക്കറ്റ് ഗ്രൗണ്ട് (കൊളംബോ), പല്ലെക്കലെ ഇന്‍റര്‍നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം (കാൻഡി) എന്നിവിടങ്ങളിലാണ് ലോകകപ്പിലെ മത്സരങ്ങൾ നടക്കുന്നത്.
ആദ്യമായി 20 ടീമുകൾ ടൂർണമെന്‍റില്‍ പങ്കെടുക്കും. 20 ടീമുകളെ നാല് ഗ്രൂപ്പുകളായാണ് തിരിച്ചിരിക്കുന്നത്. ഓരോ ഗ്രൂപ്പിലും അഞ്ച് ടീമുകൾ വീതമുണ്ട്. എല്ലാ ദിവസവും മൂന്ന് മത്സരങ്ങൾ നടക്കും. ആദ്യ സെമി ഫൈനൽ മാർച്ച് 4 ന് കൊളംബോയിലോ കൊൽക്കത്തയിലോ നടക്കും, രണ്ടാം സെമി ഫൈനൽ മുംബൈയിലായിരിക്കും. കലാശപ്പോര് മാർച്ച് 8 ന് അഹമ്മദാബാദിലോ കൊളംബോയിലോ നടക്കും. പാകിസ്ഥാൻ ടീം സെമി ഫൈനലിലും ഫൈനലിലും എത്തിയാൽ, അവരുടെ മത്സരങ്ങൾ കൊളംബോയിലായിരിക്കും.
2026 ടി20 ലോകകപ്പ് ഗ്രൂപ്പുകൾ
- ഗ്രൂപ്പ് എ: ഇന്ത്യ, യുഎസ്എ, നമീബിയ, നെതർലാൻഡ്‌സ്, പാകിസ്ഥാൻ
- ഗ്രൂപ്പ് ബി: ഓസ്‌ട്രേലിയ, ശ്രീലങ്ക, സിംബാബ്‌വെ, അയർലൻഡ്, ഒമാൻ
- ഗ്രൂപ്പ് സി: ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇറ്റലി, നേപ്പാൾ
- ഗ്രൂപ്പ് ഡി: ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, അഫ്‌ഗാനിസ്ഥാൻ, കാനഡ, യുഎഇ