ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെട്ടു

ടെൽ അവീവ്: കിഴക്കൻ ലെബനനിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും 50 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ലെബനീസ് അധികൃതരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇസ്രയേലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തത്.. ഹിസ്ബുള്ളയുടെ കമാൻഡ് സെൻ്ററുകൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്രയേൽ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചു. തെക്കൻ ലെബനനിലെ ഹമാസ് കേന്ദ്രങ്ങൾക്ക് നേരെയുണ്ടായ മറ്റൊരു ആക്രമണത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

2024 നവംബറിൽ യുഎസ് മധ്യസ്ഥതയിൽ ഇസ്രയേലും ലെബനനും തമ്മിലുണ്ടായ വെടിനിർത്തലിനുശേഷം നടന്ന ഏറ്റവും മാരകമായ ആക്രമണങ്ങളിൽ ഒന്നാണിത്. ബെഖാ താഴ്‌വരയിലെ ബാൽബെക്ക് മേഖലയിലുള്ള ഹിസ്ബുള്ളയുടെ മിസൈൽ സേനയുടെ മൂന്ന് കമാൻഡ് സെൻ്ററുകൾ ആക്രമിച്ചതായി ഐഡിഎഫ് പ്രസ്‌താവനയിൽ പറഞ്ഞു. ഇസ്രയേലിനെതിരെ റോക്കറ്റ് ആക്രമണങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്ന ഹിസ്ബുള്ളയുടെ മിസൈൽ വിഭാഗത്തിലെ നിരവധി പ്രവർത്തകരെ ആക്രമണത്തിൽ വധിച്ചതായി സൈന്യം അവകാശപ്പെട്ടു.

ഹുസൈൻ മുഹമ്മദ് യാഗി എന്ന മുതിർന്ന കമാൻഡർ ഉൾപ്പെടെ എട്ട് പ്രവർത്തകർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഹിസ്ബുള്ള സ്ഥിരീകരിച്ചു. ഇസ്രയേലിൻ്റെ വഞ്ചനാപരമായ ആക്രമണത്തിൽ നിന്ന് ലെബനനെയും ജനങ്ങളെയും സംരക്ഷിക്കുന്നതിനിടയിലാണ് ഇവർ കൊല്ലപ്പെട്ടതെന്ന് ഹിസ്ബുള്ള അറിയിച്ചു. ഈ ആക്രമണത്തെ "പുതിയ കൂട്ടക്കൊല" എന്ന് വിശേഷിപ്പിച്ച മുതിർന്ന ഹിസ്ബുള്ള ഉദ്യോഗസ്ഥൻ മഹ്മൂദ് ഖമാതി, തങ്ങൾക്കുമുന്നിൽ ഇനി 'പ്രതിരോധം' മാത്രമേ വഴിയുള്ളൂവെന്ന് ബെയ്റൂട്ടിൽ നടന്ന പ്രതിഷേധത്തിനിടെ പറഞ്ഞു. എന്നാൽ, ഹിസ്ബുള്ള മിസൈൽ സേന ഇസ്രയേലിനെതിരെ ആക്രമണത്തിന് പദ്ധതിയിടുന്നുണ്ടെന്നും ഇത് വെടിനിർത്തൽ കരാറിൻ്റെ ലംഘനമാണെന്നും ഐഡിഎഫ് ആരോപിച്ചു.അതേസമയം, തെക്കൻ തീരദേശ നഗരമായ സിദോണിന് സമീപമുള്ള ഐൻ അൽ-ഹിൽവെ പലസ്‌തീൻ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലെബനീസ് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ടവർ തങ്ങളുടെ അംഗങ്ങളാണെന്ന് ഹമാസ് സ്ഥിരീകരിച്ചു. സാധാരണക്കാരെ മനുഷ്യകവചമാക്കി ഹമാസ് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് ഇസ്രയേൽ ആരോപിച്ചു. എന്നാൽ ഈ ആരോപണങ്ങൾ നിഷേധിച്ച ഹമാസ്, ആക്രമിക്കപ്പെട്ടത് ക്യാമ്പിലെ സുരക്ഷാ സേനയുടെ കേന്ദ്രമാണെന്ന് വ്യക്തമാക്കി. നവംബറിലെ വെടിനിർത്തലിന് ശേഷം ഹിസ്ബുള്ള അവരുടെ സൈനിക ശേഷി വീണ്ടും കെട്ടിപ്പടുക്കുന്നത് തടയാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രയേൽ ആവർത്തിച്ചു.