11കാരിയെ ബലാത്സംഗം ചെയ്‌ത് കുളത്തിലെറിഞ്ഞു കൊന്നു; പ്രതികളിലൊരാളെ നാട്ടുകാർ തല്ലിക്കൊന്നു

11കാരിയെ ബലാത്സംഗം ചെയ്‌ത് കുളത്തിലെറിഞ്ഞു കൊന്നു; പ്രതികളിലൊരാളെ നാട്ടുകാർ തല്ലിക്കൊന്നു

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലുള്ള ബരുയിപൂരിൽ 11 വയസുകാരി ക്രൂരമായ ലൈംഗിക അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് തിരികൊളുത്തുന്നു. കൊൽക്കത്തയിൽ നിന്നും ഏകദേശം 25 കിലോമീറ്റർ മാറി കുളത്തിൽ നിന്നും ഇന്നലെയാണ് ചാക്കിൽ കെട്ടിയ നിലയിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

സുഹൃത്തിന് ജന്മദിന സമ്മാനം വാങ്ങാനായി ശനിയാഴ്ച വീട്ടിൽ നിന്നിറങ്ങിയ കുട്ടിയെ കാണാതാവുകയായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ വലിയ രീതിയിലുള്ള ജനരോഷമാണ് പ്രദേശത്ത് അണപൊട്ടിയത്. കുറ്റവാളികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ബരുയിപൂർ-ജയനഗർ റോഡ് ഉപരോധിക്കുകയും ടയറുകൾ കത്തിക്കുകയും നിരവധി പൊലീസ് വാഹനങ്ങൾ തല്ലിത്തകർക്കുകയും ചെയ്തു. പെൺകുട്ടിയുടെ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് പ്രകോപിതരായ ജനക്കൂട്ടം, സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 26 വയസ്സുകാരനെ തല്ലിക്കൊല്ലുകയും ചെയ്തു.

പെൺകുട്ടിയുടെ മരണത്തിന് പിന്നിൽ ക്രൂരമായ ലൈംഗിക പീഡനവും കൊലപാതകവുമാണെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മാരകമായ പരുക്കേറ്റതായും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടിച്ചു കീറിയതും നഖം കൊണ്ടുള്ളതുമായ പാടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കി. തലയിൽ കനത്ത ആയുധം കൊണ്ട് അടിക്കുകയോ അല്ലെങ്കിൽ കഠിനമായ പ്രതലത്തിൽ തല ശക്തമായി ഇടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. കുട്ടിയെ ജീവനോടെയാണ് കുളത്തിലേക്ക് എറിഞ്ഞതെന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പരിശോധനയിൽ കുട്ടിയുടെ ശ്വാസകോശത്തിലും വയറ്റിലും വെള്ളം കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ പരുക്കിനെത്തുടർന്നുണ്ടായ അമിത രക്തസ്രാവവും ശ്വാസം മുട്ടിയതുമാണ് മരണകാരണം.

കേസിന്‍റെ അന്വേഷണം നിർണായക ഘട്ടത്തിലാണ്. നീല തൊപ്പി ധരിച്ച ഒരാൾ കാണാതായ പെൺകുട്ടിയോടൊപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാട്ടുകാർ നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിലേക്ക് നയിച്ചത്. ഈ ദൃശ്യങ്ങളിൽ പെൺകുട്ടിയെ നാലംഗ സംഘം കൂട്ടിക്കൊണ്ടുപോകുന്നതായി കാണാം. തുടർന്ന് നടത്തിയ ശക്തമായ തിരച്ചിലിൽ മുഖ്യപ്രതിയായ ആനന്ദ സർദാറിനെ പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോമുഖ്യപ്രതിയായ ആനന്ദ സർദാറിനെ  പുലർച്ചെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ഇതിന് പുറമെ മൂന്ന് പേരെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തിട്ടുമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഡീഷണൽ പൊലീസ് സൂപ്രണ്ട് പിനാകി ദത്തയുടെ നേതൃത്വത്തിൽ ആറംഗ പ്രത്യേക അന്വേഷണ സംഘത്തിന് സംസ്ഥാന സർക്കാർ രൂപം നൽകി.