റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ 12 ഇന്ത്യക്കാർ; ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി

റാസ് ലഫാൻ സ്ഫോടനത്തിൽ മരിച്ചവരിൽ  12 ഇന്ത്യക്കാർ; ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി

ഖത്തർ : റാസ് ലഫാൻ വ്യവസായനഗരത്തിലുണ്ടായ  സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ ഉൾപ്പെടെയുള്ളവരുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ .ഖത്തറിലെ ഇന്ത്യൻ എംബസി ഖത്തർ അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും, മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും എത്തിക്കുമെന്നും അദ്ദേഹം 'എക്സി'ലൂടെ അറിയിച്ചു. മരണപ്പെട്ടവരുടെ ഭൗതികദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ എംബസി സ്വീകരിച്ചുവരികയാണ്.മൊത്തം 13 പേരാണ് അപകടത്തിൽ മരിച്ചത്. ഇതിൽ 12 പേർ ഇന്ത്യക്കാരും ഒരാൾ പാകിസ്ഥാൻ പൗരനുമാണ്. കൂടാതെ, ഖത്തർ, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള 66 പേർക്ക് പരിക്കേൽക്കുകയും അവർ ചികിത്സയിലുമാണ്. പരിക്കേറ്റവരുടെ നില തൃപ്തികരമാണെന്ന് ഖത്തർ അധികൃതർ അറിയിച്ചു. ഇതൊരു ഓപ്പറേഷണൽ അപകടം മാത്രമാണെന്നും അട്ടിമറിയോ മറ്റോ അല്ലെന്നും ഖത്തർ എനർജി ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബാർസാൻ ഗ്യാസ് ഫെസിലിറ്റിയിലെ മെയിന്റനൻസ് ജോലികൾക്ക് ശേഷം പ്രവർത്തനം പുനരാരംഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് അപകടം സംഭവിച്ചത്.

പ്രഥമിക അന്വേഷണത്തിൽ സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തീപിടുത്തം ഉണ്ടായെങ്കിലും പരിസരപ്രദേശങ്ങളിലോ വ്യക്തികൾക്കോ ഭീഷണിയാകുന്ന രീതിയിൽ യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നും മന്ത്രാലയം ഉറപ്പുനൽകി. സ്ഫോടനത്തിന് ശേഷം ഖത്തർ സിവിൽ ഡിഫൻസും എമർജൻസി റെസ്പോൺസ് ടീമും വേഗത്തിൽ തന്നെ തീയണയ്ക്കുകയും രക്ഷാപ്രവർത്തനം പൂർത്തിയാക്കുകയും ചെയ്തു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തിവരികയാണെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. റാസ് ലഫാനിലെ എൽഎൻജി സൗകര്യങ്ങളെയോ മറ്റ് പ്രവർത്തനങ്ങളെയോ ഈ അപകടം ബാധിച്ചിട്ടില്ലെന്നും ഖത്തർ എനർജി അധികൃതർ കൂട്ടിച്ചേർത്തു

https://www.worldm.news/global/massive-explosion-rocks-qatar--31352