ലോക ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ്: ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി 12 വയസ്സുള്ള എഫ്എം സെർജി സ്കോൾകിൻ

ലോക  ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പ്: ലോക ചാമ്പ്യൻ ഡി ഗുകേഷിനെ പരാജയപ്പെടുത്തി 12 വയസ്സുള്ള എഫ്എം സെർജി സ്കോൾകിൻ

ഖത്തർ: ദോഹയിൽ നടക്കുന്ന ഫിഡെ വേൾഡ് ബ്ലിറ്റ്സ് ചാമ്പ്യൻഷിപ്പില്‍ ലോക ചാമ്പ്യൻ ഡി ഗുകേഷിനു ഞെട്ടിക്കുന്ന തോല്‍വി. 12 വയസ്സുകാരനായ സെര്‍ജി സ്ക്ലോകിനാണ് ഗുകേഷിനെ വീഴ്‌ത്തിയത്. ടൂര്‍ണമെന്‍റിന്‍റെ മൂന്നാം റൗണ്ടിലായിരുന്നു അട്ടിമറി ജയം.ഗുകേഷിന്‍റെ ഇഎല്‍ഒ റേറ്റിംഗ് 2628 ആണെങ്കില്‍ സെര്‍ജി സ്ക്ലോകിന്‍റെ റേറ്റിംഗ് വെറും 2400 മാത്രമാണ്. ഏകദേശം 228 പോയിന്‍റിന്‍റെ വ്യത്യാസമുണ്ടായിട്ട് കൂടിയാണ് കൗമാര താരത്തിന്‍റെ മിന്നും ജയം. മത്സരം അവസാന ഗെയിമിലേക്ക് കടക്കുന്നതുവരെ സന്തുലിതമായിരുന്നു. കളിയുടെ 70ാം നീക്കത്തിലാണ് നിർണായക നിമിഷം വന്നത്. പിന്നീട് പത്ത് നീക്കങ്ങള്‍ കൂടി അവസാനിച്ചപ്പോള്‍ ഗുകേഷിന് തോല്‍വി ഏറ്റുവാങ്ങുകയല്ലാതെ മറ്റ് വഴിയില്ലായിരുന്നു.ഫിഡെ വേൾഡ് റാപ്പിഡ് ചെസ് ചാമ്പ്യൻഷിപ്പിൽ ആറ് മത്സരങ്ങൾ ജയിക്കുകയും രണ്ട് മത്സരങ്ങൾ തോൽക്കുകയും ചെയ്‌ത ഗുകേഷ് 20-ാം സ്ഥാനത്താണ് നില്‍ക്കുന്നത്. നേരത്തെ മുൻനിര ഗ്രൂപ്പുകളിൽ അംഗമായിരുന്നു, പക്ഷേ പിന്നീടുള്ള റൗണ്ടുകളിൽ താരം പിന്നോട്ട് പോയി. ടൂർണമെന്‍റിനു മുമ്പ്, ക്ലാസിക്കൽ ചെസ് തന്‍റെ ഏറ്റവും ശക്തമായ ഫോർമാറ്റാണെന്ന് ഗുകേഷ് പറഞ്ഞിരുന്നു.

റാപ്പിഡ്, ബ്ലിറ്റ്സ് ഇവന്‍റുകൾ യാതൊരു സമ്മർദ്ദവുമില്ലാതെ പരീക്ഷിക്കാനും കളിക്കാനുമുള്ള അവസരങ്ങളാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചിരുന്നു. ഫിഡെ ലോക റാപിഡ് ചെസ് ചാംപ്യന്‍ഷിപ്പില്‍ മാഗ്‌നസ് കാള്‍സനാണ് കിരീടം സ്വന്തമാക്കിയത്. ആറാം തവണയാണ് താരം കപ്പ് ഉയര്‍ത്തുന്നത്. ഇന്ത്യയുടെ അര്‍ജുന്‍ എരിഗൈസിയ്ക്കാണ് പുരുഷ വിഭാഗത്തില്‍ വെങ്കലം. താരത്തിനു 9.5 പോയിന്‍റ്. വനിതാ വിഭാഗത്തില്‍ ഇന്ത്യയുടെ കൊനേരു ഹംപിയും വെങ്കലം നേടി.