കേരളത്തിലെ ജില്ലകളിൽ ശക്തമായ 'കൊടുങ്കാറ്റ്‌ '!!: ഇടുക്കിയിൽലടിച്ച 'തൂഫാനി'ൽ 177 പേർ അറസ്റ്റിൽ

കേരളത്തിലെ ജില്ലകളിൽ ശക്തമായ 'കൊടുങ്കാറ്റ്‌ '!!: ഇടുക്കിയിൽലടിച്ച 'തൂഫാനി'ൽ  177 പേർ അറസ്റ്റിൽ

ഇടുക്കി: ലഹരിമുക്ത കേരളം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച അതിശക്തമായ ലഹരിവിരുദ്ധ കാമ്പെയ്ൻ ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നു. ഇടുക്കി ജില്ലയിൽ ലഹരിമാഫിയയ്ക്കെതിരെ സമാനതകളില്ലാത്ത മുന്നേറ്റമായി മാറുകയാണ് പദ്ധതി.ജൂൺ രണ്ടിന് ആരംഭിച്ച ഈ പദ്ധതി, ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ ജില്ലയിലെ ലഹരി വിപണന ശൃംഖലകളുടെ അടിവേരിളക്കുന്ന രീതിയിലാണ് മുന്നേറുന്നത്. ജില്ലാ പൊലീസിൻ്റെ നേതൃത്വത്തിൽ അതിർത്തി കടന്നുള്ള ലഹരി ഒഴുക്കും പ്രാദേശിക വിതരണക്കാരെയും തകർക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ഈ സുരക്ഷാ പദ്ധതിക്ക് പൊതുജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.വെറും 18 ദിവസത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി പോലീസിൻ്റെ  പരിശോധനയ്ക്ക് വിധേയരായവർ 4,367 പേരാണ് .രജിസ്റ്റർ ചെയ്ത കേസുകൾ:ലഹരിമരുന്നുകളുടെ കടത്തും വിൽപ്പനയുമായി ബന്ധപ്പെട്ട് ആകെ 164 കേസുകൾ ജില്ലയിൽ രജിസ്റ്റർ ചെയ്തു.ലഹരിമാഫിയയിലെ കണ്ണികളായ 177 പേരെ പോലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുമുണ്ട് .ഇവരിൽ നിന്നും 6.3 ഗ്രാം മാരക രാസലഹരിയായ എംഡിഎംഎ, 14.246 കിലോഗ്രാം കഞ്ചാവ്, വീട്ടുപറമ്പുകളിലും തോട്ടങ്ങളിലും രഹസ്യമായി വളർത്തിയിരുന്ന ഒൻപത് കഞ്ചാവ് ചെടികൾ, വിപണനത്തിനായി സൂക്ഷിച്ചിരുന്ന 77 കഞ്ചാവ് ബീഡികള്‍ എന്നിവ പൊലീസ് കണ്ടെടുത്തു.

അതിർത്തികളിലും ക്യാമ്പുകളിലും പൊലീസ് വലയം

തമിഴ്‌നാട് അതിർത്തികളിൽ നിന്ന് തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളും, ബംഗളൂരു, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽ നിന്ന് വരുന്ന ലക്ഷ്വറി അന്തർസംസ്ഥാന ബസുകളും കേന്ദ്രീകരിച്ച് പുലർച്ചെ ആറ് മണി മുതൽ ഒൻപത് മണി വരെയുള്ള സമയങ്ങളിൽ പൊലീസ് പ്രത്യേക നിരീക്ഷണം നടത്തുന്നുണ്ട്. കഞ്ചാവ്, ഗുട്‌ക, പാൻപരാഗ്, ശംഭു തുടങ്ങിയ നിരോധിത പുകയില-ലഹരി ഉൽപ്പന്നങ്ങൾ ജില്ലയിലേക്ക് കടത്തുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.കൂടാതെ, ജില്ലയിലെ അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകൾ കേന്ദ്രീകരിച്ചും വരും ദിവസങ്ങളിൽ എക്സൈസ് വകുപ്പുമായി ചേർന്ന് കമ്പൈൻഡ് റെയ്‌ഡുകൾ നടത്താൻ പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ലഹരിവസ്‌തുക്കളുടെ യഥാർഥ ഉറവിടം (Source) കണ്ടെത്താനായി അയൽസംസ്ഥാനങ്ങളിലെ പൊലീസുമായി ചേർന്നുള്ള സംയുക്ത അന്വേഷണവും പുരോഗമിക്കുകയാണ്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലെ ഉത്തമപാളയം പോലുള്ള വിതരണ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീളുന്നത്.

വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവൽക്കരണം

ലഹരി ഉപയോഗിക്കുന്നവരെ കേസിൽ പെടുത്തുന്നതിലുപരിയായി, യുവാക്കളെയും വിദ്യാർഥികളെയും ഈ വിപത്തിൽ നിന്ന് പൂർണമായി സംരക്ഷിക്കാനുള്ള വിപുലമായ പ്രവർത്തനങ്ങളാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഭാഗമായി ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലായി 189 ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ പോലീസ് ഇതിനകം വിജയകരമായി സംഘടിപ്പിച്ചു കഴിഞ്ഞു.നിയമപ്രകാരം ഒരു കിലോഗ്രാം വരെയുള്ള കഞ്ചാവ് കൈവശം വെക്കുന്നത് ജാമ്യം ലഭിക്കാവുന്ന കുറ്റമാണ്. അതുകൊണ്ട് തന്നെ, ചെറിയ അളവിൽ ലഹരിവസ്‌തുക്കളുമായി പിടിക്കപ്പെടുന്ന ചെറുപ്പക്കാരെ കൗൺസിലിംഗിലൂടെയും എക്സൈസ് വകുപ്പിന്റെ 'വിമുക്തി' പദ്ധതിയിലൂടെയും ലഹരിയുടെ പിടിയിൽ നിന്നും മോചിപ്പിക്കാനുള്ള കർശനമായ തിരുത്തൽ നടപടികൾക്കും പോലീസ് മുൻഗണന നൽകുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നേരിട്ടുള്ള നിരീക്ഷണത്തിൽ നടക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' വരും ദിവസങ്ങളിലും ജില്ലയിലുടനീളം കൂടുതൽ ശക്തമായി തുടരുമെന്ന് പോലീസ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കി.