ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര: ഇന്ത്യൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

 മുംബൈ: ശ്രീലങ്കയ്‌ക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ വനിതാ സ്‌ക്വാഡ് പ്രഖ്യാപിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കാണ് ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യയിലെത്തുക. ഇതില്‍ അവസാനത്തെ മൂന്നു മത്സരങ്ങള്‍ക്കും തിരുവനന്തപുരം വേദിയാവും. ആദ്യ രണ്ട് മത്സരങ്ങള്‍ ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ എസിഎ-വിഡിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.ഡിസംബർ 21 മുതൽ 30 വരെയാണ് പരമ്പര നടക്കുക. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ ജി കമാലിനിയും വൈഷ്‌ണവി ശർമ്മയും ആദ്യമായി ഇടംനേടി. കഴിഞ്ഞ മാസം ഏകദിന ലോകകപ്പ് നേടിയ ടീമിൽ ഉണ്ടായിരുന്ന രാധ യാദവിനും ഉമാ ഛേത്രിക്കും പകരമായാണ് ഇരുവരും ടീമിലെത്തുന്നത്.

സ്‌മൃതി മന്ദാനയാണ് വൈസ് ക്യാപ്റ്റന്‍. ഓസ്ട്രേലിയക്കെതിരായ സെമിഫൈനലിന് തൊട്ടുമുമ്പ് ലോകകപ്പ് ടീമിൽ പ്രതീക റാവലിന് പകരം എത്തിയ ഓപ്പണർ ഷഫാലി വർമ്മയും ടീമിലുണ്ട്. ജനുവരി 9 ന് നവി മുംബൈയിൽ 2026 WPL ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയും ശ്രീലങ്കയും അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കും.

ഡിസംബറിൽ ഇന്ത്യയിൽ നടക്കാനിരുന്ന ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള വൈറ്റ്-ബോൾ പരമ്പര കഴിഞ്ഞ മാസം മാറ്റിവച്ചതിന് തൊട്ടുപിന്നാലെയാണ് ഈ ദ്വിരാഷ്ട്ര പരമ്പരയുടെ ഷെഡ്യൂൾ പ്രഖ്യാപിച്ചത്. 2024 ഒക്ടോബറിലെ ലോകകപ്പിലാണ് ഇന്ത്യയും ശ്രീലങ്കയും അവസാനമായി ഒരു ടി20 മത്സരം കളിച്ചത്. ഈ വർഷം ജൂൺ മുതൽ ജൂലൈ വരെ ഇംഗ്ലണ്ടിൽ വെച്ചാണ് ഇന്ത്യൻ വനിതാ ടീം അവസാനമായി ടി20 കളിച്ചത്. പരമ്പര 3-2 ന് ഇന്ത്യ ജയിച്ചിരുന്നു.

ശ്രീലങ്ക അവസാനമായി കളിച്ചത് മാർച്ചിൽ ന്യൂസിലൻഡിനെതിരെയാണ്. പരമ്പര 1-1 എന്ന നിലയിൽ സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും പരസ്പരം 24 മത്സരങ്ങളില്‍ ഏറ്റുമുട്ടിയിട്ടുണ്ട്. 19 തവണയും ജയം നേടിയ ഇന്ത്യയ്ക്കാണ് മുൻതൂക്കം. അഞ്ച് മത്സരങ്ങളിൽ മാത്രമാണ് ശ്രീലങ്ക ജയിച്ചത്.

ഇന്ത്യ-ശ്രീലങ്ക ടി20 പരമ്പര ഷെഡ്യൂൾ

  • ആദ്യ ടി20 - ഡിസംബർ 21, വിശാഖപട്ടണം
  • രണ്ടാം ടി20 - ഡിസംബർ 23, വിശാഖപട്ടണം
  • മൂന്നാം ടി20 - ഡിസംബർ 26, തിരുവനന്തപുരം
  • നാലാം ടി20 - ഡിസംബർ 28, തിരുവനന്തപുരം
  • അഞ്ചാം ടി20 - ഡിസംബർ 30, തിരുവനന്തപുരം

ഇന്ത്യൻ ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്‌മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ദീപ്‌തി ശർമ, സ്നേഹ റാണ, ജെമീമ റോഡ്രിഗസ്, ഷഫാലി വർമ, ഹർലീൻ ഡിയോൾ, അമൻജോത് കൗർ, അരുന്ധതി റെഡ്ഡി, ക്രാന്തി ഗൗഡ്, രേണുക സിങ് താക്കൂർ, റിച്ച ഘോഷ് (WK), ജി കമാലിനി (WK), ശ്രീ ചരണി, വൈഷ്‌ണവി ശർമ്മ.