ടി20 ലോകകപ്പ്: സൂപ്പർ-8 പോരാട്ടത്തിന് കളമൊരുങ്ങുന്നു; പാകിസ്ഥാന് നാളെ നിര്‍ണായകം

മുംബൈ : ടി20 ലോകകപ്പ് സൂപ്പർ 8 മത്സരങ്ങള്‍ക്ക് കളമൊരുങ്ങുന്നു. ഇതുവരെ ഏഴ് ടീമുകൾ അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ നിന്ന് ഇന്ത്യ, ഗ്രൂപ്പ് ബിയിൽ നിന്ന് ശ്രീലങ്ക, സിംബാബ്‌വെ, ഗ്രൂപ്പ് സിയിൽ നിന്ന് ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ഗ്രൂപ്പ് ഡിയിൽ നിന്ന് ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ് എന്നീ ടീമുകളാണ് ബെര്‍ത്ത് ഉറപ്പിച്ചത്.
ഗ്രൂപ്പ് എയിൽ നിന്നുള്ള രണ്ടാമത്തെ ടീമിനെ നാളെ, പാകിസ്ഥാൻ-നമീബിയ മത്സരത്തിന് ശേഷം തീരുമാനിക്കും. പാകിസ്ഥാൻ വിജയിച്ചാൽ അവർ സൂപ്പർ 8 ലേക്ക് മുന്നേറും, അല്ലാത്തപക്ഷം, ഇന്ത്യയോടൊപ്പം അമേരിക്കയും അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടും. നേരത്തെ ഇന്ത്യയോട് തോറ്റതോടെ പാകിസ്ഥാന്‍റെ നെറ്റ് റണ്‍റേറ്റ് - 0.403ലേക്ക് താഴ്‌ന്നിരുന്നു. യുഎസ്എയുടെ നെറ്റ് റണ്‍റേറ്റ് +0.788 ആയി ഉയരുകയും ചെയ്‌തു. ഇതാണ് പാകിസ്ഥാന് വൻ തിരിച്ചടിയായി മാറിയത്.ടി20 ലോകകപ്പിനുള്ള സൂപ്പർ 8 ഗ്രൂപ്പുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു. ഗ്രൂപ്പ് ഒന്നിൽ ഇന്ത്യയ്‌ക്കൊപ്പം ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിംബാബ്‌വെ എന്നിവരും ഗ്രൂപ്പ് രണ്ടിൽ ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക, പാകിസ്ഥാൻ അല്ലെങ്കിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവരും ഉൾപ്പെടുന്നു.ടീം ഇന്ത്യയുടെ സൂപ്പർ 8 ഷെഡ്യൂൾ:
ടി20 ലോകകപ്പിൽ ഇന്ത്യ തോൽവിയറിയാതെ മുന്നേറുകയാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ടീം തുടർച്ചയായി മൂന്ന് മത്സരങ്ങൾ വിജയിച്ചു, ഗ്രൂപ്പിലെ നാലാമത്തെ മത്സരം ഫെബ്രുവരി 18 ന് നെതർലാൻഡ്‌സിനെതിരെയാണ്. ഇതിനുശേഷം, ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സൂപ്പർ 8 റൗണ്ട് ആരംഭിക്കും. ഈ റൗണ്ടിൽ ഇന്ത്യ ആകെ മൂന്ന് മത്സരങ്ങൾ കളിക്കും. ഇന്ത്യയിൽ വൈകുന്നേരം 7 മണിക്കാണ് മത്സരങ്ങള്‍ ആരംഭിക്കുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന സൂപ്പർ 8-നായി ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
- ഇന്ത്യ vs ദക്ഷിണാഫ്രിക്ക - ഫെബ്രുവരി 22 - അഹമ്മദാബാദ്
- ഇന്ത്യ vs സിംബാബ്‌വേ - ഫെബ്രുവരി 26 - ചെന്നൈ
- ഇന്ത്യ vs വെസ്റ്റ് ഇൻഡീസ് - മാർച്ച് 1 - കൊൽക്കത്ത
- ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്തായി ഓസ്ട്രേലിയ
മഴയെ തുടർന്ന് ശ്രീലങ്കയിൽ നടക്കേണ്ടിയിരുന്ന സിംബാബ്‌വെ– അയർലൻഡ് മത്സരം ടോസ് പോലും ഇടാനാകാതെ ഉപേക്ഷിച്ചതോടെയാണ് ഓസ്ട്രേലിയ ലോകകപ്പില്‍ നിന്നും പുറത്തായി. 2009 ന് ശേഷം ഓസ്ട്രേലിയൻ ടീം ഗ്രൂപ്പ് ഘട്ടത്തിൽ നിന്ന് പുറത്താകുന്നത് ഇതാദ്യമാണ്.