ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ20 പേർ മരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഡാർജിലിങിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വൻ നാശനഷ്‌ടം. 20 പേർ മരിച്ചതായി ഡാർജിലിങ് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മിരിക്-സുഖിയപോഖ്രി റോഡിനോട് ചേർന്ന കുന്നിൻ ചരിവിനടുത്താണ് മണ്ണിടിച്ചിലുണ്ടായത്.പ്രദേശത്ത് വാഹന ഗതാഗതം പൂർണമായും തടസപ്പെട്ടു. പ്രദേശത്തെ പ്രധാന പാലം ഒലിച്ചുപോയി. വരും ദിവസങ്ങളിലും മഴ കനക്കുമെന്നാണ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്‌ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. നദികള്‍ കരകവിഞ്ഞൊഴുകുന്നതിനാൽ നിരവധി വീടുകൾ തകർന്ന നിലയിലാണെന്നും മിരിക്കിലെ ഒരു ഇരുമ്പ് പാലം തകർന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സെക്രട്ടേറിയറ്റിലെ കൺട്രോൾ റൂമിൽ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ചീഫ് സെക്രട്ടറി മനോജ് പന്തിനൊപ്പം വടക്കൻ ബംഗാള്‍ സന്ദർശിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.നാളെ ഉച്ചയോടെ സ്ഥലത്ത് നേരിട്ടെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കും.

