മൂന്നാം ടി-20 മത്സരo: ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ.

മൂന്നാം ടി-20 മത്സരo: ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ.

തിരുവനന്തപുരം: ശ്രീലങ്കക്കെതിരെ പരമ്പര സ്വന്തമാക്കി ഇന്ത്യ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന മൂന്നാം ടി-20 മത്സരത്തിലാണ് ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകർത്ത് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഓപ്പണർ ഷഫാലി വർമ്മയുടെ തകർപ്പൻ അർധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യൻ വനിതകളുടെ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 3-0ന് ഇന്ത്യ മുന്നിലെത്തി.ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിൻ്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ ഇന്നലെ നടന്ന മത്സരത്തിൽ കാഴ്‌ചവച്ചത്. ലങ്കൻ സ്കോർ 25-ൽ നിൽക്കെ ക്യാപ്റ്റൻ ചമാരി അട്ടപ്പട്ടുവിനെ ഹർമൻപ്രീതിൻ്റെ കൈകളിലെത്തിച്ച് ദീപ്‌തി ശർമ്മയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.പിന്നാലെ എത്തിയ രേണുക സിങ് താക്കൂറും ലങ്കൻ നിരയെ പിടിച്ചുകുലുക്കി. 25 റൺസെടുത്ത ഹാസിനി പെരേര, ഹർഷിത സമരവിക്രമ, നിലാക്ഷി ഡിസിൽവ എന്നിവരെ രേണുക അനയാസം പുറത്താക്കി. ദീപ്‌തി ശർമ്മ മൂന്ന് വിക്കറ്റും രേണുക സിങ് നാല് വിക്കറ്റും വീഴ്ത്തിയതോടെ ശ്രീലങ്കക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.ഇന്ത്യയുടെ ബാറ്റിങ്ങിൽ ഷഫാലി വർമ അർധസെഞ്ചുറി നേടിയതോടെ ജയം ഏറെക്കുറെ ഉറപ്പിച്ചു. 113 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഷഫാലി വർമ്മ മിന്നും പ്രകടനമാണ് കാഴ്‌ച വച്ചത്. ആദ്യ ഓവറിലെ നാലാം പന്തിൽ സിക്‌സറും തുടർന്നുള്ള പന്തുകളിൽ ബൗണ്ടറികളും നേടി ഷഫാലി തൻ്റെ വരവറിയിച്ചു. വെറും 24 പന്തിൽ നിന്ന് ഷഫാലി അർധസെഞ്ച്വറി നേടുകയും ചെയ്‌തു.മറുഭാഗത്ത് സ്‌മൃതി മന്ദാന (1), ജെമീമ റോഡ്രിഗസ് (9) എന്നിവർ പെട്ടെന്ന് പുറത്തായെങ്കിലും ഷഫാലി ലങ്കൻ ബൗളർമാരെ കടന്നാക്രമിച്ചു. 42 പന്തിൽ 11 ഫോറും 3 സിക്സറുമടക്കം 79 റൺസോടെ ഷഫാലി പുറത്താകാതെ നിന്നു. 14-ാം ഓവറിലെ രണ്ടാം പന്ത് സിക്സറിന് തൂക്കി ഷഫാലി ഇന്ത്യയെ വിജയത്തിലെത്തിക്കുമ്പോൾ 40 പന്തുകൾ ബാക്കിയുണ്ടായിരുന്നു. നലോവറിൽ 21 റൺസ് വഴങ്ങി 4 വിക്കറ്റെടുത്ത ഇന്ത്യൻ മീഡിയം പേസർ രേണുകാ സിങ്ങാണ് പ്ലെയർ ഓഫ് ദ മാച്ച്. പരമ്പര സ്വന്തമാക്കിയെങ്കിലും ഷെഡ്യൂൾ പ്രകാരം അടുത്ത രണ്ട് മത്സരങ്ങൾ ഡിസംബർ 28, 30 തീയതികളിൽ കാര്യവട്ടത്ത് തന്നെ നടക്കും.വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20 പോരാട്ടത്തിൽ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യം ബാറ്റു ചെയ്‌ത ശ്രീലങ്ക ആറ് വിക്കറ്റിന് 121 റണ്‍സാണ് എടുത്തത്. 14.4 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. പുറത്താകാതെ 44 പന്തില്‍ 69 റണ്‍സെടുത്ത ജെമീമ റോഡ്രിഗസായിരുന്നു കളിയിലെ താരം. 43 പന്തില്‍ 39 റണ്‍സെടുത്ത വിഷ്‌മി ഗുണരത്‌നെയായിരുന്നു ലങ്കയുടെ ടോപ് സ്‌കോറര്‍. അതേസമയം രണ്ടാമത്തെ പരമ്പരയിൽ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ വിജയിച്ചത്.