ടി20 പരമ്പര: ഇന്ത്യയ്ക്ക് തകർപ്പൻ ജയം

ഓസ്‌ട്രേലിയയ്ക്കെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 48 റൺസിനാണ് ഇന്ത്യൻ ജയം. ഇതോടെ പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. ഓസ്‌ട്രേലിയയ്ക്ക് പരമ്പര സമനിലയിലാക്കാൻ ഇനി ശേഷിക്കുന്ന ഒരു മത്സരം നിർണായകമാണ്.മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 167 റൺസെടുത്തു. 46 റൺസെടുത്ത വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലാണ് ടോപ് സ്കോററായത്. ശിവം ദുബെ 22 റൺസ് നേടി. അവസാന ഓവറുകളിൽ തകർത്തടിച്ച അക്സർ പട്ടേൽ 21 റൺസുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി നഥാൻ എല്ലീസ്, ആദം സാംബ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തി.
168 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയ 18.2 ഓവറിൽ 119 റൺസിൽ എല്ലാവരും പുറത്തായി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (24 പന്തിൽ 30), മാത്യൂ ഷോർട്ട് (19 പന്തിൽ 25) എന്നിവർ ഭേദപ്പെട്ട തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവർക്കാർക്കും ക്രീസിൽ നിലയുറപ്പിക്കാൻ കഴിഞ്ഞില്ല. ജോഷ് ഇൻഗ്ലീഷ് (12), ടിം ഡേവിഡ് (14), ജോഷ് ഫിലിപ്പി (10), മാർക്കസ് സ്റ്റോയിനിസ് (17) എന്നിങ്ങനെയായിരുന്നു മറ്റ് പ്രമുഖരുടെ സംഭാവനകൾ.ഇന്ത്യൻ നിരയിൽ സ്പിന്നർ വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഓസ്‌ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തു. അക്സർ പട്ടേൽ, ശിവം ദുബെ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. നിലവിൽ 2-1ന് ഇന്ത്യ മുന്നിലാണ്. ശനിയാഴ്ച നടക്കുന്ന അവസാന മത്സരം ഓസ്‌ട്രേലിയയ്ക്ക് നിർണായകമാണ്; അന്ന് വിജയിക്കാനായാൽ അവർക്ക് പരമ്പര സമനിലയിലാക്കാം.