തുറന്നുകിടന്ന ഓടയിൽ വീണ് 28-കാരൻ മരിച്ചു, നോയിഡ അതോറിറ്റിക്കെതിരെ ജനരോഷം

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിൽ യാതൊരുവിധ സുരക്ഷാ മുൻകരുതലുകളുമില്ലാതെ തുറന്നിട്ടിരുന്ന ഓടയിൽ വീണ് 28 വയസ്സുകാരനായ യുവാവിന് ദാരുണാന്ത്യം . നോയിഡ സെക്ടർ 22-ലെ ചൗര ഗ്രാമത്തിൽ താമസിക്കുന്ന സഞ്ജയ് കുമാറിന്റെ മകൻ ആര്യനാണ് മരണപ്പെട്ടത്. നോയിഡ അതോറിറ്റിയുടെയും നഗരസഭാ അധികൃതരുടെയും ഗുരുതരമായ അനാസ്ഥയാണ് യുവാവിന്റെ ജീവൻ കവർന്നതെന്ന ആക്ഷേപവുമായി കുടുംബവും നാട്ടുകാരും ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി.
വ്യാഴാഴ്ച സെക്ടർ 58-ലുള്ള തന്റെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെ സെക്ടർ 57-ൽ വെച്ചാണ് ആര്യൻ അപകടത്തിൽപ്പെട്ടത്. കനത്ത വെള്ളക്കെട്ടിൽ റോഡരികിലെ തുറന്നുകിടന്ന ഓട ശ്രദ്ധയിൽപ്പെടാതെ ഇയാൾ അതിലേക്ക് വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ ശുഭം ഉടൻ തന്നെ ആര്യനെ ഓടയിൽ നിന്ന് പുറത്തെടുത്ത് സെക്ടർ 39-ലെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അതിനോടകം തന്നെ മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ സെക്ടർ 58 പോലീസ് കേസ് രജിസ്റ്റർ ചെയ്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.തുറന്നുകിടക്കുന്ന ഓടകൾക്ക് ചുറ്റും യാതൊരുവിധ സുരക്ഷാ വേലികളോ മുന്നറിയിപ്പ് ബോർഡുകളോ സ്ഥാപിക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്ന് ആര്യന്റെ കുടുംബം ആരോപിച്ചു. നഗരത്തിലുടനീളം സമാനമായ രീതിയിൽ സ്ലാബുകൾ ഇടാതെ തുറന്നിട്ടിരിക്കുന്ന നിരവധി ഓടകൾ ജനങ്ങളുടെ ജീവന് വലിയ ഭീഷണിയാണെന്ന് നാട്ടുകാരും പരാതിപ്പെടുന്നു