മുംബൈയിൽ 17-കാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന 29-കാരൻ അറസ്റ്റിൽ

മുംബൈ: കാമുകിക്ക് മറ്റൊരു പ്രണയബന്ധമുണ്ടെന്ന സംശയത്തെത്തുടർന്ന് 17-കാരിയായ പെൺകുട്ടിയെ കാട്ടുപ്രദേശത്ത് എത്തിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തിയ 29-കാരൻ അറസ്റ്റിലായി. കാന്തിവലി ഈസ്റ്റിലെ സഞ്ജയ് ഗാന്ധി നാഷണൽ പാർക്കിന്റെ അതിർത്തിയോട് ചേർന്നുള്ള ലവ്ഗഡ് പ്രദേശത്തെ വനമേഖലയിലാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്.സംഭവുമായി ബന്ധപ്പെട്ട് ഡെലിവറി ബോയ് ആയി ജോലിചെയ്യുന്ന സൂരജ് വാഗ്‌മറെയെ സമത നഗർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ പ്രദേശവാസികളാണ് കാട്ടിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ക്രൂരമായ മർദ്ദനത്തിന് ഇരയായാണ് പെൺകുട്ടി മരിച്ചതെന്ന് പ്രാഥമിക പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിയുടെ കഴുത്ത് അറുത്ത നിലയിലായിരുന്നു. നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും മാരകമായ മുറിവുകളുണ്ടായിരുന്നു.
പ്രതിയായ വാഗ്‌മറെയും പെൺകുട്ടിയും തമ്മിൽ ദീർഘനാളായി പ്രണയത്തിലായിരുന്നു. എന്നാൽ പെൺകുട്ടിക്ക് മറ്റൊരാളുമായി സമ്പർക്കമുണ്ടെന്ന് പ്രതി സംശയിച്ചിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ നിരന്തരം തർക്കങ്ങൾ പതിവായിരുന്നു. കാമുകിയെ വകവരുത്താൻ പ്രതി മുൻകൂട്ടി ആസൂത്രണം ചെയ്താണ് ആളൊഴിഞ്ഞ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി കൃത്യം നിർവ്വഹിച്ചതെന്ന് പോലീസ് വിശ്വസിക്കുന്നു.