വോളിൻ്റെ സെഞ്ച്വറി മികവിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി

വോളിൻ്റെ  സെഞ്ച്വറി മികവിൽ ഇന്ത്യയെ അഞ്ച് വിക്കറ്റിന് തോൽപ്പിച്ച് ഓസ്‌ട്രേലിയ ഏകദിന പരമ്പര സ്വന്തമാക്കി

ഹൊബാർട്ട്‌ :ഓപ്പണർ ജോർജിയ വോളിന്‍റെ തകർപ്പൻ സെഞ്ചുറിയുടെ കരുത്തിൽ ഇന്ത്യൻ വനിതകൾക്കെതിരായ രണ്ടാം ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് അഞ്ച് വിക്കറ്റ് വിജയം. ഹോബാർട്ടിലെ ബെല്ലെറൈവ് ഓവലിൽ നടന്ന മത്സരത്തിലെ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്‌ട്രേലിയ സ്വന്തമാക്കി. ഇതോടെ മൾട്ടി ഫോർമാറ്റ് പരമ്പരയിൽ 6-4 എന്ന നിലയിൽ ഓസ്‌ട്രേലിയ മുന്നിലെത്തി.\

ഇന്ത്യ ഉയർത്തിയ 252 റൺസ് വിജയലക്ഷ്യം വെറും 36.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഓസ്‌ട്രേലിയ മറികടക്കുകയായിരുന്നു. 83 പന്തിൽ 13 ഫോറും ഒരു സിക്സറുമടക്കം 101 റൺസ് നേടിയ ജോർജിയ വോളാണ് ഓസീസ് വിജയത്തിന്‍റെ ശില്പി. രണ്ടാം വിക്കറ്റിൽ ഫോബ് ലിച്ചഫീൽഡുമായി (62 പന്തിൽ 80) ചേർന്ന് വോൾ 119 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

83 പന്തുകൾ ബാക്കി നിൽക്കെയാണ് ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടത്. 23 വയസ്സിന് മുൻപ് ഒന്നിലധികം ഏകദിന സെഞ്ചുറികൾ നേടുന്ന മൂന്നാമത്തെ ഓസ്‌ട്രേലിയൻ താരമെന്ന റെക്കോർഡും ജോർജിയ ഈ മത്സരത്തിലൂടെ സ്വന്തമാക്കി. ലിച്ചഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റിൽ 2000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ ഓസീസ് താരമായും മാറി.നേരത്തെ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. അർധസെഞ്ചുറി നേടിയ നായിക ഹർമൻപ്രീത് കൗറും (54), ഓപ്പണർ പ്രതികാ റാവലുമാണ് (52) ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. സ്‌മൃതി മന്ദാന (31) പുറത്തായതിന് പിന്നാലെ വന്ന മധ്യനിരയിലെ തകർച്ച ഇന്ത്യക്ക് തിരിച്ചടിയായി. എന്നാൽ അവസാന ഓവറുകളിൽ അരങ്ങേറ്റ താരം വൈഷ്‌ണവി ശർമ നടത്തിയ പോരാട്ടം സ്കോർ 250 കടത്താൻ സഹായിച്ചു.

ഇന്ത്യക്ക് വേണ്ടി കാശ്‌വി ഗൗതം, ദീപ്‌തി ശർമ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഓസ്‌ട്രേലിയക്കായി അന്നബെൽ സതർലാൻഡ്, അലാന കിംഗ്, ആഷ്‌ലി ഗാർഡ്നർ എന്നിവർ രണ്ട് വിക്കറ്റുകൾ വീതം നേടി ഇന്ത്യൻ ബാറ്റിംഗ് നിരയെ നിയന്ത്രിച്ചു.

സ്കോർ:

ഇന്ത്യ: 251/9 (ഹർമൻപ്രീത് കൗർ 54, പ്രതികാ റാവൽ 52; അന്നബെൽ സതർലാൻഡ് 2/43)

ഓസ്‌ട്രേലിയ: 252/5 (ജോർജിയ വോൾ 101, ഫോബ് ലിച്ചഫീൽഡ് 80; കാശ്‌വി ഗൗതം 2/47)