നേപ്പാളിലെ മഴക്കെടുതിയിൽ 51 മരണം

നേപ്പാളിലെ മഴക്കെടുതിയിൽ 51 മരണം

ന്യൂഡൽഹി: കിഴക്കൻ നേപ്പാളിലെ മഴക്കെടുതിയിൽ 51 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. വിവിധയിടങ്ങളിലുണ്ടായ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും വലിയ നാശനഷ്‌ടം റിപ്പോർട്ട് ചെയ്യപ്പെട്ടു .നേപ്പാൾ സൈന്യം, നേപ്പാൾ പൊലീസ്, എപിഎഫ് ഉദ്യോഗസ്ഥർ എന്നിവർ സജീവ രക്ഷാപ്രവർത്തിനുണ്ട്. ഇലാം ജില്ലയിൽ നിന്ന് ഒരു ഗർഭിണിയുൾപ്പെടെ നാല് പേരെ എയർ ലിഫ്‌റ്റിങ് വഴി ധരൻ മുനിസിപ്പാലിറ്റിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോശി, മാധേഷ്, ബാഗ്‌മതി, ഗന്ധകി, ലുംബിനി എന്നിവിടങ്ങളിൽ നിർത്താതെ പെയ്‌ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്നാണ് വിലയിരുത്തൽ. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വിവിധയിടങ്ങളിലായി നിരവധി പേരെ കാണാതായി. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് കാഠ്‌മണ്ഡുവിൽ ഇന്ന് മഴ കുറവാണെന്നും മണ്ണിടിച്ചിൽ മൂലം ഗതാഗതം തടസപ്പെട്ട ദേശീയപാതയിൽ അവശിഷ്‌ടങ്ങള്‍ നീക്കം ചെയ്‌തുവെന്നും അധികൃതർ അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് മാത്രമാണ് ഗതാഗതം അനുവദിച്ചിട്ടുള്ളതെന്നും എൻ‌ഡി‌ആർ‌ആർ‌എം‌എ അറിയിച്ചു.