ഓസ്ട്രേലിയയിൽ വാഹനാപകടം; ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന മലയാളി യുവതി മരിച്ചു

പെർത്ത്: ഓസ്ട്രേലിയയിലെ വെസ്റ്റേൺ ഓസ്ട്രേലിയ സംസ്ഥാനത്ത് ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതി മരിച്ചു. എറണാകുളം അങ്കമാലി സ്വദേശിനിയായ ആൻമേരി ജോയി (30) ആണ് മരിച്ചത്. ടോക്കിൻ ഹൈവേയും മിൽസ് റോഡ് വെസ്റ്റും സംഗമിക്കുന്ന ജംഗ്ഷനിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ആൻമേരിക്ക് ഗുരുതരമായി പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഉടൻ തന്നെ റോയൽ പെർത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ജീവൻ രക്ഷിക്കാനായില്ല. അപകടസമയത്ത് വാഹനം ഓടിച്ചിരുന്ന 33 വയസ്സുകാരനും ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.സംഭവത്തിൽ വെസ്റ്റേൺ ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. മരിച്ച ആൻമേരി ജോയിയുടെ ഭർത്താവ് ശരത് ജോസും മകൾ ഹോളി ആൻ ശരത്തുമാണ് അടുത്ത ബന്ധുക്കൾ