രാഷ്ട്രപതിയുടെ മോൾഡോവ സന്ദർശനം : വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് വ്യവസായി ഡോ. സുരേഷ്‌കുമാർ
കിഷിനൗ/മോൾഡോവ: രാഷ്ട്രപതി ദ്രൗപദി മുർമുവിൻ്റെ മോൾഡോവ–റൊമാനിയ ഔദ്യോഗിക സന്ദർശനത്തോടനുബന്ധിച്ച് കിഷിനൗവിൽ നടന്ന മോൾഡോവ–ഇന്ത്യ ബിസിനസ് ഫോറത്തിൽ ഇന്ത്യയിലെ വ്യാപാര–നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് ,മുംബൈ ആസ്ഥാനമായുള്ള 'സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പി'ൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ.
ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) സെക്രട്ടറി ജനറലും, സ്കിൽസ്, ഇന്നൊവേഷൻ & ടെക്നോളജി മേഖലയിലെ BRICS ബിസിനസ് കൗൺസിൽ അംഗവുമായ ഡോ. സുരേഷ്‌കുമാർ, രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ചുള്ള ഉന്നതതല ബിസിനസ് പ്രതിനിധി സംഘത്തിൻ്റെ ഭാഗമായാണ് മോൾഡോവയിലെത്തിയത്.
മോൾഡോവ റിപ്പബ്ലിക് പ്രസിഡന്റ് മയ സാൻഡു, ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമു, മോൾഡോവ നിയുക്ത പ്രധാനമന്ത്രി വസിലെ ടോഫാൻ, ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (വെസ്റ്റ്) ഡോ. സിബി ജോർജ്, റൊമാനിയയിലെയും മോൾഡോവയിലെയും ഇന്ത്യൻ അംബാസഡർ ഡോ. മനോജ് കുമാർ മൊഹാപത്ര എന്നിവർ ഉൾപ്പെടെ ഇരുരാജ്യങ്ങളിലെയും ഉന്നത സർക്കാർ പ്രതിനിധികൾ, നയതന്ത്രജ്ഞർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, ബിസിനസ് പ്രതിനിധികൾ തുടങ്ങിയവർ ഫോറത്തിൽ പങ്കെടുത്തു.

'സാമ്പത്തിക, നിക്ഷേപ വീക്ഷണങ്ങൾ: മൊൾഡോവയും ഇന്ത്യയും'(Economic and Investment Perspectives: Moldova and India) എന്ന വിഭാഗത്തിൻ്റെ ഭാഗമായി നടന്ന ‘ഇന്ത്യയിലെ ബിസിനസ് അവസരങ്ങൾ’(Business Opportunities in India’) എന്ന വിഷയത്തിലാണ് ഡോ. സുരേഷ്‌കുമാർ സംസാരിച്ചത്. ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായ ഇന്ത്യയിൽ മോൾഡോവൻ കമ്പനികൾക്കും നിക്ഷേപകർക്കും ലഭ്യമായ വിപുലമായ സാധ്യതകൾ അദ്ദേഹം വിശദീകരിച്ചു. കൃഷി–ഭക്ഷ്യസംസ്‌കരണം, വിവരസാങ്കേതികവിദ്യയും ഡിജിറ്റൽ സേവനങ്ങളും, നിർമ്മാണം, ഫാർമസ്യൂട്ടിക്കൽസ്, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ടൂറിസം–ഹോസ്പിറ്റാലിറ്റി, അടിസ്ഥാനസൗകര്യ വികസനം, വിദ്യാഭ്യാസം, നൈപുണ്യ വികസനം, അന്താരാഷ്ട്ര തൊഴിൽശക്തി കൈമാറ്റം തുടങ്ങിയ മേഖലകളിൽ സഹകരണത്തിന് വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിപുലമായ ഉപഭോക്തൃ വിപണി എന്നതിനപ്പുറം നിർമ്മാണം, സാങ്കേതികവിദ്യ, നവീകരണം, സംരംഭകത്വം, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവയുടെ ആഗോള കേന്ദ്രമായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യൻ കമ്പനികളുമായി സംയുക്ത സംരംഭങ്ങൾ, സാങ്കേതിക സഹകരണം, സോഴ്‌സിംഗ് പങ്കാളിത്തം, നിക്ഷേപ പദ്ധതികൾ എന്നിവ വികസിപ്പിക്കാൻ മോൾഡോവൻ കമ്പനികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ഇന്ത്യൻ കമ്പനികൾക്കും നിക്ഷേപകർക്കും മോൾഡോവ നൽകുന്ന വളർന്നുവരുന്ന അവസരങ്ങളും ഡോ. സുരേഷ്‌കുമാർ പ്രത്യേകം എടുത്തുപറഞ്ഞു. യൂറോപ്യൻ വിപണികളുമായുള്ള വർധിച്ചുവരുന്ന സാമ്പത്തിക ബന്ധവും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും, ശക്തമായ കാർഷിക–ഭക്ഷ്യസംസ്‌കരണ മേഖല, ലോകപ്രശസ്തമായ വൈൻ വ്യവസായം, അതിവേഗം വളരുന്ന ഐ.ടി.–ഡിജിറ്റൽ സേവന മേഖല, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി, നിക്ഷേപ സൗഹൃദ അന്തരീക്ഷം എന്നിവ മോൾഡോവയെ ഇന്ത്യൻ സംരംഭങ്ങൾക്ക് ആകർഷകമായ പങ്കാളിയാക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
കൃഷിയും ഭക്ഷ്യസംസ്‌കരണവും, ഐ.ടി.യും സാങ്കേതികവിദ്യയും, നിർമ്മാണം, പുനരുപയോഗ ഊർജം, ലോജിസ്റ്റിക്സ്, ടൂറിസം–ഹോസ്പിറ്റാലിറ്റി, ആരോഗ്യരംഗം, വിദ്യാഭ്യാസം, നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ ഇന്ത്യ–മോൾഡോവ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇരുരാജ്യങ്ങളിലെയും സ്ഥാപനങ്ങൾ തമ്മിൽ സംയുക്ത സംരംഭങ്ങൾ, സാങ്കേതികവിദ്യാ കൈമാറ്റം, സംയുക്ത നിക്ഷേപം, സ്റ്റാർട്ടപ്പ് സഹകരണം, അക്കാദമിക് എക്സ്ചേഞ്ചുകൾ, നൈപുണ്യ വികസനം, തൊഴിൽശക്തി സഹകരണം, ശക്തമായ B2B ബന്ധങ്ങൾ എന്നിവയ്ക്ക് വലിയ സാധ്യതകളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

“ഇന്ത്യയുടെയും മോൾഡോവയുടെയും പരസ്പരപൂരകമായ ശക്തികളെ ദീർഘകാല സാമ്പത്തിക പങ്കാളിത്തങ്ങളാക്കി മാറ്റാൻ കഴിയും. വിപുലമായ വിപണി, സാങ്കേതികവിദ്യ, നവീകരണം, നൈപുണ്യമുള്ള മനുഷ്യവിഭവശേഷി എന്നിവയാണ് ഇന്ത്യയുടെ കരുത്തെങ്കിൽ, യൂറോപ്യൻ വിപണികളിലേക്കുള്ള തന്ത്രപ്രധാനമായ പ്രവേശനവും കൃഷി, ഭക്ഷ്യസംസ്‌കരണം, ഐ.ടി. തുടങ്ങിയ മേഖലകളിലെ ശക്തമായ സാന്നിധ്യവുമാണ് മോൾഡോവയുടെ പ്രത്യേകത. ഈ സാധ്യതകളെ വ്യക്തമായ പദ്ധതികളായും നിക്ഷേപങ്ങളായും ദീർഘകാല ബിസിനസ് പങ്കാളിത്തങ്ങളായും മാറ്റുകയാണ് ഇനി വേണ്ടത്.”
ഇന്ത്യൻ രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനവും ഇരുരാജ്യങ്ങളിലെയും ഉന്നത നേതൃത്വത്തിൻ്റെ സാന്നിധ്യവും ഇന്ത്യ–മോൾഡോവ ബന്ധങ്ങൾക്ക് പുതിയ ഊർജവും ദിശാബോധവും നൽകുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. പരമ്പരാഗത വ്യാപാരബന്ധങ്ങൾക്കപ്പുറം നിക്ഷേപം, സാങ്കേതികവിദ്യ, നവീകരണം, നൈപുണ്യ വികസനം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയിലേക്കും സഹകരണം വ്യാപിപ്പിക്കാൻ ഈ സന്ദർശനം വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് ഫോറത്തിനോടനുബന്ധിച്ച് നടന്ന B2B കൂടിക്കാഴ്ചകളിലും നെറ്റ്‌വർക്കിംഗ് സെഷനുകളിലും ഇന്ത്യയിലെയും മോൾഡോവയിലെയും വ്യവസായ–വാണിജ്യ പ്രതിനിധികൾക്ക് നേരിട്ടുള്ള ബന്ധങ്ങൾ സ്ഥാപിക്കാനും പുതിയ വ്യാപാര–നിക്ഷേപ പങ്കാളിത്ത സാധ്യതകൾ കണ്ടെത്താനും അവസരം ലഭിച്ചു.
ഇന്ത്യൻ ബിസിനസ് സമൂഹത്തെ പ്രതിനിധീകരിച്ച് ഇത്തരമൊരു സുപ്രധാന അന്താരാഷ്ട്ര വേദിയിൽ പങ്കെടുക്കാനും ഇന്ത്യ–മോൾഡോവ സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കാനും അവസരം ലഭിച്ചതിൽ ഇന്ത്യൻ രാഷ്ട്രപതി, കേന്ദ്ര സർക്കാർ, വിദേശകാര്യ മന്ത്രാലയം, എഫ്ഐസിസി (FICCI), മോൾഡോവ സർക്കാർ,ഇൻവെസ്റ്റ് മൊൾഡോവ ഏജൻസി (Invest Moldova Agency), ഇന്ത്യൻ എംബസി എന്നിവർക്കും ബന്ധപ്പെട്ട എല്ലാ സ്ഥാപനങ്ങൾക്കും ഡോ. സുരേഷ്‌കുമാർ നന്ദി അറിയിച്ചു.
സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായും, ഇൻഡോ ഗൾഫ് & മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്‌സ് (INMECC) സെക്രട്ടറി ജനറലുമായും, സ്കിൽസ്, ഇന്നൊവേഷൻ & ടെക്നോളജി മേഖലയിലെ BRICS ബിസിനസ് കൗൺസിൽ അംഗവുമായ ഡോ. സുരേഷ്‌കുമാർ മധുസൂദനൻ, ഇന്ത്യ, മോൾഡോവ, വിശാലമായ യൂറോപ്യൻ മേഖല എന്നിവയ്ക്കിടയിൽ കൂടുതൽ ശക്തമായ സാമ്പത്തിക–വാണിജ്യ ബന്ധങ്ങൾ വളർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് വ്യക്തമാക്കി. സീഗൾ ഇന്റർനാഷണൽ ഗ്രൂപ്പിലൂടെയും INMECC-യിലൂടെയും വ്യാപാര–നിക്ഷേപ പ്രോത്സാഹനം, സാങ്കേതിക പങ്കാളിത്തം, നൈപുണ്യ വികസനം, ധാർമ്മികവും സുതാര്യവുമായ അന്താരാഷ്ട്ര തൊഴിൽശക്തി കൈമാറ്റം, സംരംഭകത്വം, സുസ്ഥിരമായ ആഗോള ബിസിനസ് സഹകരണം എന്നിവ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.