ടി20 : അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും മിന്നൽ പ്രകടനത്തിൻ്റെ കരുത്തിൽ ഇന്ത്യയ്ക്ക് ജയം

ടി20 : അഭിഷേക് ശർമ്മയുടെയും റിങ്കു സിംഗിന്റെയും  മിന്നൽ പ്രകടനത്തിൻ്റെ  കരുത്തിൽ ഇന്ത്യയ്ക്ക് ജയം

മുംബൈ : ന്യൂസിലൻഡിനെതിരെയുള്ള അഞ്ച് മൽസരങ്ങളടങ്ങിയ ടി20 പരമ്പരയിൽ ഇന്ത്യയ്ക്ക്  ജയത്തോടെ തുടക്കം . നാഗ്പൂരിൽ നടന്ന മത്സരത്തിൽ ഇന്ത്യ നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 238 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 190 റണ്ണെടുക്കാനേ കഴിഞ്ഞുള്ളൂ.48 റൺസിനായിരുന്നു ഇന്ത്യൻ ജയം.നേരത്തേ ടോസ് നേടിയ ന്യൂസിലാൻഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.ഇന്ത്യയുടെ ടി20 ചരിത്രത്തിൽ ന്യൂസിലൻഡിനെതിരെയുള്ള ഏറ്റവും ഉയർന്ന സ്കോറാണ് നാഗ്പൂരിൽ ഇന്ന് കുറിച്ചത്.ഇന്ത്യൻ ബാറ്റിങ്ങില്‍ ഓപ്പണർ അഭിഷേക് ശർമ്മ മികച്ച പ്രകടനം കാഴ്‌ചവച്ചു. വെറും 35 പന്തുകളിൽ നിന്ന് 84 റൺസ് നേടിയ അദ്ദേഹം ഇന്ത്യയ്ക്ക് മികച്ച തുടക്കം നൽകി. 22 പന്തുകളിൽ അർദ്ധ സെഞ്ച്വറി തികച്ച അഭിഷേക് ശർമ്മ, ടി20യിൽ 25 പന്തിൽ താഴെ എട്ട് അർദ്ധസെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

അഭിഷേക് ശർമ്മയും ക്യാപ്റ്റൻ സൂര്യകുമാർ യാദവും മൂന്നാം വിക്കറ്റിൽ 47 പന്തുകളിൽ നിന്ന് 99 റൺസിന്റെ നിർണ്ണായക കൂട്ടുകെട്ട് ഉണ്ടാക്കി, ഇത് ഇന്നിംഗ്സിന് അടിത്തറ പാകി. അവസാന ഓവറുകളിൽ തകർത്തടിച്ച റിങ്കു സിംഗ് വെറും 20 പന്തുകളിൽ നിന്ന് 44 റൺസ് നേടി ഇന്ത്യയുടെ സ്കോർ 238-ൽ എത്തിച്ചു. മലയാളി താരം സഞ്ജു സാംസൺ 10 റൺസിനും, ഇഷാൻ കിഷൻ 8 റൺസിനും പുറത്തായി. ഹാർദിക് പാണ്ഡ്യ 22 റൺസ് സംഭാവന ചെയ്തു. ന്യൂസിലൻഡിനായി ക്രിസ്റ്റ്യൻ ക്ലാർക്ക് രണ്ട് വിക്കറ്റും, ജേക്കബ് ഡഫി, ഇഷ് സോധി, കൈൽ ജാമിസൺ, മിച്ചൽ സാന്റ്നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. ടോസ് നേടിയ ന്യൂസിലൻഡ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിന് നിരയിൽ ഗ്ലെൻ ഫിലിപ്സ് പൊരുതിനോക്കി. 40 പന്തിൽ നിന്ന ആറ് സിക്സുകളടക്കം പറത്തി 78 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് പുറത്തായ ശേഷം അൽപ്പം പൊരുതി നോക്കിയത് മാർക്ക് ചാപ്മാനും ഡാറിൽ മിച്ചെലുമായിരുന്നു. പക്ഷേ നിരന്തരം വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ബൌളർമാർ കിവീസിനെ വരിഞ്ഞു കെട്ടി. അവസാന ഓവർ എറിഞ്ഞ ശിവം ദുബെ അടുത്തടുത്ത പന്തുകളിൽ 2 മിച്ചലിനേയും ക്രിസ് ക്ലാർക്കിനേയും പുറത്താക്കി ഹാട്രിക്കിൻറെ വക്കോളം എത്തിയിരുന്നു. ഇന്ത്യക്കു വേണ്ടി വരുൺ ചക്രവർത്തിയും രണ്ട് വിക്കറ്റ് നേടി.