നീറ്റ് പ്രതിഷേധ വേദിയിൽ നിന്ന് നടി സനം ഷെട്ടിയുടെ മൈക്ക് പിടിച്ചുവാങ്ങി ഇറക്കിവിട്ടു

നീറ്റ് പ്രതിഷേധ വേദിയിൽ നിന്ന് നടി സനം ഷെട്ടിയുടെ മൈക്ക് പിടിച്ചുവാങ്ങി ഇറക്കിവിട്ടു

ചെന്നൈ: നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിവാദത്തിൽ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെന്നൈയിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെ നാടകീയ രംഗങ്ങൾ. വേദിയിൽ പ്രസംഗിക്കുകയായിരുന്ന നടി സനം ഷെട്ടിക്കെതിരെ ഒരു വിഭാഗം തിരിയുകയും മൈക്ക് പിടിച്ചുവാങ്ങി അവരെ വേദിയിൽ നിന്ന് ഇറക്കിവിടുകയും ചെയ്‌തു.

ചെന്നൈയിലെ ടി. നഗറിൽ സി.ജെ.പിയുടെ (സിറ്റിസൺസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ്) നേതൃത്വത്തിൽ നടന്ന വിദ്യാർഥി ഐക്യദാർഢ്യ പരിപാടിയിലാണ് അപ്രതീക്ഷിത സംഭവങ്ങളുണ്ടായത്. പരിപാടി നടക്കുന്ന സ്ഥലത്ത് എത്തിയെങ്കിലും സനം ഷെട്ടി വേദിയിലേക്ക് കയറാതെ മാറിനിൽക്കുകയായിരുന്നു. തുടർന്ന് പ്രശസ്ത സംവിധായകൻ വെട്രിമാരൻ ഇടപെട്ടാണ് അവരെ വേദിയിലേക്ക് ക്ഷണിച്ചതും സംസാരിക്കാൻ ആവശ്യപ്പെട്ടതും. എന്നാൽ പ്രസംഗത്തിനിടെ നടി നടത്തിയ ചില പരാമർശങ്ങൾ വേദിയിലുണ്ടായിരുന്നവരെ പ്രകോപിപ്പിക്കുകയായിരുന്നുവിജയ്‌യെ പരാമർശിച്ചതോടെ പ്രതിഷേധം

വിദ്യാർഥികൾക്ക് പൂർണ പിന്തുണ അറിയിക്കാനാണ് താൻ എത്തിയതെന്ന് വ്യക്തമാക്കിയ സനം ഷെട്ടി, നീറ്റ് വിഷയത്തെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവരാണ് യഥാർഥ കോമാളികൾ എന്ന് വിമർശിച്ചു. വിദ്യാർഥികൾ തെരുവിൽ ഇറങ്ങി സമരം ചെയ്യുമ്പോൾ എല്ലാവരും 'ജനനായകൻ' സിനിമ കണ്ട് ആസ്വദിച്ച് നടക്കുകയാണെന്ന തരത്തിൽ വേദിയിൽ നേരത്തെ ഉയർന്ന പരാമർശത്തിനും അവർ മറുപടി നൽകി. താൻ നടൻ വിജയ്‌യുടെ കടുത്ത ആരാധികയാണെന്നും അദ്ദേഹത്തിൻ്റെ പുതിയ ചിത്രമായ ജനനായകൻ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ട ശേഷമാണ് പ്രതിഷേധ വേദിയിലെത്തിയതെന്നും നടി തുറന്നടിച്ചു. ഇതോടെയാണ് സദസ്സിലുണ്ടായിരുന്നവരും വേദിയിലുള്ളവരും പ്രതിഷേധവുമായി രംഗത്തെത്തിയത്.

നടിയുടെ പരാമർശം പ്രതിഷേധ പരിപാടിയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് ആരോപിച്ച് ചില വിദ്യാർഥികൾ ശക്തമായി എതിർപ്പ് രേഖപ്പെടുത്തി. പ്രതിഷേധം കനത്തതോടെ വേദിയിൽ മുദ്രാവാക്യങ്ങളും ഉയർന്നു. എന്നാൽ സംസാരിക്കാൻ തനിക്ക് അവകാശമുണ്ടെന്നും ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും സനം ഷെട്ടി തിരിച്ചടിച്ചു. വിദ്യാർഥികൾ സ്വതന്ത്രമായി സംഘടിപ്പിച്ച പ്രതിഷേധത്തിന് പിന്തുണ നൽകാനാണ് താൻ എത്തിയതെന്നും, അല്ലാതെ രാഷ്ട്രീയ വേദി ആക്കാൻ തനിക്ക് താത്പര്യമില്ലെന്നും അവർ ആവർത്തിച്ചു. ആരും വിളിച്ചിട്ടല്ല താൻ വന്നതെന്നും സ്വന്തം നിലപാടുകളാണ് വ്യക്തമാക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു.

മൈക്ക് പിടിച്ചുവാങ്ങി; ഡി.എം.കെയെ വിമർശിച്ച് സനം

ഇതിനിടെ സംഭവം കൂടുതൽ വഷളായതോടെ വിദ്യാർഥി സംഘടനാ പ്രതിനിധികൾ വേദിയിലെത്തി പ്രസംഗം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഒരാൾ സനം ഷെട്ടിയുടെ കൈയിൽ നിന്ന് ബലമായി മൈക്ക് പിടിച്ചുവാങ്ങുകയായിരുന്നു. ഇതോടെ അവർ വേദി വിട്ടു. പിന്നീട് മാധ്യമപ്രവർത്തകരോട് പ്രതികരിച്ച സനം, തന്നെ വേദിയിൽ നിന്ന് ഇറക്കിവിട്ടവർ ഡി.എം.കെയുടെ അടിമകളാണെന്ന് ആരോപിച്ചു. അതേസമയം, പ്രതിഷേധ വേദിയെ രാഷ്ട്രീയ പരാമർശങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സംഘാടകരും പങ്കെടുത്ത വിദ്യാർഥികളും. സംഭവത്തിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ വിഷയത്തിൽ വ്യാപക ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. രാജ്യവ്യാപകമായി നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് ചെന്നൈയിലും പരിപാടി സംഘടിപ്പിച്ചത്..