കേന്ദ്രമന്ത്രിസ്ഥാനം രാജിവെച്ച് ബി.ജെ.പി നേതാവ് രവ്നീത് സിങ് ബിട്ടു

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ, ഭക്ഷ്യ സംസ്കരണ വ്യവസായ സഹമന്ത്രിസ്ഥാനം രാജിവെച്ച് പഞ്ചാബിൽ നിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവ് രവ്നീത് സിങ് ബിട്ടു. ഇദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി അടുത്തിടെ അവസാനിച്ചിരുന്നു. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി ബിട്ടു മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജിവെപ്പും ഔദ്യോഗികമായി പുറത്തുവന്നിരിക്കുന്നത്.ആം ആദ്മി പാർട്ടി ഭരണത്തിലുള്ള പഞ്ചാബിൽ പാർട്ടിയുടെ സ്വാധീനം ശക്തമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളിൽ ബിട്ടു കുറച്ചുകാലമായി സജീവമായിരുന്നു. മുൻ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിങ്ങിന്റെ കൊച്ചുമകനായ രവ്നീത് സിങ് ബിട്ടു 2024 ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നത്. ലോക്സഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ സീറ്റിലേക്ക് അദ്ദേഹത്തെ പാർട്ടി നാമനിർദേശം ചെയ്യുകയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തുകയുമായിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലാണ് ബിട്ടു രാജ്യസഭയിലെത്തിയത്.