എംഎസ്‌സി ഗ്രൂപ്പുമായി അദാനിയുടെ പങ്കാളിത്തം : വിഴിഞ്ഞം തുറമുഖത്ത് വൻ നിക്ഷേപം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനായി എംഎസ്‌സിഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡ് 49% ഓഹരി പങ്കാളിത്തം നേടുന്നു. 2.85 ബില്യൺ ഡോളർ മൂല്യം കണക്കാക്കുന്ന ഈ കരാർ പ്രകാരം 1.397 ബില്യൺ ഡോളറാണ് TiL നിക്ഷേപിക്കുന്നത്. ഇന്ത്യൻ തുറമുഖ അടിസ്ഥാന സൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്.
അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിൽ 49 ശതമാനം ഓഹരിയാണ് TiL സ്വന്തമാക്കുന്നത്. നിലവിൽ 1.6 ദശലക്ഷം TEU ശേഷിയുള്ള തുറമുഖത്തിന്റെ ശേഷി, 2028 ഡിസംബറോടെ 5.7 ദശലക്ഷം TEU ആയി വർധിപ്പിക്കാനാണ് പദ്ധതി. അതായത് ഇപ്പോഴുള്ളതിന്റെ 3.5 മടങ്ങ് വർധന. പേർഷ്യൻ ഗൾഫ്, ഫാർ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയിൽ നിന്ന് കേവലം 10 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് വിഴിഞ്ഞം സ്ഥിതി ചെയ്യുന്നത്. ഇത് തുറമുഖത്തെ ഇന്ത്യാ മഹാസമുദ്ര മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബായി മാറ്റും.എംഎസ്‌സി ഗ്രൂപ്പുമായുള്ള ഈ സഹകരണം വിഴിഞ്ഞം തുറമുഖത്തിന് വലിയ അളവിൽ കാർഗോ ഗതാഗതം ഉറപ്പാക്കും. ബംഗ്ലാദേശിലേക്കുള്ള ചരക്ക് നീക്കത്തിൽ വലിയൊരു പങ്കും വിഴിഞ്ഞം വഴി സാധ്യമാകും. നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ ട്രാൻസ്ഷിപ്പ്മെന്റ് കേന്ദ്രങ്ങളെ ആശ്രയിക്കുന്ന ചരക്ക് നീക്കം വിഴിഞ്ഞത്തേക്ക് മാറ്റാൻ ഇത് വഴിയൊരുക്കും. 2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം, 18 മാസത്തിനുള്ളിൽ 2 ദശലക്ഷം TEU എന്ന നാഴികക്കല്ല് പിന്നിട്ട ആദ്യ ഇന്ത്യൻ തുറമുഖം എന്ന ഖ്യാതിയും നേടിയിട്ടുണ്ട്.