എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത; ഹോങ്കോങ്ങിനെ അട്ടിമറിച്ച് ഇന്ത്യ

എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യത; ഹോങ്കോങ്ങിനെ അട്ടിമറിച്ച് ഇന്ത്യ

എറണാകുളം: എഎഫ്‌സി ഏഷ്യൻ കപ്പ് 2027 യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് സി പോരാട്ടത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യയുടെ മിന്നു ജയം . കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇന്ത്യ മുന്നില്‍. ടൂർണമെന്റിൽ നിന്ന് നേരത്തെ പുറത്തായെങ്കിലും, സ്വന്തം മണ്ണിൽ അഭിമാനവിജയം ലക്ഷ്യമിട്ടാണ് നീലപ്പുലികൾ ഇന്ന് കളത്തിലിറങ്ങിയത്.

മത്സരത്തിന്‍റെ നാലാം മിനിറ്റിൽ തന്നെ കൊച്ചിയിലെ ഗാലറികളെ ആവേശത്തിലാഴ്ത്തി ഇന്ത്യ ആദ്യ ഗോൾ കണ്ടെത്തി. മൻവീർ സിങ് നൽകിയ കൃത്യമായ ലോ ക്രോസ് സ്വീകരിച്ച അരങ്ങേറ്റ താരം റയാൻ വില്യംസ് മനോഹരമായ ഒരു ഫിനിഷിലൂടെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയൻ വംശജനായ വില്യംസ് ഇന്ത്യൻ ജേഴ്‌സിയിലെ തന്‍റെ ആദ്യ മത്സരം തന്നെ ഗോളോടെ ആഘോഷിച്ചു. എന്നാൽ രണ്ടാം പകുതിയിൽ പരിക്കേറ്റ വില്യംസിന് കളം വിടേണ്ടി വന്നത് ഇന്ത്യക്ക് തിരിച്ചടിയായി. തുടയിലെ പേശികൾക്ക് പരിക്കേറ്റ താരത്തെ ഫിസിയോമാരുടെ നിർദ്ദേശപ്രകാരം പിൻവലിക്കുകയായിരുന്നു.മത്സരത്തിന്‍റെ 50-ാം മിനിറ്റിൽ ആകാശ് മിശ്രയിലൂടെ ഇന്ത്യ തങ്ങളുടെ ലീഡ് രണ്ടിരട്ടിയാക്കി. രാഹുൽ ഭേക്കെയുടെ ലോങ് ത്രോയിൽ നിന്ന് ലഭിച്ച പന്ത് അതീവ ദുഷ്കരമായ ഒരു ആംഗിളിൽ നിന്ന് ആകാശ് പോസ്റ്റിന്‍റെ മുകൾ ഭാഗത്തേക്ക് അടിച്ചു കയറ്റുകയായിരുന്നു. രണ്ട് ഗോളിന് പിന്നിലായതോടെ തിരിച്ചടിക്കാൻ ശ്രമിച്ച ഹോങ്കോങ് 65-ാം മിനിറ്റിൽ ഒരു ഗോൾ മടക്കി. ബ്രൗൺസ്റ്റൈൻ നൽകിയ പാസ് സ്വീകരിച്ച ബ്രസീലിയൻ വംശജനായ താരം എവർട്ടൺ കാമർഗോ ഇന്ത്യൻ ഗോൾകീപ്പർ ഗുർപ്രീതിനെ മറികടന്ന് പന്ത് വലയിലെത്തിച്ചു. ഇതോടെ കളി ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങി. പന്തടക്കത്തിലും ആക്രമണത്തിലും ഇന്ത്യ വ്യക്തമായ ആധിപത്യം പുലർത്തി. അവസാന മിനിറ്റുകളിൽ ലീഡ് നിലനിർത്താനുള്ള കഠിന ശ്രമത്തിലായിരുന്നു ഇന്ത്യൻ പ്രതിരോധം.