അന്താരാഷ്ട്ര യാത്രകൾക്ക് 15% വരെ കിഴിവ്; ‘എക്സ്പ്ലോർ മോർ സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

അന്താരാഷ്ട്ര യാത്രകൾക്ക് 15% വരെ കിഴിവ്; ‘എക്സ്പ്ലോർ മോർ സെയിൽ’ പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്

എറണാകുളം : അന്താരാഷ്ട്ര യാത്രകൾ നടത്തുന്ന പ്രവാസികൾക്കും വിനോദസഞ്ചാരികൾക്കും വൻ ഇളവുകളുമായി പ്രമുഖ വിമാനക്കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളിൽ 15 ശതമാനം വരെ ആകർഷകമായ കിഴിവ് നൽകുന്ന ‘എക്സ്പ്ലോർ മോർ സെയിൽ’  ഓഫർ കമ്പനി പ്രഖ്യാപിച്ചു. ഇന്നു  മുതൽ 2027 മാർച്ച് 27 വരെയുള്ള നീണ്ട കാലയളവിലെ യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കാണ് ഈ സുവർണ്ണാവസരം ലഭിക്കുക. ഓഫർ നിരക്കിലുള്ള ടിക്കറ്റ് ബുക്കിംഗ് ജൂലൈ ഒൻപത് വരെ മാത്രമായിരിക്കും ലഭ്യമാകുക.

ജൂലൈ അഞ്ച് മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്, വെബ്‌സൈറ്റ്  എന്നിവ വഴി നേരിട്ട് ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ജൂലൈ ആറ് മുതൽ മറ്റ് പ്രമുഖ ബുക്കിംഗ് ചാനലുകൾ, ട്രാവൽ ഏജൻസികൾ വഴിയും ഈ ഓഫർ നിരക്കിൽ ടിക്കറ്റുകളെടുക്കാവുന്നതാണ്. യാത്രക്കാരുടെ സൌകര്യാർത്ഥം ‘ലൈറ്റ്’ (Lite), ‘വാല്യൂ’ (Value) എന്നീ രണ്ട് വിഭാഗങ്ങളിലെ നിരക്കുകളിലാണ് ഈ പ്രത്യേക ഓഫർ ലഭ്യമാക്കിയിരിക്കുന്നത്.ഓഫർ കാലയളവിൽ എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകൾക്ക് യാതൊരുവിധ കൺവീനിയൻസ് ഫീസും ഈടാക്കില്ലെന്നതാണ് പ്രധാന ആകർഷണം. ഇതിനുപുറമേ, ടിക്കറ്റ് എടുത്ത ശേഷം യാത്രക്കാർക്ക് ഒരു തവണ അധിക തുക നൽകാതെ സൗജന്യമായി യാത്രാ തീയതി മാറ്റാനുള്ള സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. ടാറ്റാ ഗ്രൂപ്പിന്റെ ‘ടാറ്റാ ന്യൂപാസ്’  അംഗങ്ങൾക്ക് ബുക്കിംഗിൽ 500 രൂപ വരെയുള്ള അധിക ഡിസ്ക്കൗണ്ടും എട്ട് ശതമാനം വരെ ന്യൂകോയിനുകളും  സ്വന്തമാക്കാൻ സാധിക്കും.നിലവിൽ ഇന്ത്യയിൽ നിന്നും വിവിധ ഗൾഫ് രാജ്യങ്ങളിലേക്കും തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കുമായി എയർ ഇന്ത്യ എക്സ്പ്രസിന് ആഴ്ചതോറും 820-ലധികം അന്താരാഷ്ട്ര വിമാന സർവീസുകളാണുള്ളത്. ഇന്ത്യയിലെ പ്രധാനപ്പെട്ട 43 വിമാനത്താവളങ്ങളെ പരസ്പരം ബന്ധിപ്പിച്ചുള്ള വിപുലമായ ആഭ്യന്തര വിമാന സർവീസുകൾക്ക് പുറമെയാണിത്. ബാങ്കോക്ക്, ഫുക്കറ്റ്, സിംഗപ്പൂർ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ  തുടങ്ങിയ പ്രമുഖ വിദേശ രാജ്യങ്ങളിലേക്കാണ് എയർ ഇന്ത്യ എക്സ്പ്രസ് പ്രധാനമായും അന്താരാഷ്ട്ര സർവീസുകൾ നടത്തുന്നത്. മിഡിൽ ഈസ്റ്റിലേക്കുള്ള യാത്രക്കാർക്കായി അടുത്തിടെ നവി മുംബൈ – അബുദാബി, ഗുവാഹത്തി – അബുദാബി, ഗുവാഹത്തി – ദുബായ് എന്നീ പുതിയ അന്താരാഷ്ട്ര റൂട്ടുകളിലെ സർവീസുകളും എയർ ഇന്ത്യ എക്സ്പ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.