ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജ്മൽ ആശുപത്രി വിട്ടു

എറണാകുളം: ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ അജ്മൽ ആശുപത്രി വിട്ടു. ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്‍റെ നേതൃത്വത്തിൽ ലിസി ആശുപത്രിയിലെ ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ചേർന്ന് ഹൃദ്യമായ യാത്രയയപ്പ് നൽകി.രണ്ടാഴ്ച മുൻപാണ് മലപ്പുറം പൊന്നാനി സ്വദേശി അജ്മൽ (33) ലിസി ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. മസ്തിഷ്ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശി അമൽ ബാബുവിന്‍റെ (25) ബന്ധുക്കൾ അവയവദാനത്തിന് സമ്മതം അറിയിച്ചതിനെ തുടർന്നാണ് അജ്മലിന് ഹൃദയം ലഭിച്ചത്.ഈ വർഷം ജനുവരി മാസത്തിലാണ് തന്‍റെ പ്രവാസ ജീവിതത്തിനിടയിൽ അജ്മലിന് ഗുരുതരമായ ഹൃദയാഘാതം ഉണ്ടാകുന്നത്.  ചികിത്സിച്ച ഡോക്ടർമാർ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിലാണ് അജ്മൽ ലിസി ആശുപത്രിയിൽ എത്തി ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം, ഡോ. റോണി മാത്യു കടവിൽ എന്നിവരെ കണ്ടത്.വേദനയിലും അവയവങ്ങൾ ദാനം ചെയ്യുവാൻ തയ്യാറായ അമലിന്‍റെ കുടുംബത്തിനും, ഹെലികോപ്റ്റർ വിട്ടുനൽകിയ സർക്കാരിനും, എല്ലാ ക്രമീകരണങ്ങൾക്കും നേതൃത്വം നൽകിയ പൊലീസ് വകുപ്പിനും അജ്മൽ നന്ദി പറഞ്ഞു. അമലിന്റെ കുടുംബം ഹൃദയം ദാനം ചെയ്യാനെടുത്ത തീരുമാനമാണ് തന്‍റെ ജീവൻ നിലനിർത്തിയതെന്നും അജ്മൽ പറഞ്ഞു.അജ്മലിന് ശസ്ത്രക്രിയയുടെ സമയത്ത് രക്തം നൽകേണ്ട ആവശ്യം പോലും വന്നില്ലെന്നും ആരോഗ്യനില പൂർണ തൃപ്തികരമാണെന്നും ഡോക്ടർ ജോസ് ചാക്കോ പെരിയപ്പുറം പറഞ്ഞു. അവയവദാനത്തിന്‍റെ ഏകോപനത്തിന് നേതൃത്വം നൽകുന്ന കെ-സോട്ടോയുടെ പ്രവർത്തനങ്ങളെയും സർക്കാരിനെയും അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.

ഡോ. ജേക്കബ്ബ് എബ്രഹാം, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജീവേഷ് തോമസ്, ഡോ. ജോ ജോസഫ്, ഡോ. പി മുരുകൻ, ഡോ. ജോബ് വിൽസൺ, ഡോ. അരുൺ ജോർജ്, ഡോ. ഗ്രേസ് മരിയ, ഡോ. ആന്റണി ജോർജ്, ഡോ. ആയിഷ നാസർ, രാജി രമേശ്, സൗമ്യ സുനീഷ്, ബേസിൽ സ്കറിയ, സാജൻ ഐസക്ക് എന്നിവർ ശസ്ത്രക്രിയയിലും തുടർ ചികിത്സയിലും പങ്കാളികൾ ആയിരുന്നു.