പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജനവഴി 70 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചെന്ന് നരേന്ദ്ര മോദി

പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജനവഴി 70 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചെന്ന് നരേന്ദ്ര മോദി

ന്യൂഡൽഹി: പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജന (പിഎം-വിബിആർവൈ) പ്രകാരം രാജ്യത്തുടനീളം ഇതുവരെ 70 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പിഎം-വിബിആർവൈക്ക് കീഴിൽ 15 ലക്ഷത്തോളം വരുന്ന ജീവനക്കാർക്ക് 2,400 കോടി രൂപയുടെ ആനുകൂല്യങ്ങൾ സമ്മാനിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സർക്കാരും യുവാക്കളും വ്യവസായവും ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ തൊഴിലവസരങ്ങൾ പതിൻ മടങ്ങ് വർധിക്കുമെന്ന് മോദി പറഞ്ഞു. പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജന 70 ലക്ഷം പേർക്ക് തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചിട്ടുണ്ടെന്നും പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സാമൂഹിക പരിരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.നമ്മുടെ യുവാക്കളുടെ ആഗ്രഹങ്ങളും കഴിവുകളുമാണ് വികസനമുള്ള ഭാരതത്തെ രൂപപ്പെടുത്തുന്നത്.

വരും വർഷങ്ങളിൽ ആഗോള വളർച്ച, നവീകരണം, സംരംഭം എന്നിവയെ നയിക്കുന്നതിൽ ഇന്ത്യയിലെ യുവാക്കളായിരിക്കും മുൻപന്തിയിലെന്ന് മോദി പറഞ്ഞു.വ്യത്യസ്‌തമായ കഴിവുകളുള്ള പ്രതിഭകളെ പരിപ്പോഷിപ്പിക്കുക, പുതിയ ആശയങ്ങൾ വളർത്തിയെടുക്കുക, ഉയർന്ന നിലവാരം പുലർത്തുക എന്നിവയായിരിക്കും ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒരു രാജ്യത്തിൽ ലോകം ഉറ്റുനോക്കുന്ന കഴിവുകൾ. ഈ മൂന്ന് മേഖലകളിലും ഇന്ത്യക്ക് വളരെ മികച്ച കഴിവുണ്ടെന്നും മോദി പറഞ്ഞു.പിഎം-വിബിആർവൈ പദ്ധതി പ്രകാരം സർക്കാർ 99,446 കോടി രൂപയാണ് വകയിരുത്തിയത്. ഇത് രണ്ട് വർഷത്തിനുള്ളിൽ 3.5 കോടി തൊഴിലവസരങ്ങളാണ് സൃഷ്‌ടിച്ചത്. ആദ്യമായി ജോലി ചെയ്യുന്നവർക്ക് ആ പദ്ധതി പ്രകാരം 15,000 രൂപ വരെ സർക്കാർ നൽകുന്നുണ്ട്. പ്രതിമാസം 3,000 രൂപ വരെ ഓരോ പുതിയ ജീവനക്കാരനും തൊഴിലുടമക്കൾക്കും ലഭിക്കും.

തൊഴിലില്ലായ്‌മ പരിഹരിക്കുന്നതിനും യുവാക്കൾക്ക് ഔദ്യോഗിക തൊഴിൽ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ച പുതിയ തൊഴിൽ പ്രോത്സാഹന പദ്ധതിയാണ് പ്രധാനമന്ത്രി വികസിത് ഭാരത് തൊഴിൽ യോജന. 2025 ഓഗസ്‌റ്റ് ഒന്നിനാണ് പദ്ധതി ആരംഭിച്ചത്.ഇ പി എഫ് ഒ യിൽ ആദ്യമായി രജിസ്‌റ്റർ ചെയ്യുന്ന യുവ തൊഴിലാളികൾക്ക് ₹15,000 രൂപ വരെയുള്ള ആനുകൂല്യം രണ്ട് ഗഡുക്കളായി നേരിട്ട് ലഭിക്കും. പരമാവധി ഒരു ലക്ഷം വരെ പ്രതിമാസ ശമ്പളമുള്ളവർക്കാണ് ഇതിന് അർഹത.പുതിയ ജീവനക്കാരെ നിയമിക്കുന്ന സ്ഥാപനങ്ങൾക്കും കമ്പനികൾക്കും ഓരോ പുതിയ ജീവനക്കാരനും പ്രതിമാസം 3,000 രൂപ വരെ ധനസഹായം ലഭിക്കും.