ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി കൊല്ലപ്പെട്ടു

ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി കൊല്ലപ്പെട്ടു

ദുബായ്: ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാനിലെ മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ അലി ലാരിജാനി കൊല്ലപ്പെട്ടു. ഇറാൻ ഭരണകൂടത്തിലെ പ്രധാന യാഥാസ്ഥിതിക മുഖമായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസമാണ്  ഇറാൻ അധികൃതർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

കഴിഞ്ഞ മാസം അവസാനത്തോടെ അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ ഇറാൻ്റെ പരമോന്നത നേതാവ് കൊല്ലപ്പെട്ടിരുന്നു. ഇതേ തുടർന്ന് വലിയൊരു യുദ്ധത്തിലേക്കാണ് പശ്ചിമേഷ്യയിലെ കാര്യങ്ങൾ നീങ്ങിയത്. പരമോന്നത നേതാവിൻ്റെ മരണത്തിന് ശേഷം, 67കാരനായ ലാരിജാനിയാണ് രാജ്യത്തിൻ്റെ ഭരണച്ചുമതലകൾ നിർവഹിച്ചിരുന്നത് എന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്. ലാരിജാനിയെ വധിച്ചതായി ഇസ്രയേൽ ചൊവ്വാഴ്ച നേരത്തെ തന്നെ അവകാശപ്പെട്ടിരുന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷമാണ് ഇറാൻ അദ്ദേഹത്തിൻ്റെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ ലാരിജാനിയുടെ മരണം ഇറാനിന് വലിയ തിരിച്ചടിയാണ് നൽകുന്നത്.ആയത്തുല്ല അലി ഖാമേനിയുടെ വിശ്വസ്തൻ

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭരണകൂടവുമായുള്ള ആണവ ചർച്ചകളിൽ തന്ത്രങ്ങൾ മെനയുന്നതിനായി പരമോന്നത നേതാവ് ആയത്തുല്ല അലി ഖാമേനിയുടെ ഉപദേശകനായി അദ്ദേഹത്തെ നിയമിച്ചിരുന്നു. യുദ്ധം തുടങ്ങുന്നതിന് വെറും 2 ആഴ്ച മുൻപ് മധ്യസ്ഥരുമായി ചർച്ച നടത്താൻ അദ്ദേഹം ഒമാൻ സന്ദർശിക്കുകയും ചെയ്തു. മറ്റ് മുതിർന്ന ഇറാൻ നേതാക്കളെപ്പോലെ ലാരിജാനിക്കും അമേരിക്കയുടെ കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ കഴിഞ്ഞ ജനുവരിയിൽ രാജ്യത്ത് നടന്ന ജനകീയ പ്രക്ഷോഭങ്ങളെ അക്രമാസക്തമായി അടിച്ചമർത്തുന്നതിൽ അദ്ദേഹം പ്രധാന പങ്കുവഹിച്ചിരുന്നതായും ആരോപണമുണ്ട്.

ഒരു ഷിയ പുരോഹിതനല്ലാത്തതിനാൽ, ഖാമേനിയുടെ മരണശേഷം പരമോന്നത നേതാവാകാൻ ലാരിജാനിക്ക് അർഹതയുണ്ടായിരുന്നില്ല. എങ്കിലും, രാജ്യത്തിൻ്റെ മുഖ്യ ഉപദേശകനായി അദ്ദേഹം തുടരുമെന്നാണ് ഏവരും പ്രതീക്ഷിച്ചിരുന്നത്. അമേരിക്കയുടെയും ഇസ്രയേലിൻ്റെയും ആക്രമണങ്ങളെത്തുടർന്ന് ഇറാനിലെ മുൻനിര നേതാക്കൾ ഒളിവിൽ പോയതോടെ, ലാരിജാനിയാണ് രാജ്യം ഭരിക്കുന്നതെന്ന് പലരും വിശ്വസിച്ചിരുന്നു. ഇതിനിടെയാണ് അദ്ദേഹത്തിൻ്റെ മരണം സംഭവിക്കുന്നത്. ലാരിജാനിയുടെ മകൻ മൊർതേസ ലാരിജാനിയും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാൻ്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണം ഇറാൻ തടസപ്പെടുത്തിയാൽ 20 മടങ്ങ് ശക്തിയോടെ ആക്രമിക്കുമെന്ന് ഒരാഴ്ച മുൻപ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് എക്സിലൂടെ ലാരിജാനി ശക്തമായ ഭാഷയിലാണ് മറുപടി നൽകിയത്. ത്യാഗസന്നദ്ധരായ ഇറാൻ ജനത പൊള്ളയായ ഭീഷണികളെ ഭയപ്പെടുന്നില്ലെന്നും അവരേക്കാൾ വലിയവർക്ക് പോലും ഇറാനെ ഇല്ലാതാക്കാൻ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അവർക്ക് തന്നെ നാശം സംഭവിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

സ്വാധീനമുള്ള രാഷ്ട്രീയ കുടുംബം

ഇറാനിലെ ഏറ്റവും പ്രശസ്തമായ രാഷ്ട്രീയ കുടുംബങ്ങളിലൊന്നിലാണ് ലാരിജാനിയുടെ ജനനം. അമേരിക്കയിലെ പ്രമുഖരായ കെന്നഡി കുടുംബത്തോടാണ് പല മാധ്യമങ്ങളും ഈ കുടുംബത്തെ ഉപമിക്കാറുള്ളത്. അദ്ദേഹത്തിൻ്റെ ഒരു സഹോദരനായ സാദേഖ് ഇറാൻ്റെ ജുഡീഷ്യറി തലവനായി പ്രവർത്തിച്ചിട്ടുണ്ട്. മറ്റൊരു സഹോദരനായ മുഹമ്മദ് ജാവേദ്, അന്തരിച്ച ഖാമേനിയുടെ വിദേശകാര്യ ഉപദേശകനായിരുന്ന മുതിർന്ന നയതന്ത്രജ്ഞനായിരുന്നു.വർഷങ്ങളായി, കടുത്ത നിലപാടുകളിലൂടെയും എതിരാളികൾക്കുള്ള മുന്നറിയിപ്പുകളിലൂടെയുമാണ് ലാരിജാനി വാർത്തകളിൽ നിറഞ്ഞുനിന്നത്. 1990കളിൽ ഇറാൻ്റെ സാംസ്കാരിക മന്ത്രിയായിരുന്ന അദ്ദേഹം രാജ്യത്ത് സെൻസർഷിപ്പ് കർശനമാക്കിയിരുന്നു. 2008 മുതൽ 2020 വരെ നീണ്ട കാലയളവിൽ ഇറാൻ പാർലമെൻ്റ് സ്പീക്കറായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഏറ്റവും ഒടുവിൽ, സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിൻ്റെ തലവനായാണ് അദ്ദേഹം പ്രവർത്തിച്ചു വന്നിരുന്നത്. തത്വചിന്തയുമായി ബന്ധപ്പെട്ട് കുറഞ്ഞത് 6 പുസ്തകങ്ങളെങ്കിലും ലാരിജാനി രചിച്ചിട്ടുണ്ട്. ഇതിൽ 3 എണ്ണം പ്രശസ്ത ജർമൻ തത്വചിന്തകനായ ഇമ്മാനുവൽ കാൻ്റിൻ്റെ കൃതികളെക്കുറിച്ചുള്ള പഠനങ്ങളാണ്.