All England Open Badminton :മുൻ ചാമ്പ്യനെ തകർത്ത് ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ

ബർമിങ്ങാം: ഓൾ ഇംഗ്ലണ്ട് ഓപ്പൺ ബാഡ്‌മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ മുൻ ചാമ്പ്യനെ തകർത്തുവിട്ട് ഇന്ത്യയുടെ ലക്ഷ്യ സെൻ സെമിഫൈനലിൽ. പുരുഷ സിംഗിൾസ് ക്വാർട്ടർ ഫൈനലിൽ ചൈനയുടെ ലോക ആറാം നമ്പർ താരം ലി ഷിഫെങ്ങിനെ നേരിട്ടുള്ള ഗെയിമുകൾക്കാണ് (21-13, 21-16) ലക്ഷ്യ പരാജയപ്പെടുത്തിയത്. ഒരു മണിക്കൂർ നീണ്ട പോരാട്ടത്തിനൊടുവിൽ ആധികാരികമായിരുന്നു ഇന്ത്യൻ താരത്തിന്‍റെ ജയം.
ശക്തമായ തുടക്കം
മത്സരത്തിന്‍റെ തുടക്കം മുതൽ തന്നെ ആക്രമണശൈലിയാണ് ലക്ഷ്യ സ്വീകരിച്ചത്. തുടക്കത്തിൽ 4-1 നും പിന്നീട് 10-4 നും ലീഡ് നേടി ലക്ഷ്യ ചൈനീസ് താരത്തെ സമ്മർദ്ദത്തിലാക്കി. ഷിഫെങ്ങിന്‍റെ ചലനങ്ങളിൽ തുടക്കത്തിൽ തന്നെ പതർച്ച പ്രകടമായിരുന്നു. 11-6 എന്ന സ്കോറിൽ ആദ്യ പകുതിയിൽ ലീഡ് നേടിയ ലക്ഷ്യ, ഷിഫെങ്ങിന്‍റെ ക്രോസ്കോർട്ട് സ്‌മാഷുകളെ പ്രതിരോധിച്ചുകൊണ്ട് 24 മിനിറ്റിനുള്ളിൽ ആദ്യ ഗെയിം (21-13) സ്വന്തമാക്കി.ട്ടുണ്ട്.രണ്ടാം ഗെയിമിൽ ലി ഷിഫെങ്ങ് ശക്തമായി തിരിച്ചുവരാൻ ശ്രമിച്ചു. ഇരുവരും 6-6 എന്ന സ്കോറിൽ ഒപ്പത്തിനൊപ്പം പോരാടി. ലക്ഷ്യയുടെ ബോഡി സ്‌മാഷുകൾക്ക് ഷിഫെങ്ങ് മനോഹരമായ സ്‌മാഷുകളിലൂടെ മറുപടി നൽകിയതോടെ ഒരു ഘട്ടത്തിൽ സ്കോർ 9-9 ആയി. എന്നാൽ ഇടവേളയ്ക്ക് തൊട്ടുമുൻപ് ഒരു പോയിന്‍റ് ലീഡ് നേടി ലക്ഷ്യ തിരിച്ചുവന്നു. പിന്നീട് അത്ഭുതകരമായ പ്രതിരോധത്തിലൂടെയും (Defensive backhand return) ഡൈവ് ചെയ്‌ത് ഷോട്ടുകൾ തിരിച്ചുവിട്ടും ലക്ഷ്യ കളം നിറഞ്ഞു കളിച്ചു. 45 ഷോട്ടുകൾ നീണ്ടുനിന്ന മാരത്തോൺ റാലിയിലൂടെ ഷിഫെങ്ങ് സ്കോർ 15-19 ആക്കിയെങ്കിലും ലക്ഷ്യ വിട്ടുകൊടുത്തില്ല. അവസാന നിമിഷം ഷിഫെങ്ങ് തൊടുത്ത ഷോട്ട് പുറത്തുപോയതോടെ ലക്ഷ്യ സെമി ഉറപ്പിക്കുകയായിരുന്നു.
ടൂർണമെന്‍റില്‍ ലക്ഷ്യയുടെ മൂന്നാം സെമിഫൈനലാണിത്. കാനഡയുടെ വിക്ടർ ലായ് ആണ് സെമിയിൽ ലക്ഷ്യയുടെ എതിരാളി. ക്വാർട്ടറിൽ ജപ്പാന്‍റെ കോക്കി വതനാബെയെ പരാജയപ്പെടുത്തിയാണ് വിക്ടർ സെമിയിലെത്തിയത്. 2022-ലെ റണ്ണറപ്പായ ലക്ഷ്യ ഇത്തവണ കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ.