വിവാഹത്തിൻ്റെ പവിത്രതയില്ലാതെ ജീവിക്കുന്നത് കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

ലഖ്‌നൗ: ലിവ്-ഇൻ ബന്ധങ്ങൾ നിയമവിരുദ്ധമാണെന്ന് പറയാനാവില്ലെന്നും വിവാഹത്തിൻ്റെ പവിത്രതയില്ലാതെ ജീവിക്കുന്നത് കുറ്റകരമല്ലെന്നും അലഹബാദ് ഹൈക്കോടതി. ഒരാൾ തൻ്റെ പങ്കാളിയെ തെരഞ്ഞെടുക്കുകയും അവർ ഇരുവരും 18 ന് വയസിന് മുകളില്‍ പ്രായമുള്ളവരും ആണെങ്കിൽ അവരുടെ ജീവിതത്തിൽ ഇടപെടാനോ എതിർക്കാനോ ആർക്കും അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.ലിവ്-ഇൻ ബന്ധത്തിലുള്ള ദമ്പതികൾ നൽകിയ ഹർജിയിലാണ് കോടതിയുടെ വിധി. ഭരണഘടന പ്രകാരം ഓരോ പൗരൻ്റെയും ജീവനും സ്വതന്ത്ര്യവും സംരക്ഷിക്കാൻ സംസ്ഥാനം ബാധ്യസ്ഥമാണെന്ന് ജസ്‌റ്റിസ് വിവേക് കുമാർ സിങ് പറഞ്ഞു.
പരസ്‌പര സമ്മതത്തോടെ പ്രായപൂർത്തിയായവർ വിവാഹം കഴിക്കാതെ ഒരുമിച്ച് താമസിക്കുന്നത് സംസ്ഥാനത്തിന് നിഷേധിക്കാൻ കഴിയില്ലെന്നും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാമെന്നും കോടതി പറഞ്ഞു. ഹർജിക്കാർ പ്രായപൂർത്തിയായവരാണെന്നും വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാനുള്ള അവരുടെ തീരുമാനത്തെ കോടതിക്ക് എതിർക്കാൻ കഴിയില്ലെന്നും കോടതി കൂട്ടിച്ചേർത്തു.ഹർജിക്കാരുടെ ജീവിതത്തിൽ ആരെങ്കിലും ഇടപെടുകയാണെങ്കിൽ കോടതി ഉത്തരവിൻ്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ബന്ധപ്പെട്ട പൊലീസ് കമ്മിഷണറെയോ എസ്‌എസ്‌പിയേയോ എസ്‌പിയേയോ ബന്ധപ്പെടാമെന്ന് കോടതി പറഞ്ഞു. ഹർജിക്കാർ പ്രായപൂർത്തിയായവരാണെന്നും സ്വന്തം ഇഷ്‌ടപ്രാകാരം ഒരുമിച്ച് താമസിക്കുന്നവരാണെന്നും സ്ഥിരീകരിച്ച ശേഷം ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ അവർക്ക് ഉടൻ സംരക്ഷണം നൽകേണ്ടാതാണെന്നും കോടതി ഉത്തരവിട്ടു.