ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം; വിദ്യാർഥി സംഘടനയായ എന്‍സിപിയില്‍ ആഭ്യന്തര കലഹം

ജമാഅത്തെ ഇസ്ലാമിയുമായി സഖ്യം; വിദ്യാർഥി സംഘടനയായ എന്‍സിപിയില്‍ ആഭ്യന്തര കലഹം

ധാക്ക: ബംഗ്ലാദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിദ്യാർഥി നേതൃത്വത്തിലുള്ള നാഷണൽ സിറ്റിസൺ പാർട്ടിയില്‍ ആഭ്യന്തര വിള്ളൽ. ജമാഅത്ത് ഇസ്ലാമിയുമായുള്ള സഖ്യത്തെച്ചൊല്ലിയാണ് പാർട്ടിയില്‍ ഒറ്റരാത്രി കൊണ്ട് വിള്ളല്‍ ഉണ്ടായത്. സഖ്യത്തില്‍ ചേരാനുള്ള പാര്‍ട്ടിയുടെ തീരുമാനത്തെ എതിര്‍ത്ത് 30 നേതാക്കൾ മെമ്മോറാണ്ടം പുറത്തിറക്കി. കൂടാതെ പാർട്ടിയില്‍ പ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ട് അംഗങ്ങള്‍ രാജി പ്രഖ്യാപിക്കുകയും ചെയ്‌തു.

'ജൂലൈ പ്രക്ഷോഭം 'എന്ന് വിളിക്കപ്പെട്ട കഴിഞ്ഞ വർഷത്തെ അക്രമ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ പാര്‍ട്ടിയാണ് സ്റ്റുഡൻ്റ്സ്‌ എഗെയിൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്‌എഡി). ഈ പാര്‍ട്ടിയുടെ ഒരു വലിയ ശാഖയാണ് എൻ‌സി‌പി. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് സർക്കാരിനെ അട്ടിമറിച്ച പാർട്ടിയാണിത്. ഫെബ്രുവരിയിൽ താൽക്കാലിക സർക്കാർ നേതാവായി പ്രവർത്തിച്ചിരുന്ന മുഹമ്മദ് യൂനുസിൻ്റെ പിന്തുണയോടെ എന്‍സിപി ഔദ്യോഗികമായി ഒരു രാഷ്ട്രീയ പാർട്ടിയായി.

മെമ്മോറാണ്ടത്തിൽ ആദ്യം ഒപ്പിട്ടയാളും എൻ‌സി‌പിയുടെ ജോയിൻ്റ് മെമ്പർ സെക്രട്ടറിയുമായ മുഷ്‌ഫിഖ് ഉസ് സലാഹീൻ ആണ്. "ജൂലൈ പ്രക്ഷോഭത്തിൻ്റെയും പാർട്ടി മൂല്യങ്ങളുടെയും ഉത്തരവാദിത്തത്തിൻ്റെ വെളിച്ചത്തിൽ ഒരു സാധ്യതയുള്ള സഖ്യത്തിനെതിരായ തത്വപരമായ എതിർപ്പുകൾ" എന്ന തലക്കെട്ടിലുള്ള മെമ്മോ പാർട്ടി കൺവീനർ നഹിദ് ഇസ്ലാമിന് നല്‍കി.

ജമാഅത്തുമായുള്ള എൻ‌സി‌പിയുടെ സഖ്യത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നതാണ് മെമ്മോറാണ്ടത്തിലെ ഉള്ളടക്കം. ജൂലൈ പ്രക്ഷോഭത്തെയും ജനാധിപത്യ ധാർമ്മികതയെയും കുറിച്ചുള്ള പാർട്ടിയുടെ നിലപാട് പ്രത്യയശാസ്‌ത്രത്തിന് വിരുദ്ധമാണെന്ന് മെമ്മോറാണ്ടം പ്രസ്‌താവിച്ചു. ജമാഅത്തിൻ്റെ വിവാദപരമായ രാഷ്ട്രീയ ചരിത്രം പ്രത്യേകിച്ച് ബംഗ്ലാദേശിൻ്റെ സ്വാതന്ത്ര്യത്തിനെതിരായ പങ്കും ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു.

1971 ലെ വിമോചന യുദ്ധത്തിൽ വംശഹത്യയിലും കുറ്റകൃത്യങ്ങളിലും അവർ വഹിച്ച പങ്കിനെക്കുറിച്ചും മൊമ്മോറാണ്ടം ചൂണ്ടിക്കാട്ടി. ഇവ ബംഗ്ലാദേശിൻ്റെ ജനാധിപത്യ മനോഭാവത്തിനും എൻ‌സി‌പിയുടെ അടിസ്ഥാന മൂല്യങ്ങൾക്കും അടിസ്ഥാനപരമായി പൊരുത്തപ്പെടുന്നില്ലെന്നും മെമ്മോറാണ്ടം വിശേഷിപ്പിച്ചു.

അതേസമയം ജമാഅത്തിൻ്റെ വിദ്യാർഥി വിഭാഗമായ 'ഛത്ര ഷിബിർ' സമീപകാലത്ത് വിവിധ സംഭവങ്ങൾക്ക് എൻ‌സി‌പിയെ കുറ്റപ്പെടുത്തിയിരുന്നു. തെറ്റായ വിവരങ്ങളും പ്രചാരണങ്ങളും നടത്താനുമുള്ള ശ്രമങ്ങളിൽ മറ്റ് പാർട്ടികളിൽ നുഴഞ്ഞുകയറി അട്ടിമറിച്ചതായി മെമ്മോറാണ്ടം ആരോപിക്കുന്നു. ജമാഅത്തുമായുള്ള ആസൂത്രിത സഖ്യം എൻ‌സി‌പിയുടെ രാഷ്ട്രീയ വിശ്വാസ്യതയെയും പൊതുജന വിശ്വാസത്തെയും ദുർബലപ്പെടുത്തുമെന്നും എടുത്ത് കാട്ടി."നമ്മുടെ നിരവധി പ്രവർത്തകരിലും പിന്തുണക്കാരിലും, പ്രത്യേകിച്ച് യുവതലമുറയിലും പുതിയ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്ന സാധാരണ പൗരന്മാരിലും" ആശയക്കുഴപ്പവും നിരാശയും സൃഷ്‌ടിക്കുമെന്നും മെമ്മോറാണ്ടം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എൻ‌സി‌പിയുടെ സീനിയർ ജോയിൻ്റ് മെമ്പർ-സെക്രട്ടറി തസ്‌നിം ജാര ശനിയാഴ്‌ച വൈകുന്നേരം തൻ്റെ സ്ഥാനം രാജിവച്ചു. വരാനിരിക്കുന്ന പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപനവും നടത്തി.

"നിലവിലെ രാഷ്ട്രീയ പ്രശ്‌നങ്ങള്‍ കാരണം ഏതെങ്കിലും പ്രത്യേക പാർട്ടിയുടെയോ സഖ്യത്തിൻ്റെയോ സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു" ജാര ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

എന്നിരുന്നാലും തൻ്റെ രാജി എൻ‌സി‌പിയുടെ ജമാഅത്തുമായുള്ള തെരഞ്ഞെടുപ്പ് സഖ്യവുമായി ബന്ധപ്പെട്ടതാണോ എന്ന് അവർ ചൂണ്ടിക്കാട്ടിയില്ല. അതേസമയം അവരുടെ ഭർത്താവും പാര്‍ട്ടിയുടെ ജോയിൻ്റ് കൺവീനറുമായ ഖാലിദ് സൈഫുള്ളയും പാര്‍ട്ടിയില്‍ നിന്ന് തൻ്റെ സ്ഥാനം ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം മിക്ക എൻ‌സി‌പി വനിതാ നേതാക്കളും ജമാഅത്തുമായോ മതത്തെ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും പാർട്ടികളുമായോ സഖ്യം ചേരുന്നത് എതിര്‍ത്തിരുന്നു. "ഇത്തേഫാഖ്" എന്ന പത്രമാണ് പാര്‍ട്ടിയില്‍ വനിത നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചെന്ന് റിപോർട്ടുകള്‍ പുറത്ത് വിട്ടത്. ഷാർമിൻ, സീനിയർ മെമ്പർ-സെക്രട്ടറി നഹിദ് സർവാർ നിവ, ജോയിന്റ് കൺവീനർ തസ്‌നുവ ജാബിൻ, ജോയിൻ്റ് മെമ്പർ-സെക്രട്ടറി നുസ്രത്ത് തബസ് തുടങ്ങിയ വനിത നേതാക്കളാണ് പ്രധാനമായും പാര്‍ട്ടിയില്‍ എതിര്‍പ്പ് പ്രഖ്യാപിച്ചത്.

എൻ‌സി‌പി ഇതുവരെ അവരുടെ നിർദ്ദിഷ്‌ട സഖ്യത്തെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. എന്നാൽ അടുത്ത ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ജമാഅത്തുമായുള്ള സീറ്റ് വിഭജന കരാർ പാർട്ടി അന്തിമമാക്കുമെന്ന് "ഡെയ്‌ലി സ്റ്റാർ" പത്രം പറഞ്ഞു.എന്നാൽ ജമാഅത്തിൻ്റെ സെക്രട്ടറി ജനറൽ മിയ ഗോലം പർവാർ എൻ‌സി‌പിയുമായുള്ള അവരുടെ ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അറിയിച്ചു. സീറ്റുകൾ പങ്കിടാനുള്ള സാധ്യതയുണ്ടെന്നും പ്രശ്‌നം വളരെ വേഗം വ്യക്തമാക്കുമെന്നും മിയ ഗോലം പർവാർ പറഞ്ഞു.