ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആമസോൺ; പ്രധാനമന്ത്രിയെ കണ്ട് സിഇഒ ആൻഡി ജാസി

ഇന്ത്യയിൽ വൻ നിക്ഷേപ പ്രഖ്യാപനവുമായി ആമസോൺ; പ്രധാനമന്ത്രിയെ കണ്ട് സിഇഒ ആൻഡി ജാസി

ന്യൂഡൽഹി: ഇന്ത്യയിലെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) മേഖലയിലും ക്ലൗഡ് ഇൻഫ്രാസ്ട്രക്‌ചർ വികസനത്തിലും വൻ നിക്ഷേപ പ്രഖ്യാപനവുമായി ആമസോൺ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിൽ നടത്തിയ കൂടിക്കാഴ്‌ചയ്ക്കു പിന്നാലെ, 2030 ഓടെ ഇന്ത്യയിൽ അധികമായി 13 ബില്യൺ ഡോളർ (ഏകദേശം 1.1 ലക്ഷം കോടി രൂപ) നിക്ഷേപിക്കുമെന്ന് ആമസോൺ സിഇഒ ആൻഡി ജാസി പ്രഖ്യാപിച്ചു.ഇന്ത്യയോടുള്ള ആമസോണിൻ്റെ ദീർഘകാല പ്രതിബദ്ധതയാണ് പുതിയ നിക്ഷേപ തീരുമാനത്തിലൂടെ വീണ്ടും വ്യക്തമാകുന്നതെന്ന് കമ്പനി അറിയിച്ചു. ഈ പുതിയ പ്രഖ്യാപനത്തോടെ 2026 മുതൽ 2030 വരെയുള്ള കാലയളവിൽ ഇന്ത്യയിൽ ആമസോണിൻ്റെ മൊത്തം നിക്ഷേപം 48 ബില്യൺ ഡോളറിലെത്തും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്‌ചയിൽ ഇന്ത്യയിലെ ഡിജിറ്റൽ വളർച്ച, സാങ്കേതിക നവീകരണം, തൊഴിൽ സൃഷ്‌ടി എന്നിവ സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്‌ത തായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇന്ത്യയെ ആഗോള സാങ്കേതിക കേന്ദ്രമായി മാറ്റുന്നതിൽ ആമസോൺ കൂടുതൽ പങ്കാളിത്തം വഹിക്കുമെന്നും ജാസി വ്യക്തമാക്കി.പുതിയ നിക്ഷേപത്തിൻ്റെ പ്രധാന ഭാഗം ആമസോണിൻ്റെ ക്ലൗഡ് സേവന വിഭാഗമായ എഡബ്ല്യുഎസ് (ആമസോൺ വെബ് സർവീസ് ) വഴി നടപ്പാക്കാനാണ് പദ്ധതി. മുംബൈയിലെയും ഹൈദരാബാദിലെയും ഡാറ്റാ സെൻ്ററുകളുടെ ശേഷി വർധിപ്പിക്കുന്നതിനാണ് നിക്ഷേപത്തിന്റെ വലിയൊരു വിഹിതം വിനിയോഗിക്കുക. ഇതിലൂടെ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും സ്വകാര്യ സ്ഥാപനങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അത്യാധുനിക AI സേവനങ്ങൾ, കസ്റ്റം എഐ ചിപ്പുകൾ, സുരക്ഷിത ക്ലൗഡ് സാങ്കേതികവിദ്യകൾ, ഡെവലപ്പർ ടൂളുകൾ എന്നിവ കൂടുതൽ എളുപ്പത്തിൽ ലഭ്യമാകും.

2026-2030 കാലയളവിൽ മാത്രം എഐ, ക്ലൗഡ് ഇൻഫ്രാസ്ട്രക്‌ചർ വികസനത്തിനായി ആമസോൺ ഇന്ത്യയിൽ 21 ബില്യൺ ഡോളറിലധികം നിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതോടെ രാജ്യത്തെ ഏറ്റവും വലിയ ആഗോള എഐ ക്ലൗഡ് നിക്ഷേപകരിൽ ഒരാളായി ആമസോൺ മാറും.2010 മുതൽ 2030 വരെ ഇന്ത്യയിൽ ആമസോൺ നടത്തിയതും പദ്ധതിയിട്ടിരിക്കുന്നതുമായ മൊത്തം നിക്ഷേപം 88 ബില്യൺ ഡോളറിലധികമാകുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ഡിജിറ്റൽ ഇന്ത്യ പദ്ധതികൾക്കും എഐ അധിഷ്ഠിത സാങ്കേതിക വളർച്ചയ്ക്കും ഈ നിക്ഷേപം വലിയ പ്രചോദനമാകുമെന്ന് വിലയിരുത്തപ്പെടുന്നു.ഇന്ത്യ സാങ്കേതിക വികസനം ഡിജിറ്റൽവൽക്കരണം, ബഹിരാകാശ ഗവേഷണം, പുനരുപയോഗ ഊർജ്ജം, ഐ.ടി എന്നീ മേഖലകളിൽ അതിവേഗം പുരോഗമിക്കുകയാണ്. ആഗോളതലത്തിൽ സാങ്കേതിക മുന്നേറ്റത്തിൽ മുൻപന്തിയിലാണ് ഇന്ത്യ ഇപ്പോൾ. നിലവിലെ രാജ്യത്തിൻ്റെ വളർച്ച സമയത്ത് ആമസോണിൻ്റെ നിക്ഷേപക വാഗ്‌ധാനം ഇന്ത്യയെ വീണ്ടും ആഗോളതലത്തിൽ മുന്നിലെത്തിക്കും.