CJP പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം: നീതി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി

CJP പ്രവർത്തകന് നേരെ ക്രൂരമായ ആക്രമണം: നീതി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി ജെ പി പ്രതിഷേധത്തിനിടെ പ്രതിഷേധക്കാരന് നേരെ ക്രൂരമായ ആക്രമണം. സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരാൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെയും വക്താവ് സൗരവ് ദാസും ആവശ്യപ്പെട്ടു.പ്രതിഷേധത്തിനിടെ ഒരു കൂട്ടം ആളുകൾ പെൺകുട്ടിയെ വളയുകയും, മകളെ രക്ഷിക്കാൻ ശ്രമിച്ച പിതാവിനെ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നുവെന്ന് മകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു. ആക്രമണത്തിൽ തലയ്ക്ക് മൂന്ന് വലിയ മുറിവുകളുണ്ടെന്നും, ഇത് അതീവ ഗുരുതരമായ പരിക്കാണെന്ന് മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമാണെങ്കിലും, പോലീസ് നിസ്സാരമായ പരിക്കാണെന്ന് ചിത്രീകരിച്ചാണ് കേസ് രജിസ്റ്റർ ചെയ്തതെന്നും സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു.ആക്രമണത്തിൽ ഏകദേശം 15 പേർ പങ്കെടുത്തുവെന്നാണ് വിവരം. എന്നാൽ പോലീസ് ഒരാളെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. ബാക്കിയുള്ളവരെ കണ്ടെത്താൻ പോലീസ് തയാറാകുന്നില്ലെന്ന് സി.ജെ.പി ആരോപിച്ചു. അക്രമികൾക്കെതിരെയും ഓൺലൈൻ ഭീഷണികൾക്കെതിരെയും പോലീസ് മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നില്ലെന്നും, എസ്.സി/എസ്.ടി ആക്ട്, വധശ്രമക്കേസ് എന്നിവ പ്രകാരം പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും സംഘടന ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളുടെയും പേപ്പർ ചോർച്ചയുടെയും ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന് സി.ജെ.പി പ്രഖ്യാപിച്ചു