കേരളത്തിൽ വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം:ഒക്ടോബറിൽ മാത്രം 12 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്കജ്വര മരണം. കൊല്ലം പാലത്തറ സ്വദേശിയായ 65കാരനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം 12 പേരാണ് അമീബിക്ക് മസ്തിഷ്കജ്വരം മൂലം മരിച്ചത്. 65 പേർക്ക് രോഗം റിപ്പോർട്ട് ചെയ്തു ഇന്നലെ മാത്രം രണ്ട് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന രോഗകണക്കാണ് ഈ മാസം റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം ചിറയിൻകീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. 77 വയസായിരുന്നു. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. 10 ദിവസം മുമ്പ് നടത്തിയ രക്ത പരിശോധനയിലാണ് അമീബിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചത്. രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.
തലച്ചോറിനെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ ഒരു രോഗമാണ് അമീബിക് മസ്തിഷ്കജ്വരം. ജലത്തിൽ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി (Naegleria fowleri) എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. മലിനമായ കുളങ്ങളിലോ, പുഴകളിലോ, കെട്ടിക്കിടക്കുന്ന വെള്ളത്തിലോ കുളിക്കുമ്പോൾ ഈ അമീബ മൂക്കിലൂടെ ശരീരത്തിൽ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേർതിരിക്കുന്ന നേർത്ത പാളിയിലുള്ള സുഷിരങ്ങൾ വഴിയോ കർണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്.രോഗം മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരില്ല.