താടിയും മുടിയുമില്ലാത്ത യേശു ക്രിസ്‌തുവിൻ്റെ അപൂര്‍വ്വ ചിത്രം പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി

 ഇസ്‌താംബൂള്‍: താടിയും മുടിയും ഇല്ലാത്ത യേശുവിൻ്റെ അപൂര്‍വ്വമായ ചിത്രം പുരാവസ്‌തു ഗവേഷകര്‍ കണ്ടെത്തി. തുർക്കിയിലെ ഇസ്‌നിക്കിൽ (Iznik - പഴയ നിഖ്യ) മൂന്നാം നൂറ്റാണ്ടിലെ ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്നുമാണ് യേശു ക്രിസ്‌തുവിൻ്റെ അപൂർവ്വമായ ചിത്രം (ഫ്രെസ്കോ) കണ്ടെത്തിയത്.

ക്രൈസ്‌തവ ചരിത്രത്തിൽ നിർണയകമായ നിഖ്യാ വിശ്വാസപ്രമാണം രൂപീകരിച്ച സ്ഥലത്തിന് സമീപമാണ് തുര്‍ക്കിയിലെ ഗവേഷകര്‍ ഈ ചിത്രം കണ്ടെത്തിയതെന്നും അന്തര്‍ദേശീയ മാധ്യമമായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യേശുവിനെ ഒരു 'നല്ല ഇടയനായി' ചിത്രീകരിച്ചിരിക്കുന്ന പെയിൻ്റിങ് ആണ് കണ്ടെത്തിയത്, ചിത്രത്തില്‍ യേശുവിൻ്റെ തോളിൽ ഒരു ആടിനെ ചുമക്കുന്നതായി കാണാം.താടിയില്ലാത്ത, ചെറുപ്പക്കാരനായ, ടോഗ (Toga) എന്ന റോമൻ വസ്‌ത്രം ധരിച്ച രൂപത്തിലാണ് യേശുവിനെ ഇതിൽ വരച്ചിരിക്കുന്നത്. അനാറ്റോളിയൻ മേഖലയിൽ യേശുവിനെ റോമൻ ശൈലിയിൽ ചിത്രീകരിച്ചിരിക്കുന്നത് വളരെ അപൂർവ്വമാണ്. ക്രൈസ്‌തവർ പീഡനങ്ങൾ അനുഭവിച്ചിരുന്ന കാലഘട്ടമായ മൂന്നാം നൂറ്റാണ്ടിലുണ്ടായതാണ് ഈ ശവകുടീരം എന്ന് പുരാവസ്‌തു ഗവേഷകർ കരുതുന്നു.ക്രൈസ്‌തവ ചിഹ്നമായി കുരിശ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നതിന് മുൻപുള്ള കാലഘട്ടത്തിലെ വിശ്വാസത്തിൻ്റെയും സംരക്ഷണത്തിൻ്റെയും പ്രതീകമായാണ് 'നല്ല ഇടയൻ' എന്ന രൂപം കണക്കാക്കപ്പെടുന്നത്. തുർക്കിയിൽ (അനാറ്റോളിയ) നിന്ന് ലഭിക്കുന്ന ഇത്തരത്തിലുള്ള ഏറ്റവും മികച്ചതും അപൂർവ്വവുമായ ചിത്രമാണിതെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.വടക്കുപടിഞ്ഞാറൻ തുർക്കിയിലെ ഇസ്‌നിക്കിനടുത്തുള്ള ഒരു ഭൂഗർഭ ശവകുടീരത്തിൽ നിന്നാണ് ഈ ശ്രദ്ധേയമായ പെയിൻ്റിങ് കണ്ടെത്തിയത്. എ.ഡി. 325-ൽ നിസീൻ വിശ്വാസപ്രമാണം സ്ഥാപിതമായ സ്ഥലമെന്ന നിലയിൽ ക്രൈസ്‌തവര്‍ക്ക് ചരിത്രപരമായി പ്രധാനപ്പെട്ട ഒരു പട്ടണമാണിത്. അന്ന് റോമൻ സാമ്രാജ്യത്തിൻ്റെ ഭാഗമായിരുന്ന പ്രദേശത്ത്, ഹിസാർഡെരെ ഗ്രാമത്തിൽ മൂന്നാം നൂറ്റാണ്ടിലേതാണെന്ന് പഴക്കമുള്ള ശവകുടീരമാണ് കണ്ടെത്തിയത്.ഇടുങ്ങിയ ശവകുടീരത്തിൻ്റെ ചുമരുകളും മേൽക്കൂരയും പക്ഷികളുടെയും സസ്യങ്ങളുടെയും രൂപങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അടിമ പരിചാരകരുടെ അകമ്പടിയോടെ കുലീനരായ പുരുഷന്മാരുടെയും സ്ത്രീകളുടെയും ഛായാചിത്രങ്ങളും ചുവരുകളിലുണ്ട്. ശവകുടീരത്തിലേക്ക് പ്രവേശനം അനുവദിച്ച ആദ്യത്തെ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ അസോസിയേറ്റഡ് പ്രസ് ആണ് ഇതിൻ്റെ വീഡിയോ ചിത്രീകരിച്ചത്. "ആദ്യകാല ക്രിസ്‌തു മതത്തിലേക്കുള്ള ഒരു പരിവർത്തനത്തെയാണ് കാണിക്കുന്നത്", ഇസ്‌നിക് മ്യൂസിയത്തിലെ പുരാവസ്‌തു ഗവേഷകനായ എറെൻ എർട്ടൻ എർട്ടം പറഞ്ഞു.അതേസമയം, പുരാതന ഐറിനോപോളിസിൽ നിന്ന് ഗ്രീക്ക് ഭാഷയിൽ "വാഴ്ത്തപ്പെട്ട യേശുവിനോടുള്ള നന്ദിയോടെ" എന്ന് രേഖപ്പെടുത്തിയതും യേശുവിൻ്റെ രൂപം പതിപ്പിച്ചതുമായ 1500 വർഷം പഴക്കമുള്ള അപ്പത്തിൻ്റെ അവശിഷ്‌ടങ്ങളും ഈ വര്‍ഷം കണ്ടെത്തിയിരുന്നു.