കേരളത്തില്‍ പര്യടനം നടത്തുന്ന അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു

കൊച്ചി: നവംബറില്‍ കേരളത്തില്‍ പര്യടനം നടത്തുന്ന അര്‍ജന്‍റീന ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍ താരം ലയണൽ മെസ്സി നയിക്കുന്ന ടീമിൽ എയ്ഞ്ചൽ ഡി മരിയയും എൻസോ ഫെർണാണ്ടസും ഒഴികെ മുഴുവൻ അംഗങ്ങളുമുണ്ട് . കോച്ച് ലയണൽ സ്‌കലോണിയും കൊച്ചിയിലെത്തും. അര്‍ജന്‍റീന സംഘത്തിന് കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം യുദ്ധകാലാടിസ്ഥാനത്തിൽ പുതുക്കിപ്പണിയും. 70 കോടി ചെലവിട്ടാണ് നവീകരണ പ്രവര്‍ത്തനങ്ങളെന്ന് മുഖ്യ സ്പോണ്‍സറും റിപോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി മാനേജിങ് ഡയറക്ടറുമായ ആന്‍റോ അഗസ്റ്റിന്‍ മാധ്യമങ്ങളോട് പറഞ്ഞു. 50,000 പേർക്ക് മത്സരം കാണാനാകുംവിധം ഫിഫ മാനദണ്ഡം പാലിച്ചാണ് നിർമാണം. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഒരുക്കും.സ്റ്റേഡിയത്തിന്‍റെ സുരക്ഷയുറപ്പാക്കാനും നടപടികൾ പുരോഗമിക്കുന്നു. സീലിങ്ങിന്‍റെ സ്ട്രെങ്തനിങ് ഉൾപ്പെടെ നടത്തും. സ്റ്റേഡിയത്തിന്‍റെ ചുറ്റും അറ്റകുറ്റപ്പണികളും നടത്തും. ടിക്കറ്റ് നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ ഈ ആഴ്‌ച പ്രഖ്യാപനമുണ്ടാകും. ടിക്കറ്റ് നിരക്ക് സംബന്ധിച്ച് നിലവിൽ പ്രചരിക്കുന്നത് വ്യാജവിവരങ്ങളാണെന്ന് ആന്‍റോ അഗസ്റ്റിന്‍ പറഞ്ഞു.
അതേസമയം അർജന്‍റീനയ്‌ക്ക് എതിരാളികളായി ഓസ്‌ട്രേലിയയാണ് എത്തുക. കഴിഞ്ഞ ഖത്തര്‍ ലോകകപ്പിൽ ഇരുടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. അന്ന് 2-1-ന് മെസ്സിപ്പട ആവേശകരമായ വിജയം നേടി. മെസ്സിയുടെ ഗോളും ജൂലിയൻ അൽവാരസിന്‍റെ ഗോളും അർജന്‍റീനയ്ക്ക് നിർണ്ണായകമായി. എൻസോ ഫെർണാണ്ടസിന്‍റെ സെൽഫ് ഗോൾ ഓസീസിന് ആശ്വാസമായി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയിൽ ഉന്നതയോഗം ചേർന്ന് ഒരുക്കങ്ങൾ വിലയിരുത്തിയിരുന്നു.മന്ത്രിമാരായ വി അബ്ദുറഹ്മാൻ, പി രാജീവ്, എം ബി രാജേഷ് തുടങ്ങിയവർ കൂടി പങ്കെടുത്ത യോഗ തീരുമാനങ്ങൾ നടപ്പാക്കുന്നതിനായി ചീഫ് സെക്രട്ടറി ഡോ എ ജയതിലകിന്‍റെ മേൽനോട്ടത്തിൽ സമിതി രൂപീകരിക്കുകയും ചെയ്‌തു. കഴിഞ്ഞയാഴ്ച്ച അര്‍ജന്‍റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയേല്‍ കബ്രേര സ്റ്റേഡിയത്തിലെ സൗകര്യങ്ങള്‍ വിലയിരുത്തിയിരുന്നു.
കേരളത്തിൽ വരുന്ന അർജന്‍റീന സ്‌ക്വാഡ്:
ലയണൽ മെസ്സി, എമിലിയാനോ മാർട്ടിനസ്, അലക്‌സിസ് മക് അലിസ്റ്റർ, റോഡ്രിഗോ ഡിപോൾ, നിക്കോളസ് ഒറ്റമെൻഡി. ജൂലിയൻ അൽവാരസ്, ലൗത്താറോ മാർട്ടിനസ്, ഗോൺസാലോ മോൻടിയൽ, നിക്കോളസ് ടഗ്ലിയാഫിക്കോ, ജുവാൻ ഫോയ്ത്ത്, മാർക്കസ് അക്യുന, എസക്വൽ പലാസിയോസ്, ജിയോവാനി ലൊ സെൽസോ, ലിയാൻട്രോ പരെഡെസ്, നിക്കോ ഗോൺസാലസ്, തിയാഗോ അൽമാഡ, ക്രിസ്റ്റ്യൻ റൊമേറോ,നഹ്വല്‍ മൊളീന. കോച്ച്- ലയണൽ സ്‌കലോണി.