ചെസ് ലോകകപ്പ്: ; അർജുൻ എറിഗൈസിയും പി ഹരികൃഷ്‌ണയും പ്രീ ക്വാർട്ടറിൽ

പനാജി(ഗോവ): ലോകകപ്പ് ചെസിൽ ഇന്ത്യയുടെ അഭിമാന താരങ്ങളായ അർജുൻ എറിഗൈസിയും പി ഹരികൃഷ്‌ണയും പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. നാലാം റൗണ്ട് ടൈബ്രേക്കറിൽ ഹംഗറിയുടെ വെറ്ററൻ പീറ്റർ ലെക്കോയെയും സ്വീഡിഷ് താരം നിൽസ് ഗ്രാൻഡെലിയസിനെയും പരാജയപ്പെടുത്തിയാണ് ഇരുവരും 16-ാം റൗണ്ടിലേക്ക് കടന്നത്. ടൈബ്രേക്കറിന്‍റെ ആദ്യ സെറ്റിൽ തന്നെ അർജുൻ ലെക്കോയെ 3-1ന് തോൽപ്പിച്ചപ്പോൾ, ആദ്യ സെറ്റ് സമനിലയിലാക്കിയ ഹരികൃഷ്‌ണ രണ്ടാം സെറ്റ് നേടി 2.5-1.5 എന്ന സ്കോറിന് വിജയിക്കുകയായിരുന്നു. അതേസമയം, ആർ പ്രഗ്നാനന്ദയ്ക്ക് തുല്യത നിലനിർത്താൻ കഴിഞ്ഞില്ല, റഷ്യയുടെ ഡാനിൽ ഡുബോവിനോട് തോറ്റ് ഈ വർഷത്തെ ലോകകപ്പിൽ നിന്ന് പുറത്തായി.
അർജുന് അടുത്ത റൗണ്ട് നിർണായകമാണ്. മികച്ച ഫോമിലുള്ള അമേരിക്കയുടെ ലെവോൺ ആരോണിയനെയാണ് താരം നേരിടുക. അതേസമയം, ജർമ്മൻ താരം ഫ്രെഡറിക് സ്വാൻ തന്‍റെ മികച്ച പ്രകടനം തുടരുകയും അർമേനിയയുടെ ഷാന്‍റ് സർഗ്‌സ്യാനെ 2.5-1.5 എന്ന സ്‌കോറിന് പരാജയപ്പെടുത്തുകയും ചെയ്‌തു. ടൂർണമെന്‍റില്‍ ലോക ചാമ്പ്യനായ ഡി ഗുകേഷിനെ പരാജയപ്പെടുത്തിയ സ്വാൻ ആരാധകരെ നിരാശരാക്കാതെ മറ്റൊരു പ്രധാന വിജയമാണ് സ്വന്തമാക്കിയത്.