ഏഷ്യാകപ്പ് ക്രിക്കറ്റ് : പാക്കിനെ തകർത്ത് ഇന്ത്യൻ ടീമിന് ഉജ്ജ്വല വിജയം !
ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്ത് ഏഷ്യൻ ചാമ്പ്യന്മാരായി ഇന്ത്യ. ദുബായ് ഇൻ്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ച തിലക് വർമ്മയുടെ (69) തകർപ്പൻ അർധ സെഞ്ചുറിയും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 19 ഓവർ കഴിഞ്ഞപ്പോള്‍ തന്നെ പുറത്താവുകയായിരുന്നു. കുല്‍ദീപ് യാദവിൻ്റെ ബോളിങ്ങിൽ പാകിസ്ഥാൻ്റെ നാല് വിക്കറ്റ് നഷ്‌ടമായിരുന്നു.19.1 ഓവറില്‍ 146 റണ്‍സ് മാത്രമേ പാകിസ്ഥാന് നേടാൻ സാധിച്ചിരുന്നുള്ളൂ. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാൻ്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിങില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.
146 ലക്ഷ്യം ഇന്ത്യയ്‌ക്ക് മുന്നിൽ നിൽക്കെ പരമാവധി ഇന്ത്യയെ പ്രതിരോധിക്കാൻ പാകിസ്ഥാൻ ശ്രമിച്ചിരുന്നു. ഏഴ് ഓവറിൽ 40ൽ തന്നെ തങ്ങി നിൽക്കുകയായിരുന്നു ഇന്ത്യ. എന്നാൽ തുടർന്നുള്ള ഓവറിൽ മികച്ച പ്രകടനവുമായി ഇന്ത്യ മുന്നോട്ട് പോവുകയായിരുന്നു. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു ഇന്ത്യ. അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.
തുടക്കത്തിൽ പാകിസ്ഥാൻ്റെ കനത്ത ഫീൽഡിങ്ങിൽ 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായിരുന്നു. പിന്നീട് സഞ്ജു - തിലക് കോംബോയിൽ 57 റണ്‍സിൽ എത്തി. എന്നാല്‍ റണ്‍സ് കൂട്ടാനുള്ള സഞ്ജുവിൻ്റെ ശ്രമം പാളി. അബ്രാര്‍ അഹമ്മദിനെതിരെ ബോളിൽ ബൗണ്ടറി ലക്ഷ്യമിട്ട ശ്രമം ഫര്‍ഹാന് ക്യാച്ചായി. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിൻ്റെ ഇന്നിങ്സ്. ഇതോടെ 12.2 ഓവറില്‍ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
2024 ടി20 ലോകകപ്പ്, 2025 ചാമ്പ്യന്‍സ് ട്രോഫി കിരീടങ്ങള്‍ക്ക് പിന്നാലെയാണ് ഇന്ത്യ ഏഷ്യ കപ്പ് 2025 കിരീടവും നേടുന്നത്. ഏഷ്യാ കപ്പില്‍ ഫൈനലില്‍ വിക്കറ്റ് കീപ്പറായിരുന്നു സഞ്ജു സാംസണ്‍. മത്സരത്തിലൊന്നാകെ രണ്ട് ക്യാച്ചുകളാണ് സഞ്ജു സ്വന്തമാക്കിയത്. അതില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗയെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
"കളിയിലും ഓപ്പറേഷൻ സിന്ദൂർ" ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഒമ്പതാം തവണയും ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. പാകിസ്ഥാനെതിരായ ഇന്ത്യയുടെ വിജയാഘോഷങ്ങൾ രാജ്യമെമ്പാടും അലയടിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുർമ്മുവും കേരള മുഖ്യമന്ത്രി പിണറായി വിജയനടക്കം നിരവധി രാഷ്ട്ര നേതാക്കൾ ടീം ഇന്ത്യയെ പ്രശംസിച്ചു.