ഏഷ്യാകപ്പ് : ഇന്ത്യ- പാക് കിരീടപ്പോര് ഇന്ന്

ദുബായ്: ഏഷ്യാ കപ്പിന്‍റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കിരീടപ്പോര് ഇന്ന് നടക്കും.മത്സരം കാണാൻ സ്റ്റേഡിയത്തിൽ വലിയൊരു ജനക്കൂട്ടമാകും ഇന്ന് ഒത്തുകൂടുക. ഇതേതുടര്‍ന്ന് ദുബായ് പോലീസ് പുതിയ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇവ ലംഘിക്കുന്നത് നിയമനടപടികൾക്ക് ഇടയാക്കും.
28,000 സീറ്റുകളുള്ള ദുബായ് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് ചരിത്രപരമായ പോരാട്ടത്തിന്‍റെ വേദി. മത്സരത്തിന് ഏകദേശം 12 മണിക്കൂർ മുമ്പ് തന്നെ എല്ലാ ടിക്കറ്റുകളും വിറ്റുതീർന്നു. കഴിഞ്ഞ ഞായറാഴ്ചകളിൽ ഇന്ത്യയും പാകിസ്ഥാനും പരസ്‌പരം ഏറ്റുമുട്ടിയതിനാൽ ഇരുരാജ്യങ്ങളിലെയും ക്രിക്കറ്റ് ആരാധകർക്ക് ഇന്നും ആഘോഷദിവസമാണ്.സെപ്റ്റംബർ 14 ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരം കാണാൻ ഏകദേശം 20,000 പേരും സെപ്റ്റംബർ 21 ന് നടന്ന സൂപ്പർ ഫോർ മത്സരത്തിനായി ഏകദേശം 17,000 ആരാധകരുമായിരുന്നു.സോണി സ്പോർട്‌സ് നെറ്റ്‌വർക്ക് ഇന്ത്യ-പാകിസ്ഥാൻ മത്സരം തത്സമയം സംപ്രേഷണം ചെയ്യും. സോണി ലൈവ് ഒടിടിയിലും സൈറ്റിലും ആരാധകർക്ക് മത്സരം കാണാൻ കഴിയും. ഏഷ്യാ കപ്പ് മത്സരങ്ങൾ ഇന്ത്യൻ സമയം രാത്രി 8 മണിക്ക് ആരംഭിക്കും. ടോസ് രാത്രി 7.30 ന് നടക്കും.