അസം ബജറ്റ് 2026-27 : ബഹുഭാര്യത്വമുള്ളവർക്ക്‌ ഇനി സർക്കാർ ജോലിയില്ല.

അസം ബജറ്റ് 2026-27 : ബഹുഭാര്യത്വമുള്ളവർക്ക്‌ ഇനി   സർക്കാർ ജോലിയില്ല.

ഗുവഹത്തി: ബഹുഭാര്യത്വം ആചരിക്കുന്ന സർക്കാർ ജീവനക്കാരെ പിരിച്ചുവിടാനും ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് ക്ഷേമപദ്ധതികൾ നിഷേധിക്കാനും വ്യവസ്ഥ ചെയ്യുന്ന അസം സർക്കാരിൻ്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചു. ധനമന്ത്രി ജയന്ത മല്ലബറുവയാണ്  ബജറ്റ് അവതരിപ്പിച്ചത്.  ശേഷം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയും ധനമന്ത്രിയും ദിസ്പൂരിൽ മാധ്യമപ്രവർത്തകരെ കണ്ട് വിവരങ്ങൾ വിശദീകരിച്ചു.വാർത്താസമ്മേളനത്തിൽ, ബഹുഭാര്യത്വത്തിനെതിരായ ബിജെപി സർക്കാരിൻ്റെ മുൻതീരുമാനം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവർത്തിച്ചു. ബഹുഭാര്യത്വം ആചരിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാരിൻ്റെ തീരുമാനം. പുതിയ നിർദേശപ്രകാരം ബഹുഭാര്യത്വം ആചരിക്കുന്ന സർക്കാർ ജീവനക്കാർക്ക് അവരുടെ ജോലി നഷ്ടപ്പെടും. കൂടാതെ ഇത്തരം ആളുകൾക്ക് സർക്കാരിൻ്റെ യാതൊരുവിധ ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിമിനലുകൾക്കും ബഹുഭാര്യത്വം ആചരിക്കുന്നവർക്കുമെതിരെ സർക്കാർ കർശന നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ക്രിമിനൽ പശ്ചാത്തലമുള്ളവർക്കും സർക്കാരിൻ്റെ പദ്ധതികളുടെ പ്രയോജനം ലഭിക്കില്ല. സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് സർക്കാർ ഇത്തരം കർശന നടപടികൾ സ്വീകരിക്കുന്നതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി ജയന്ത മല്ലബറുവയും വ്യക്തമാക്കി.

തൊഴിലും നൈപുണ്യ വികസനവും

സംസ്ഥാനത്ത് രണ്ട് ലക്ഷം തൊഴിലവസരങ്ങൾ നൽകുമെന്ന സർക്കാരിൻ്റെ വാഗ്ദാനം പാലിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതിനായി നിലവിലെ ഒഴിവുകൾ നികത്തുക മാത്രമല്ല, പുതിയ തസ്തികകൾ സൃഷ്ടിക്കുകയും ചെയ്യും. രണ്ട് ലക്ഷം സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ പ്രത്യേക ടാസ്ക് ഫോഴ്സ് രൂപീകരിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. യുവാക്കളുടെ നൈപുണ്യ വികസനത്തിനും ബജറ്റിൽ വലിയ പ്രാധാന്യമാണ് നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, വിഷ്വൽ എഫക്ട്സ്, വിദേശ ഭാഷകൾ എന്നിവയിൽ യുവാക്കൾക്ക് പ്രത്യേക പരിശീലനം നൽകും. ഇതിനുപുറമെ അൻപതിനായിരം സംരംഭകരെ പിന്തുണയ്ക്കുന്നതിനായി 500 കോടി രൂപയുടെ പ്രത്യേക പദ്ധതിയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.

അടിസ്ഥാന സൗകര്യ വികസനം

റോഡ്, റെയിൽവെ, വ്യോമയാന മേഖലകളിലായി വലിയ വികസന പ്രവർത്തനങ്ങളാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിനായി 55,000 കോടി രൂപയുടെ നിക്ഷേപം നടത്തും. അസം മാല പദ്ധതിക്കായി മാത്രം 10,000 കോടി രൂപയാണ് ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. നഗരങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും യാത്രാസൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി ഗുവഹത്തി മെട്രോ പദ്ധതിയും റിങ് റോഡും ബജറ്റിൽ പ്രഖ്യാപിച്ചു. വ്യോമയാന മേഖലയിലെ വികസനത്തിൻ്റെ ഭാഗമായി സിൽച്ചാറിൽ പുതിയ ഗ്രീൻഫീൽഡ് വിമാനത്താവളം നിർമിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ക്ഷേമപദ്ധതികളും ആരോഗ്യ മേഖലയും

അരുണോദോയ് ഉൾപ്പെടെയുള്ള ജനക്ഷേമ പദ്ധതികൾ ഓഗസ്റ്റ് മാസം മുതൽ പുനരാരംഭിക്കുമെന്ന് സർക്കാർ അറിയിച്ചു. സ്ത്രീശാക്തീകരണം, സാമൂഹിക നീതി, നിയമലംഘനങ്ങൾക്കെതിരായ കർശന നടപടി എന്നിവയ്ക്കാണ് പുതിയ ബജറ്റും നയപ്രഖ്യാപനങ്ങളും മുൻതൂക്കം നൽകുന്നത്. ആരോഗ്യ മേഖലയിൽ 33,000 പേരെ പുതുതായി നിയമിക്കാനും മെഡിക്കൽ വിദ്യാഭ്യാസം കൂടുതൽ വിപുലീകരിക്കാനും പദ്ധതിയുണ്ട്. വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്തെ നിരവധി സർവകലാശാലകൾക്കും കോളജുകൾക്കും പുതിയ ഫണ്ടുകൾ അനുവദിച്ചതായും ധനമന്ത്രി വ്യക്തമാക്കി.