പരമ്പരയിലെ ആദ്യ വിജയം നേടി ആസ്ട്രേലിയ , കോഹ്‌ലിയും രോഹിത്തും മോശം പ്രകടനം

പരമ്പരയിലെ ആദ്യ വിജയം നേടി ആസ്ട്രേലിയ , കോഹ്‌ലിയും രോഹിത്തും മോശം പ്രകടനം

പെർത്ത്: ഇന്ത്യ-ഓസ്ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്ക് തോല്‍വി. 21.1 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യയെ ഓസീസ് പട തോൽപ്പിച്ചത്. തകർത്തു പെയ്യുന്ന മഴ മൂലവും ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരവും 26 ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. കുറഞ്ഞ വിജയലക്ഷ്യം ആതിഥേയര്‍ അനായാസം മറികടക്കുകയായിരുന്നു.ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓസീസിനെതിരെ ഉയർത്തിയത് 137 റൺസ് വിജയലക്ഷ്യമായിരുന്നു. മഴമൂലം നാല് തവണയാണ് മത്സരം മാറ്റിവയ്‌ക്കേണ്ടിവന്നത്. നേരത്തെ ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ മിച്ചൽ മാർഷ് ആദ്യം ബൌളിങ് തെരഞ്ഞെടുക്കുകയായിരുന്നു.ഏകദിനത്തില്‍ ശുഭ്‌മാൻ ഗില്ല് ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച ആദ്യ മത്സരമായിരുന്നു ഇത്. ആദ്യ പത്ത് ഓവറിൽ തന്നെ രോഹിത് ശർമയും കോഹ്‌ലിയും ഗില്ലും പുറത്തായിരുന്നു. 45 റണ്‍സിന് 4 വിക്കറ്റെന്ന തരത്തില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞിരുന്നു.

രോഹിത് ശർമ എട്ട് റണ്ണിൽ പുറത്തായപ്പോൾ മിച്ചല്‍ സ്റ്റാര്‍ക്കിൻ്റെ പന്തിൽ കോഹ്‌ലി പൂജ്യത്തിന് പുറത്തായി. ഗില്ലിന് 10 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ആരാധകരുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മൂവർക്കും മത്സരത്തിൽ പ്രകടനം കാഴ്‌ച വയ്ക്കാനായില്ല. കെഎൽ രാഹുലും (38) അക്‌സർ പട്ടേലുമാണ് (31) ടീമിനെ ഭേദപ്പെട്ട സ്‌കോറിലേയ്ക്ക് നയിച്ചത്. ഇരുവരും മത്സരത്തിലെ ടോപ് സ്‌കോറർമാരായി.ഓസ്ട്രേലിയക്കുവേണ്ടി ജോഷ് ഹേസല്‍വുഡ്, മിച്ചല്‍ ഓവന്‍, മാത്യു കന്‍മന്‍ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍എ ലിസ് എന്നിവർ ഓരോ വിക്കറ്റും നേടിയിരുന്നു. പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയം പിച്ചിലെ അധിക ബൗൺസും ആത്മവിശ്വാസവും ഓസീസിന് മത്സരത്തിൽ മുന്നേറാൻ വളരെയധികം സഹായകരമായി. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഓസീസ് മുന്നിലെത്തി.