ആയത്തുള്ള അലിറേസ അറാഫിയെ ഇറാൻ്റെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചു

ടെഹ്‌റാൻ: മുതിർന്ന ഷിയാ പണ്ഡിതൻ ആയത്തുള്ള അലിറേസ അറാഫിയെ ഇറാൻ്റെ ഇടക്കാല പരമോന്നത നേതാവായി നിയമിച്ചു. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഈ വിവരം റിപ്പോർട്ട് ചെയ്‌തത്. ഇറാനിലെ ഗാർഡിയൻ കൗൺസിൽ അംഗമാണ് അറാഫി. ഖമേനിയുടെ പിൻഗാമിയെ നിയമിക്കുന്നത് വരെ പരമോന്നത നേതാവിൻ്റെ ചുമതലകൾ നിർവ്വഹിക്കുന്ന താൽക്കാലിക നേതൃസമിതിയിലെ ജൂറിസ്റ്റ് അംഗമായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.
പ്രസിഡൻ്റ് മസൂദ് പെസെഷ്‌കിയാൻ, ചീഫ് ജസ്റ്റിസ് ഗുലാം ഹുസൈൻ മുഹ്സിനി-ഈജെയി, ഗാർഡിയൻ കൗൺസിലിൽ നിന്നുള്ള ഒരു പുരോഹിതൻ എന്നിവരും ഈ ഇടക്കാല സമിതിയിൽ ഉൾപ്പെടുന്നു. ഇറാൻ്റെ കരുത്തുറ്റ സമിതിയായ ഗാർഡിയൻ കൗൺസിലിലെ അംഗമാണ് അദ്ദേഹം. കൂടാതെ, ലോകപ്രശസ്‌തമായ 'അൽ-മുസ്‌തഫ ഇൻ്റർനാഷണൽ യൂണിവേഴ്‌സിറ്റി'യുടെ മുൻ ചാൻസലറായും അദ്ദേഹം സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.ഇറാനിലെ ഖോമിലുള്ള പ്രശസ്‌തമായ സെമിനാരികളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഇസ്ലാമിക് നിയമങ്ങളിലും തത്വശാസ്ത്രത്തിലും വലിയ പാണ്ഡിത്യമുള്ള വ്യക്തിയാണ്. ആയത്തുള്ള ഖമേനിയുടെ ഏറ്റവും അടുത്ത വിശ്വസ്‌തരിൽ ഒരാളായാണ് ഇദ്ദേഹം അറിയപ്പെടുന്നത്. അതിനാൽ തന്നെയാണ് ഈ നിർണ്ണായക ഘട്ടത്തിൽ ഭരണകൂടത്തിൻ്റെ ചുമതലകൾ നിർവ്വഹിക്കാൻ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടതും.
ഇറാൻ്റെ മത-രാഷ്ട്രീയ തലപ്പത്തുള്ള ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളാണ് 67 കാരനായ അലിറേസ അറാഫി. നിലവിൽ ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നത് വരെ രാജ്യത്തിൻ്റെ ചുമതല വഹിക്കുന്ന മൂന്നംഗ ഇടക്കാല സമിതിയിലെ പ്രധാന അംഗമാണ് ഇദ്ദേഹം. ഇറാനിലെ മുഴുവൻ ഇസ്ലാമിക് പള്ളികളുടെയും തലവനായി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.ഇറാൻ്റെ ആത്മീയ കേന്ദ്രമായ ഖോമിലെ വെള്ളിാഴ്ച നമസ്കാരത്തിന് നേതൃത്വം നൽകുന്ന പ്രധാന പുരോഹിതന്മാരിൽ ഒരാളാണ്. ഖമേനിയുടെ ആശയങ്ങൾ അതേപടി തുടരാൻ താല്പര്യപ്പെടുന്ന വ്യക്തിയാണിത്. ഇസ്ലാമിക് നിയമം, തത്വശാസ്ത്രം, പാശ്ചാത്യ ചിന്താഗതികൾ എന്നിവയിൽ അഗാധമായ അറിവുള്ള പണ്ഡിതനാണ്. 'അൽ-മുസ്‌തഫ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി'യുടെ പ്രസിഡന്റായിരുന്ന കാലത്ത് ഇറാൻ്റെ ആശയങ്ങൾ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു. അമേരിക്കയുടെയും ഇസ്രായേലിൻ്റെയും ആക്രമണത്തിന് ശേഷം രാജ്യം നേരിടുന്ന കടുത്ത പ്രതിസന്ധിയിൽ, സൈന്യത്തെയും സർക്കാരിനെയും ഏകോപിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രധാന ദൗത്യം. ഇറാൻ്റെ പ്രതികാര നടപടികൾ ആസൂത്രണം ചെയ്യുന്നതിലും ഇദ്ദേഹത്തിന് നിർണായക പങ്കുണ്ടാകും.