മാനവരാശിക്കും പരിസ്ഥിതിക്കും പരിരക്ഷ; ആയുര്‍വേദ ദര്‍ശനങ്ങള്‍ ലോകത്തിന്റെ മടിത്തട്ടിലേക്ക്

സെപ്റ്റംബര് 23 ആയുര്വേദ ദിനമായി ആചരിക്കുകയാണ്. ആയുര്വേദത്തെക്കുറിച്ച് മലയാളികള് ഏറെക്കുറെ ബോധവാൻമാരാണ്. ഒരു പരിധിവരെ അത് നമ്മുടെ ജീവിതരീതി തന്നെയായിരുന്നു. പ്രകൃതിയോട് ഏറ്റവും ഇണങ്ങി ജീവിച്ചിരുന്ന ഒരു തലമുറ നമുക്കുണ്ടായിരുന്നു. അവരുടെ ആഹാരവും ചിട്ടകളും ചിന്തകളും ആയുര്വേദ ദര്ശനങ്ങളില് നിന്നു രൂപപ്പെട്ട് വന്നവയായിരുന്നു. നമ്മുടെ ജീവിത രീതികളും ചുറ്റുപാടും മാറിക്കൊണ്ടിരിക്കയാണ്. ഇത് നമ്മുടെ ആരോഗ്യത്തേയും സ്വാധീനിക്കുന്നുണ്ട്. ആയുര്വേദമെന്ന ജീവിത ശാസ്ത്രത്തിന്റെ തത്വങ്ങളെ ഉള്ക്കൊള്ളേണ്ടതിന്റെ ആവശ്യകതയും ഏറിവരികയാണ്. 2016 മുതല് ധന്വന്തരി ജയന്തി ദിവസമാണ് ദേശീയ ആയുര്വേദ ദിനമായി ആചരിക്കുന്നത്. എന്നാല് ഇനിമുതല് എല്ലാവര്ഷവും സെപ്റ്റംബര് 23 ആയുര്വേദ ദിനമായി ആചരിക്കാന് ഭാരതസര്ക്കാര് തീരുമാനിച്ചത് ഈയടുത്താണ്. ഈ മാറ്റം വഴി ആഗോള തലത്തില് തന്നെ ഈ ദിനാചരണം വിപുലപ്പെടുത്താനും വിവിധ ലോകരാജ്യങ്ങളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനും സാധിക്കും.