ബംഗ്ലാദേശ് തിരഞ്ഞെടുപ്പ് ഫലം; ജമാഅത്തെ ഇസ്ലാമിയുടെ വിജയംഇന്ത്യയ്ക്ക് ഭീഷണിയാകുമോ ?

ധാക്ക : ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബിഎൻപി വിജയിച്ചെങ്കിലും, പശ്ചിമ ബംഗാൾ അതിർത്തിയോട് ചേർന്നുള്ള ജില്ലകളിൽ ജമാഅത്തെ ഇസ്‌ലാമി വൻ വിജയം നേടിയത് ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണിയാകുമെന്ന് വിലയിരുത്തൽ. മൗലികവാദവും നുഴഞ്ഞുകയറ്റവും വർധിക്കാൻ ഇത് കാരണമാകുമെന്ന് ഇന്ത്യൻ ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ബംഗ്ലാദേശിൽ 2024-ലെ പ്രക്ഷോഭത്തിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പിൽ താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബിഎൻപി ഭൂരിപക്ഷം നേടിയെങ്കിലും, പശ്ചിമ ബംഗാൾ അതിർത്തി മേഖലകളിൽ ജമാഅത്തെ ഇസ്‌ലാമി കരുത്തറിയിച്ചു.ബിഎൻപി പ്രധാനമായും സിൽഹെറ്റ്, ചിറ്റഗോങ്, മൈമൻസിംഗ് തുടങ്ങിയ നഗരമേഖലകളിൽ വിജയിച്ചപ്പോൾ, ജമാഅത്തെ ഇസ്‌ലാമി പശ്ചിമ ബംഗാളിനോട് കിടക്കുന്ന സത്ഖിര, കുഷ്തിയ, ഖുൽന ബെൽറ്റ് മേഖലകളിൽ മികച്ച വിജയം നേടി. ആസാം, സിലിഗുരി ഇടനാഴി എന്നിവക്ക് അഭിമുഖമായുള്ള രംഗ്പൂർ മേഖലയിലും ജമാഅത്തെ ഇസ്ലാമിക്കാണ് വിജയം. ഈ ജില്ലകൾ പശ്ചിമ ബംഗാൾ, ആസാം സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നതിനാൽ സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്.