ഏകദിന ക്രിക്കറ്റിലും ഇനി ഗില്‍യുഗം; ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു

ഏകദിന ക്രിക്കറ്റിലും ഇനി ഗില്‍യുഗം;  ഇന്ത്യൻ സ്‌ക്വാഡ് പ്രഖ്യാപിച്ചു

മുംബൈ : ഓസ്‌ട്രേലിയക്കെതിരായ ഏകദിന ടി-20 പരമ്പരക്കുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ബിസിസിഐ. ടെസ്റ്റ് നായകൻ ശുഭ്‌മന്‍ ഗിൽ  ഇന്ത്യൻ ടീമിനെ നയിക്കും . പരിക്കേറ്റ ഋഷഭ് പന്ത് ടീമിലില്ല. ശ്രേയസ് അയ്യർ വൈസ് ക്യാപ്റ്റനാകും.രോഹിത് ശർമയെ ഏകദിന നായകസ്ഥാനത്ത് നിന്നും മാറ്റി. ശർമ്മ അവസാനമായി ക്യാപ്റ്റനായത് 2025 ചാമ്പ്യൻസ് ട്രോഫി ഫൈനലായിരുന്നു. ഈ വർഷം ആദ്യം ടെസ്റ്റ് ക്യാപ്റ്റനായി നിയമിതനായ ഗിൽ, എല്ലാ ഫോർമാറ്റുകളിലും ഇന്ത്യയ്ക്ക് സാധ്യതയുള്ള ക്യാപ്റ്റനായാണ് കണക്കാക്കപ്പെടുന്നത്. ഇതോടെ 26-കാരനായ ഗിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ നേതൃസ്ഥാനത്തെത്തി. ടെസ്റ്റിലും ഏകദിനത്തിലും ക്യാപ്റ്റനായ ഗിൽ ടി20 ടീമിന്‍റെ വൈസ് ക്യാപ്റ്റനാണ്.ഗില്ലിന്‍റെ നേതൃത്വത്തിൽ, ഇന്ത്യ ഇംഗ്ലണ്ട് പരമ്പര 2-2 ന് സമനിലയിൽ പിരിഞ്ഞു. ഇതുവരെ 55 ഏകദിനങ്ങൾ കളിച്ച ഗിൽ 2,775 റൺസും എട്ട് സെഞ്ച്വറിയും നേടിയിട്ടുണ്ട്. രോഹിത്തിനെ കൂടാതെ വിരാട് കോലിയെയും ഏകദിന ടീമിൽ ഉൾപ്പെടുത്തി. ചാമ്പ്യൻസ് ട്രോഫി ഫൈനലിലാണ് ഇരുതാരങ്ങളും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്.പരമ്പരയിലെ ഏകദിന ടീമിൽ നിന്ന് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെയും ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെയും ഒഴിവാക്കി. എന്നാല്‍, ബുംറയെ ടി20 മത്സരത്തിനുള്ള ടീമിൽ നിലനിർത്തി. ഹാർദിക് പാണ്ഡ്യയെ രണ്ട് ഫോർമാറ്റുകളിൽ നിന്നും ഒഴിവാക്കി. ഏകദിന ടീമിൽ രണ്ട് പുതിയ താരങ്ങളായ നിതീഷ് കുമാർ റെഡ്ഡി, ധ്രുവ് ജുറലും ഇടം നേടി. ഏകദിനത്തില്‍ രണ്ടാം വിക്കറ്റ് കീപ്പറായി സഞ്ജു സാംസൺ എത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ധ്രുവ് ജൂറലിനാണ് നറുക്ക് വീണത്.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന ടീം: ശുഭ്‌മന്‍ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ്മ, വിരാട് കോലി, ശ്രേയസ് അയ്യർ (വിസി), അക്സർ പട്ടേൽ, കെഎൽ രാഹുൽ (ഡബ്ല്യുകെ), നിതീഷ് കുമാർ റെഡ്ഡി, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, ഹർഷിത് റാണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, പ്രസിദ് കൃഷ്ണ, ധ്രുവ് ജുറെൽ, യശസ്വി ജയ്‌സ്വാൾ.

ടി20 ടീം: സൂര്യകുമാർ യാദവ് (സി), അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ (വിസി), തിലക് വർമ്മ, നിതീഷ് കുമാർ റെഡ്ഡി, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ (ഡബ്ല്യുകെ), വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, ഹർഷിത് റാണ. സഞ്ജു സാംസൺ (WK), റിങ്കു സിംഗ്, വാഷിംഗ്ടൺ സുന്ദർ.

ഇന്ത്യ-ഓസ്ട്രേലിയ പരമ്പര ഷെഡ്യൂൾ

ഒക്ടോബർ 19 - ആദ്യ ഏകദിനം, പെർത്ത്

ഒക്ടോബർ 23 - രണ്ടാം ഏകദിനം, അഡലെയ്‌ഡ്

ഒക്ടോബർ 25 - മൂന്നാം ഏകദിനം, സിഡ്‌നി

ഒക്ടോബർ 29 - ആദ്യ ടി20, കാൻബറ

ഒക്ടോബർ 31 - രണ്ടാം ടി20, മെൽബൺ

നവംബർ 2 - മൂന്നാം ടി20, ഹൊബാർട്ട്

നവംബർ 6 - നാലാം ടി20, ഗോൾഡ് കോസ്റ്റ്

നവംബർ 8 - അഞ്ചാം ടി20, ബ്രിസ്ബേൻ