ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരങ്ങളുടെ മാച്ച് ഫീ വർധിപ്പിച്ച് ബിസിസിഐ

ഇന്ത്യൻ വനിതാ ക്രിക്കറ്റ്  താരങ്ങളുടെ മാച്ച് ഫീ വർധിപ്പിച്ച്  ബിസിസിഐ

മുംബൈ: ആഭ്യന്തര ക്രിക്കറ്റിലെ വനിതാ താരങ്ങളുടെ മാച്ച് ഫീ വർധിപ്പിച്ച് ചരിത്രപരമായ തീരുമാനവുമായി ബിസിസിഐ. അപെക്‌സ് കൗൺസിൽ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ആഭ്യന്തര ക്രിക്കറ്റിലും ഇനി പുരുഷ താരങ്ങള്‍ക്ക് ലഭിക്കുന്ന അതേ മാച്ച് ഫീ ആയിരിക്കും വനിതാ താരങ്ങള്‍ക്കും ലഭിക്കുക.

സീനിയർ വനിതാ താരങ്ങളുടെ മാച്ച് ഫീ പ്രതിദിനം 20,000 രൂപയിൽ നിന്ന് 50,000 രൂപയായി വർധിപ്പിച്ചു. ഇത് പുരുഷ താരങ്ങളുടെ വേതനത്തിന് തുല്യമാണ്. 21 മുതൽ 40 വരെ രഞ്ജി ട്രോഫി മത്സരങ്ങൾ കളിച്ച പുരുഷ താരങ്ങൾക്ക് ലഭിക്കുന്നത് പ്രതിദിനം 50,000 രൂപയാണ്.ഏകദിന, മൾട്ടി-ഡേ മത്സരങ്ങളിൽ കളിക്കുന്നവർക്ക് ദിവസം 50,000 രൂപയും റിസർവ് താരങ്ങൾക്ക് 25,000 രൂപയും ലഭിക്കും. ടി20 മത്സരങ്ങളിൽ കളിക്കുന്നവർക്ക് 25,000 രൂപയും റിസർവ് താരങ്ങൾക്ക് 12,500 രൂപയും ലഭിക്കുമെന്നും ബിസിസിഐ അറിയിച്ചു. അണ്ടർ-19, അണ്ടർ-23 താരങ്ങളുടെ വേതനം പ്രതിദിനം 25,000 രൂപയായി ഉയർത്തി. ചരിത്രപരമായ ഈ മാറ്റത്തിലൂടെ ഒരു സീനിയർ വനിതാ താരം ഒരു സീസണിൽ എല്ലാ ഫോർമാറ്റിലും കളിക്കുകയാണെങ്കിൽ ഏകദേശം 12 മുതൽ 14 ലക്ഷം രൂപ വരെ സമ്പാദിക്കാൻ സാധിക്കും. മുൻപ് ഇത് ശരാശരി 2 ലക്ഷം രൂപ മാത്രമായിരുന്നു.

2025 നവംബറിൽ ഇന്ത്യ ആദ്യമായി നേടിയ വനിതാ ഏകദിന ലോകകപ്പ് കിരീടനേട്ടമാണ് ഈ വിപ്ലവകരമായ തീരുമാനത്തിലേക്ക് നയിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരത്തെ തന്നെ പുരുഷ-വനിതാ താരങ്ങൾക്ക് തുല്യ മാച്ച് ഫീ ബിസിസിഐ നടപ്പിലാക്കിയിരുന്നു (ടെസ്റ്റ്: 15 ലക്ഷം, ഏകദിനം: 6 ലക്ഷം, ടി20: 3 ലക്ഷം).

അതേസമയം, അമ്പയര്‍മാരുടെ ശമ്പളവും കൂട്ടിയിട്ടുണ്ട്. ആഭ്യന്തര ടൂർണമെന്റുകളിലെ ലീഗ് മത്സരങ്ങൾക്ക് അമ്പയർമാർക്ക് പ്രതിദിനം 40,000 രൂപ വീതം ലഭിക്കും. നോക്കൗട്ട് മത്സരങ്ങൾക്ക് പ്രതിദിന ഫീസ് 50,000 മുതൽ 60,000 രൂപ വരെയായി ഉയരും, എന്നാൽ കൃത്യമായ തുക കളിയുടെ പ്രാധാന്യത്തെ ആശ്രയിച്ചിരിക്കും. പരിഷ്‌കരിച്ച വേതനഘടന പ്രകാരം രഞ്ജി ട്രോഫി ലീഗ് മത്സരങ്ങളിലെ അമ്പയര്‍ക്ക് ഒരു മത്സരത്തിന് 1.60 ലക്ഷം രൂപ വരെ ലഭിക്കും. നോക്കൗട്ടിലെ ഒരു മത്സരത്തിന് 2.5 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ ലഭിക്കും.