എലി നിരപരാധിയാണ് ! ഫസൽ വധക്കേസിൽ കാണാതായ രക്തം പുരണ്ട തൂവാല കണ്ടെത്തി

എറണാകുളം: തലശ്ശേരി ഫസൽ വധക്കേസിൽ എറണാകുളം സിജെഎം കോടതിയിൽനിന്ന് കാണാതായ നിർണായക തൊണ്ടിമുതലായ രക്തം പുരണ്ട തൂവാല കണ്ടെത്തി. എലി കൊണ്ടുപോയെന്ന് നേരത്തെ കോടതിയെ അറിയിച്ചിരുന്ന തൂവാലയാണ് വിശദമായ പരിശോധനയ്‌ക്കൊടുവിൽ തിരികെ ലഭിച്ചത്. കേസ് അന്വേഷണം വഴിതിരിച്ചുവിടാനും വർഗീയകലാപം ഉണ്ടാക്കാനും പ്രതികൾ ഉപയോഗിച്ചുവെന്ന് സിബിഐ കണ്ടെത്തിയ പ്രധാന തെളിവാണിത്.
സിബിഐ കോടതിയിൽ സാക്ഷിവിസ്താരം നടക്കുന്നതിനിടെയാണ് തൂവാല കാണാനില്ലെന്ന വിവരം പുറത്തുവന്നത്. തൊണ്ടിമുതൽ ഹാജരാക്കാൻ സിബിഐ ആവശ്യപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ കവറിനുള്ളിൽ തൂവാല ഉണ്ടായിരുന്നില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ എലി കരണ്ടുപോയതാകാം എന്ന് കാണിച്ച് കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. എന്നാൽ, ഈ വിശദീകരണം വലിയ വിവാദങ്ങൾക്ക് വഴിവച്ചു. കോടതിപോലും ഈ റിപ്പോർട്ട് മുഖവിലയ്ക്ക് എടുത്തിരുന്നില്ല. കേസ് അട്ടിമറിക്കാൻ ബോധപൂർവമായ ശ്രമം നടന്നുവെന്ന ആരോപണവും ഇതിനിടെ ശക്തമായി. തുടർന്ന് സിജെഎം കോടതിയുടെ കർശന നിർദേശപ്രകാരം നടത്തിയ വിശദമായ തിരച്ചിലിലാണ് ഇപ്പോൾ തൂവാല കണ്ടെത്തിയത്.
കേസിൽ ഗൂഢാലോചന തെളിയിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട തെളിവുകളിലൊന്നാണ് ഈ തൂവാല. ഫസലിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഈ രക്തം പുരണ്ട തൂവാല സമീപത്തുള്ള ഒരു ആർഎസ്എസ് പ്രവർത്തകൻ്റെ വീടിനടുത്ത് കൊണ്ടുപോയി ഇടുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് വരുത്തിത്തീർക്കാനും, അതുവഴി പ്രദേശത്ത് വലിയ രീതിയിലുള്ള വർഗീയകലാപം സൃഷ്ടിക്കാനുമായിരുന്നു പ്രതികൾ ലക്ഷ്യമിട്ടിരുന്നത്. അന്വേഷണം വഴിതിരിച്ചുവിടാൻ ബോധപൂർവം നടത്തിയ ഈ നീക്കം സിബിഐ അന്വേഷണത്തിലാണ് പൊളിഞ്ഞത്. ആദ്യം ലോക്കൽ പൊലീസ് കസ്റ്റഡിയിലെടുത്ത ഈ തൊണ്ടിമുതൽ പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.
2006 ഒക്ടോബർ 22നാണ് എൻഡിഎഫ് പ്രവർത്തകനായ ഫസൽ തലശ്ശേരിയിൽ കൊല്ലപ്പെടുന്നത്. സിപിഎം നേതാക്കളായ കാരായി രാജൻ, കാരായി ചന്ദ്രശേഖരൻ എന്നിവരുൾപ്പെടെയുള്ളവരാണ് കേസിലെ പ്രതികൾ. തലശ്ശേരി മുൻ എംഎൽഎ കൂടിയായ കാരായി രാജൻ ഉൾപ്പെട്ട കേസ് എന്ന നിലയിൽ തുടക്കം മുതൽ തന്നെ വലിയ രാഷ്ട്രീയ ശ്രദ്ധ നേടിയ സംഭവമാണിത്. കേസിൻ്റെ വിചാരണ വേളയിൽ നിർണായക തെളിവ് നഷ്ടപ്പെട്ടത് പ്രോസിക്യൂഷന് വലിയ തിരിച്ചടിയാകുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാൽ, കോടതി വളപ്പിൽനിന്നുതന്നെ തൂവാല തിരികെ ലഭിച്ചത് സിബിഐക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ ഈ തൊണ്ടിമുതൽ കോടതിയിൽ ഔദ്യോഗികമായി ഹാജരാക്കും