ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിലാക്കി സംസ്‌കരിച്ചു; നാല് പേര്‍ അറസ്റ്റില്‍

ആത്മഹത്യ ചെയ്‌ത പെണ്‍കുട്ടിയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിലാക്കി സംസ്‌കരിച്ചു; നാല് പേര്‍ അറസ്റ്റില്‍

ശിവമോഗ: കർണ്ണാടകയിൽ ആത്മഹത്യ ചെയ്‌ത പതിനാറുകാരിയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിലാക്കി കൊണ്ടുപോയി സംസ്‌കരിച്ച സംഭവത്തില്‍ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശിവമോഗയില്‍ ശിക്കാരിപുര പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.പൊലീസ് രജിസ്റ്റര്‍ ചെയ്‌ത ഒരു കാണാതാകല്‍ കേസിലാണ് നാല് പേരെ അറസ്റ്റ് ചെയ്‌തത്. ഒരു പേയിങ് ഗസ്റ്റ് സംവിധാനത്തിന്‍റെ നടത്തിപ്പുകാരിയായ സൗഭാഗ്യ, അവരുടെ ഭര്‍ത്താവ് ഗഗന്‍ നായിക്, രഞ്ജിത അവരുടെ സുഹൃത്ത് പ്രിയനായിക് എന്നിവരാണ് അറസ്റ്റിലായത്.

2025 ജൂണ്‍ പതിനെട്ട് മുതല്‍ തന്‍റെ മകള്‍ സംഗീതയെ കാണാനില്ലെന്ന് കാട്ടി ജൂലൈ മൂന്നിന് ശിക്കാരിപുര താലൂക്കിലെ തരാല്‍ഘട്ട നിവാസിയായ പരമേശ് ഒരു പരാതി നല്‍കിയതാണ് അറസ്റ്റിലേക്ക് വഴിതെളിച്ചത്. കുറ്റാരോപിതയായ സൗഭാഗ്യ ശിക്കാരിപുരയില്‍ ഒരു പേയിങ് ഗസ്റ്റ് സംവിധാനവും ബ്യൂട്ടിപാര്‍ലറും ഒരേ കെട്ടിടത്തില്‍ തന്നെ നടത്തിയിരുന്നു. സംഗീത ഇവിടെ താമസിച്ച് ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുകയായിരുന്നു. രഞ്ജിത എന്ന സ്‌ത്രീയാണ് സംഗീതയെ ഇവിടേക്ക് കൊണ്ടു വന്നത്. മരിച്ച സംഗീതയും രഞ്ജിതയും സൗഭാഗ്യയും തമ്മില്‍ ചില അസ്വാരസ്യങ്ങള്‍ ഉടലെടുത്തു. സൗഭാഗ്യ, ഗംഗ നായിക്, രഞ്ജിത, പ്രിയ നായിക് എന്നിവര്‍ സംഗീതയെ വിളിച്ച് വഴക്കുപറഞ്ഞു. തുടര്‍ന്ന് സംഗീത ആത്മഹത്യ ചെയ്‌തു. ഇത് മറ്റ് നാലുപേരെയും അങ്കലാപ്പിലാക്കി. തുടര്‍ന്ന് ഇവര്‍ സംഗീതയുടെ മൃതദേഹം സ്യൂട്ട്കെയ്‌സിലാക്കികാട്ടില്‍ കൊണ്ടു പോയി മറവ് ചെയ്‌തു.ഉത്തരകന്നഡയിലെ സിദാദപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള വനത്തിലാണ് മൃതദേഹം മറവ് ചെയ്‌തത്.

ഇക്കാര്യം ഇവര്‍ ആരോടും പറഞ്ഞില്ല. എന്നാല്‍ അടുത്തിടെ രഞ്ജിതയും പ്രിയനായികും തമ്മില്‍ വഴക്കുണ്ടായി. രഞ്ജിത പ്രിയനായിക്കുമായി ഉടക്കിയതോടെ സംഗീതയുടെ പിതാവിനോട് കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് അദ്ദേഹം മകളെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് അന്വേഷിക്കുകയും സംഭവങ്ങള്‍ പുറത്ത് വരികയുമായിരുന്നു.ജൂലൈ മൂന്നിനാണ് പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതെന്ന് ശിവമോഗ എസ്‌പി നിഖില്‍ ബി പറഞ്ഞു. അന്വേഷണത്തില്‍ പെണ്‍കുട്ടി ഹോസ്റ്റലില്‍ വച്ച് ജീവനൊടുക്കിയതായി കണ്ടെത്തി.ആരെയും ഇക്കാര്യം അറിയിക്കാതെ ഹോസ്റ്റലുടമ സൗഭാഗ്യയും അവരുടെ ഭര്‍ത്താവ് ഗഗന്‍നായികും രഞ്ജിതയും പ്രിയങ്കയും ചേര്‍ന്ന് മൃതദേഹം സ്യൂട്ട് കെയ്‌സിലാക്കിമാവിനഗുണ്ടിക്കടുത്ത് വനത്തില്‍ കുഴിച്ചുമൂടി.ഒരു വര്‍ഷത്തോളം ഇക്കാര്യം ആരുമറിയാതെ അവര്‍ സൂക്ഷിച്ചു. ഒരു വര്‍ഷമായി സംഗീത ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. അവസാനമായി സംസാരിച്ചത് രഞ്ജിതയോടാണെന്നും കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തില്‍ ഇവര്‍ക്ക് പങ്കുള്ളതായി കണ്ടെത്തിയത്. സൗഭാഗ്യയോയും രഞ്ജിതയോടും പെണ്‍കുട്ടി ഏഷണി പറഞ്ഞിരുന്നതായും ഇതിന്‍റെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായും കണ്ടെത്തി. തുടര്‍ന്ന് ബ്യൂട്ടിപാര്‍ലറില്‍ വച്ച് എല്ലാവരും കൂടി ഇവളെ വഴക്ക് പറഞ്ഞെന്നും പൊലീസ് മനസിലാക്കി. ഇതില്‍ മനംനൊന്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നു.

ചോദ്യം ചെയ്യലില്‍ എല്ലാവരും കുറ്റം സമ്മതിച്ചു. ഇവര്‍ പറഞ്ഞ സ്ഥലത്ത് നിന്ന് ശരീരത്തിന്‍റെ അവശിഷ്‌ടങ്ങള്‍ സ്യൂട്ട്‌കെയ്‌സിനുള്ളില്‍ കണ്ടെത്തി.കേസ് അന്വേഷണഘട്ടത്തിലായതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും പൊലീസ് പറഞ്ഞു.തങ്ങളുടെ വീട് തകര്‍ന്നതിനാല്‍ താനും മകളും സഹോദരിയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് പിതാവ് പറഞ്ഞു. ശിക്കാരിപുരയില്‍ ഇവര്‍ക്ക് ഒരു ഹോസ്റ്റലുണ്ടെന്ന്പറഞ്ഞ് നാഗരാജും ഉമക്കയും പരമേഷും മകളെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. അവര്‍ തന്‍റെ ചെലവുകളും വഹിച്ചോളാമെന്ന് പറഞ്ഞാണ് മകളെ കൂട്ടിക്കൊണ്ടു പോയത്. പിന്നീട് അവിടെ പോയി മകളെക്കുറിച്ച് ചോദിച്ചപ്പോള്‍ മകള്‍ അവള്‍ ഒളിച്ചോടിയെന്നായിരുന്നു മറുപടി. പിന്നീട് വിളിച്ചപ്പോള്‍ അവള്‍ ബെംഗളുരുവില്‍ ഉണ്ടെന്ന് പറഞ്ഞു. മകള്‍ക്ക് നീതി വേണമെന്നും ആ പിതാവ് ആവശ്യപ്പെടുന്നു.