ബ്രസീല്‍ ഇതിഹാസ താരം റോബർട്ടോ കാർലോസിന് ഹൃദയാഘാതം

ബ്രസീല്‍ ഇതിഹാസ താരം റോബർട്ടോ കാർലോസിന് ഹൃദയാഘാതം

മുംബൈ : ബ്രസീലിന്‍റേയും റയൽ മാഡ്രിഡിന്‍റേയും മുൻ പ്രതിരോധ താരം റോബർട്ടോ കാർലോസിനു ഹൃദയാഘാതം. കാർലോസിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയതായി റിപ്പോർട്ട്. സ്‌പാനിഷ് ദിനപത്രമായ എഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. റയല്‍ മാഡ്രിഡ് അംബാസഡറായി സേവനമനുഷ്ഠിക്കുന്ന താരം സ്വന്തം നാട്ടിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹൃദയ സംബന്ധമായ അസുഖം കണ്ടെത്തിയത്.

കാലിൽ ചെറിയ രക്തം കട്ടപിടിക്കുന്നതിനാണ് കാർലോസ് ആദ്യം പരിശോധനകൾ ആവശ്യപ്പെട്ടത്. ഇതോടെ ഡോക്ടർമാർ ഫുൾ ബോഡി എംആർഐ എടുക്കുകയായിരുന്നു. ഇതിൽ അദ്ദേഹത്തിന്‍റെ ഹൃദയം ശരിയായി പ്രവർത്തിക്കുന്നില്ലെന്ന് കണ്ടെത്തി. ഇത് ആശങ്ക സൃഷ്ടിച്ചതോടെ ഡോക്ടർമാർ ഉടൻ തന്നെ താരത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. കത്തീറ്റർ ഘടിപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ശസ്ത്രക്രിയ.

മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയ:

40 മിനിറ്റ് നീണ്ടുനിൽക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന നടപടിക്രമം, ഒരു സങ്കീർണത കാരണം ഏകദേശം മൂന്ന് മണിക്കൂറായി നീണ്ടുനിന്നു. നിലവില്‍ താരം സൂക്ഷ്‌മ നിരീക്ഷണത്തിലാണ്, സുഖം പ്രാപിക്കുന്നത് ഉറപ്പാക്കാൻ 48 മണിക്കൂർ കൂടി ആശുപത്രിയിൽ കഴിയേണ്ടിവരും. ശസ്ത്രക്രിയക്കു ശേഷം കാർലോസ് സുഖംപ്രാപിച്ചുവരുന്നതായി താരവും അദ്ദേഹത്തിന്റെ പരിചാരകരും അറിയിച്ചതായി സ്പാനിഷ് ദിനപത്രം വ്യക്തമാക്കി.

ലെഫ്റ്റ് ബാക്ക് പൊസിഷനില്‍ കളിച്ചിരുന്ന കാര്‍ലോസ് എക്കാലത്തെയും മികച്ച ആക്രമണാത്മക പ്രതിരോധ താരമായാണ് കണക്കാക്കപ്പെടുന്നത്. അതിവേഗത്തിലുള്ള ഓട്ടവും ഫിസിക്‌സ് നിയമങ്ങളെപ്പോലും വെല്ലുവിളിക്കുന്ന 'ബനാന' ഫ്രീ കിക്കുകളുമാണ് കാർലോസിനെ ലോകപ്രശസ്തനാക്കിയത്.

ബ്രസീലിയൻ ദേശീയ ടീമിനായി 127 മത്സരങ്ങൾ കളിച്ചിട്ടുള്ള കാർലോസ് 11 ഗോളുകൾ നേടിയിട്ടുണ്ട്. റയൽ മാഡ്രിഡിനായി ഉൾപ്പെടെ ക്ലബ്ബ് കരിയറിൽ 584 മത്സരങ്ങൾ കളിച്ച കാർലോസ് 71 ഗോളുകളും നേടിയിട്ടുണ്ട്. 1998-ൽ ബ്രസീലിലൊപ്പം ഫൈനലിലെത്തി, 2002-ൽ ലോകകപ്പ് നേടിയ ടീമുകളിൽ അംഗമായിരുന്നു. 1997-ലും 1999-ലും ബ്രസീലിനെ കോപ്പ അമേരിക്ക കിരീടം നേടാൻ സഹായിച്ചു. കൂടാതെ മാഡ്രിഡിനൊപ്പം മൂന്ന് തവണ ചാമ്പ്യൻസ് ലീഗ് നേടി.

1997-ല്‍ ലിയോണില്‍ നടന്ന ഒരു ടൂര്‍ണമെന്‍റിനിടെ 35 വാരെ അകലെ നിന്ന് കാര്‍ലോസ് എടുത്ത കിക്ക് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രീ കിക്ക് ആയി പലരും കണക്കാക്കുന്നു. 2015-ൽ ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ രണ്ടാം പതിപ്പിൽ ഡൽഹി ഡൈനാമോസിന്‍റെ കളിക്കാരനായിരുന്നു. 2012 ഓഗസ്റ്റിൽ, 39-ാം വയസിലാണ് അദ്ദേഹം ഫുട്‌ബോൾ കരിയർ അവസാനിപ്പിക്കുന്നത്.