'ബ്രിഡ്‌ജ്‌മാൻ ഓഫ് ഇന്ത്യ' - പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

 'ബ്രിഡ്‌ജ്‌മാൻ ഓഫ് ഇന്ത്യ' - പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു

ബംഗളുരു : 'ബ്രിഡ്‌ജ്‌മാൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്ന പത്മശ്രീ ജേതാവ് ഗിരീഷ് ഭരദ്വാജ് അന്തരിച്ചു. കർണാടകയിലെ സുള്ള്യയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 76 വയസായിരുന്നു . ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഭരദ്വാജിനെ കെവിജി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ആരോഗ്യനില തുടരെ വഷളാവുകയായിരുന്നു.

എഞ്ചിനീയറിംഗ് ബിരുദധാരിയായ ഭരദ്വാജ് വൻകിട കമ്പനികളിൽ നിന്നുള്ള ആകർഷകമായ ജോലി വാഗ്‌ദാ നങ്ങൾ നിരസിക്കുകയും ഗ്രാമീണ ജനതയെ ശാക്തീകരിക്കാൻ കഠിനമായി പരിശ്രമിക്കുകയും ചെയ്‌ത മനുഷ്യനാണ്. ഗ്രാമീണ ജനതയുടെ ജീവിതത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ പ്രശസ്‌തനായ ഒരു അപൂർവ വിദഗ്ദ്ധനായിരുന്നു അദ്ദേഹം.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഘലയിൽ നദികളും കനാലുകളും മുറിച്ചുകടക്കാൻ ജനങ്ങൾക്ക് നീന്തുകയോ ബോട്ടുകൾ ഉപയോഗിക്കുകയോ അല്ലാതെ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ, മുഖ്യധാരയിൽ നിന്ന് ഒറ്റപ്പെട്ട നൂറുകണക്കിന് ഗ്രാമങ്ങളെ ബന്ധിപ്പിക്കാൻ ഭരദ്വാജ് കഠിനമായി പ്രവർത്തിച്ചു.

തൂക്കിയി നടപ്പാലങ്ങളുടെ രൂപകൽപ്പനയും നിർമ്മാണവും അദ്ദേഹം സാധരണക്കാർക്ക് വേണ്ടി കൊണ്ടുവന്നു. ജലസംഭരണികൾക്ക് കുറുകെ വലിയ കോൺക്രീറ്റ് ഘടനകൾ നിർമ്മിക്കുന്നതിനുപകരം വിവിധ സർക്കാരുകൾക്ക് പണം ലാഭിക്കാൻ ഭരദ്വാജിൻ്റെ രൂപകൽപ്പനയും നിർവ്വഹണവും സഹായിച്ചിരുന്നു.

ഗ്രാമീണ മേഖലകളിൽ വളരെ കുറഞ്ഞ ചെലവിൽ, തദ്ദേശീയ വസ്‌തുക്കൾ ഉപയോഗിച്ച് എളുപ്പത്തിൽ നിർമ്മിക്കാൻ കഴിയുന്ന പരിസ്ഥിതി സൗഹൃദ തൂക്കുപാലങ്ങൾ രൂപകൽപ്പന ചെയ്‌തുകൊണ്ട് അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങൾ രാജ്യത്തുടനീളം ഒരു വിപ്ലവം സൃഷ്‌ടിക്കുകയായിരുന്നു.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദം പൂർത്തിയാക്കിയ ശേഷം, ഭരദ്വാജ് തൻ്റെ പിതാവിനൊപ്പം സുള്ള്യയിൽ അവരുടെ സ്വപ്‌നങ്ങൾ കെട്ടിപ്പടുക്കാനായി ഒരു ചെറിയ വർക്ക്‌ഷോപ്പ് ആരംഭിച്ചു. രസകരമെന്നു പറയട്ടെ, അദ്ദേഹത്തിൻ്റെ എഞ്ചിനീയറിംഗ് പരിജ്ഞാനം ഇരുമ്പ് പണികളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഒന്നായിരുന്നില്ല എന്നതിൻ്റെ തെളിവായിരുന്നു ചുറ്റുപാടുകളെക്കുറിച്ചുള്ള അദ്ദേഹത്തിൻ്റെ ബോധം. അടിസ്ഥാന സൗകര്യങ്ങൾ എത്തിയിട്ടില്ലാത്ത സമൂഹങ്ങളോട് എക്കാലവും ആ മനുഷ്യൻ നീതി പുലർത്തി. ഗ്രാമീണരെ പരസ്‌പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന ഗതാഗത മാർഗങ്ങളെ കുറിച്ച് അദ്ദേഹം ചിന്തിച്ചു.കനത്ത മഴക്കാലത്ത് നദികൾ ഒഴുകിപ്പോകാതിരിക്കാനും, അതിലൂടെ പഠനം നിർത്താൻ നിർബന്ധിതരാകുകയോ സ്കൂളിൽ ചേരാൻ കഴിയാതെ വരികയോ ചെയ്യുന്ന കുട്ടികളുടെ ദുരവസ്ഥ നേരിടാനുമായി , അടിസ്ഥാന പാലങ്ങൾ നിർമ്മിക്കുന്നതിനുള്ള തൻ്റെ ആശയങ്ങൾ അദ്ദേഹം ഫലപ്രദമായി ഉപയോഗിച്ചു.

1989-ൽ സുള്ള്യയിലെ അരമ്പൂരിൽ പയസ്വിനി നദിക്ക് കുറുകെ നിർമ്മിച്ച തൻ്റെ ആദ്യത്തെ തൂക്കുപാലം നിർമ്മിക്കാനുള്ള പരീക്ഷണം ഭരദ്വാജ് സ്വയം ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവായിരുന്നു അത്. പ്രാദേശികമായി നിർമ്മിച്ച വസ്‌തുക്കളും പരിമിതമായ ബജറ്റും ഉപയോഗിച്ചാണ് അദ്ദേഹം ആ പാലം നിർമ്മിച്ചത്.കർണാടക, കേരളം, ആന്ധ്രാപ്രദേശ്, ഒഡിഷ എന്നിവിടങ്ങളിലായി 300-ലധികം തൂക്കുപാലങ്ങൾ നിർമ്മിച്ച ഭരദ്വാജിന് ആദ്യത്തെ പാലം ഒരു തുടക്കം മാത്രമായിരുന്നു. ഈ വിജയത്തോടെ, അദ്ദേഹം 'ഇന്ത്യയുടെ ബ്രിജ് മാൻ എന്നറിയപ്പെടാൻ തുടങ്ങി.

കോൺക്രീറ്റ് പാലങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, അദ്ദേഹത്തിൻ്റെ തൂക്കുപാലങ്ങൾ വളരെ കുറഞ്ഞ ചെലവിലാണ് നിർമ്മിച്ചത്. ഒരു പാലം നിർമ്മിക്കുമ്പോൾ പ്രധാന ഘടകങ്ങളിൽ ഒന്നായി, പാലം നിർമ്മിക്കുന്ന ഗ്രാമങ്ങളിലെ ആളുകളെ അദ്ദേഹം കൂട്ടിച്ചേർക്കും. തുടർന്ന് സ്വമേധയാ ഉള്ള അധ്വാന സംഭാവനയായ ' ശ്രമദാൻ ' എന്ന പ്രവൃത്തിയിലൂടെ അദ്ദേഹം തൊഴിലാളികളോടൊപ്പം ഗ്രാമീണരെയും ഉൾപ്പെടുത്തി പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോയി. ഇതിലൂടെ പാലം തങ്ങളുടേതാണെന്ന ഉടമസ്ഥാവകാശബോധം ഗ്രാമീണർക്ക് അനുഭവപ്പെട്ടു.

അവാർഡുകളും ബഹുമതികളും

കർണാടകയിലെ മികച്ച യുവതാരം (1988), ഹോം ഗാർഡുകളിലെ സേവനത്തിനുള്ള രണ്ട് സ്വർണ്ണ മെഡലുകൾ, സർ എം. വിശ്വേശ്വരയ്യ അവാർഡ്, ജില്ലാ രാജ്യോത്സവ അവാർഡ്, സിഎൻഎൻ ഐബിഎൻ ചാനലിന്റെ 'ബി ദി ചേഞ്ച്' സിജെ അവാർഡ്, റോട്ടറി ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 3140 ന്റെ "പീസ് ത്രൂ സർവീസസ്" അവാർഡ്, സുവർണ മീഡിയ നെറ്റ്‌വർക്കിന്റെ 'അസാമന്യ കന്നഡിഗ' തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ നിസ്വാർത്ഥ സാമൂഹിക സേവനത്തിനുള്ള അംഗീകാരമായി, 2017 ൽ ഇന്ത്യാ ഗവൺമെൻ്റ് രാജ്യത്തെ നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു. മൈസൂർ സർവകലാശാല ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ അദ്ദേഹത്തിന് ഓണററി ഡോക്ടറേറ്റുകൾ നൽകി ആദരിച്ചു.

ഇന്ത്യയിലെ ബ്രിജ് മാൻ എന്നറിയപ്പെടുന്ന ഭരദ്വാജിൻ്റെ ജീവിതം സിനിമയാക്കുമെന്ന്  പ്രശസ്ത സംവിധായകനും നിർമ്മാതാവുമായ സന്തോഷ് കോഡെങ്കേരി പ്രഖ്യാപിച്ചു. രാജ്യത്തുടനീളമുള്ള വിദൂര ഗ്രാമങ്ങളിലായി 139 പാലങ്ങൾ നിർമ്മിച്ചു എന്നതാണ് സിനിമയുടെ കഥാതന്തു. ഈ ചിത്രം ഹിന്ദി, കന്നഡ ഭാഷകളിലായിരിക്കുമെന്ന് പുറത്തിറങ്ങുന്നത്.