രാജി പ്രഖ്യാപിച്ച് ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്.

രാജി പ്രഖ്യാപിച്ച്  ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്.

സോഫിയ: രണ്ടാം തവണയിലെ അധികാര തുടർച്ചയ്ക്ക് ശേഷം രാജി പ്രഖ്യാപിച്ച് ഇടതുപക്ഷ ചായ്‌വുള്ള ബൾഗേറിയൻ പ്രസിഡൻ്റ് റുമെൻ ജോർജിയെവ് റാഡെവ്. കോടതിയിൽ തൻ്റെ രാജി ഔദ്യോഗികമായി സമർപ്പിക്കുമെന്ന് റുമെൻ റാഡെവ്  അറിയിച്ചു. പ്രസിഡൻ്റ് സ്ഥാനം രാജിവച്ച് ഒഴിയുന്നതോടെ വൈസ് പ്രസിഡൻ്റായ ഇലിയാന യോട്ടോവ സ്ഥാനം ഏറ്റെടുക്കുമെന്ന് ഔദ്യോഗിക വൃത്തം അറിയിച്ചു.മാതൃരാജ്യത്തിൻ്റെ ഭാവിക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്ന് റുമെൻ റാഡെവ് പറഞ്ഞു.

"അർഹതയുള്ളവരും പ്രചോദിതരുമായ എല്ലാവരുമായും ഒരുമിച്ച് നിന്ന് രാജ്യത്തെ പ്രതിസന്ധികൾ നേരിടുമെന്ന് ഞാൻ വിശ്വസിക്കുന്നു. നമ്മൾ തയാറാണ്. നമുക്ക് വിജയിക്കാനാകും" റുമെൻ റാഡെവ് കൂട്ടിച്ചേർത്തു. രാജിക്ക് ശേഷം വരാനിരിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് റുമെൻ റാഡേവിൻ്റെ പുതിയ പാർട്ടിയുടെ രൂപീകരണ പ്രഖ്യാപനം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ബൾഗേറിയൻ ജനങ്ങൾ.ഇടത് -വലത് പക്ഷങ്ങളിലുള്ള എല്ലാ ജനാധിപത്യവാദികളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു പാർട്ടിയുടെ ആവശ്യകതയുണ്ടെന്ന് റുമെൻ റാഡെവ് പറഞ്ഞു. നീതിയുക്തമായ തെരഞ്ഞെടുപ്പുകളും ജനാധിപത്യപരവും സ്വതന്ത്രവുമായ വികസനവും ആവശ്യമാണെന്നും റുമെൻ റാഡെവ് കൂട്ടിച്ചേർത്തു.കമ്മ്യൂണിസ്റ്റാനന്തര രാജ്യമായ ബൾഗേറിയയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു രാഷ്‌ട്ര തലവൻ രാജിവയ്‌ക്കുന്നതെന്ന് രാഷ്‌ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നു